വലയുകളെല്ലാം നികത്തി വഴിയും കെട്ടിടവുമാക്കി; വേനൽമഴയിൽ പോലും വെള്ളക്കെട്ട്

Mail This Article
ഏനാത്ത് ∙കവലയിൽ വെള്ളം ഒഴുകി പോകേണ്ട മാർഗങ്ങൾ അടഞ്ഞ നിലയിൽ. ചെറിയ മഴയിലും റോഡുകൾ വെള്ളത്തിൽ മുങ്ങുന്നു. മണ്ണടി, പട്ടാഴി റോഡുകളിലാണ് കൂടുതൽ വെള്ളക്കെട്ട്. അടൂർ റോഡിലും വെള്ളക്കെട്ട് പതിവാണ്. വെള്ളം ഒഴുകി പോകേണ്ട മാർഗങ്ങളെല്ലാം മണ്ണു മൂടിയതു കാരണമാണ് കവലയിൽ വെള്ളം കെട്ടിനിൽക്കുന്നത്.പട്ടാഴി റോഡിൽ മുൻപ് 40 ലക്ഷം രൂപ ചെലവിട്ട് കലുങ്ക് നിർമിച്ചെങ്കിലും വെള്ളക്കെട്ടിന് പരിഹാരമായില്ല. ഏഴംകുളം റോഡിൽ നിന്നുള്ള വെള്ളവും പട്ടാഴി റോഡിലൂടെ നിരന്നൊഴുകും. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോഡ് വെള്ളത്തിൽ മുങ്ങിയതോടെ കച്ചവടക്കാരും പ്രയാസം നേരിട്ടു. മഴ മാറും വരെ കടകളിൽ പ്രവേശിക്കാനും തിരിച്ചിറങ്ങാനും കഴിയാത്ത അവസ്ഥയാണ് മണ്ണടി റോഡിൽ ഓട അടഞ്ഞ നിലയിലാണ്. മഴ ശക്തമാകുമ്പോൾ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ വെള്ളക്കെട്ട് പതിവാണ്. വെള്ളം ഒഴുകി പോകേണ്ട ഇടങ്ങളൊക്കെ മൺ മറഞ്ഞു. അനധികൃത നിർമാണവും നിലം മണ്ണിട്ട് നികത്തിയതും കവലയെ വെള്ളക്കെട്ടിലാക്കി.