അപകടം പതിവ്; റോഡരികിൽ ഇടിതാങ്ങി ആവശ്യപ്പെട്ട് ജനം

Mail This Article
പെരുമ്പെട്ടി ∙ അപകട മേഖലയിൽ ഇടിതാങ്ങി (ക്രാഷ് ബാരിയർ) സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചാലാപ്പള്ളി – കോട്ടാങ്ങൽ റോഡിൽ കീച്ചേരിപ്പടിക്ക് സമീപമാണ് അപകടം പതിവാകുന്നതായി പരാതി ഉയരുന്നത്. ഇവിടെ പാതയോരം ചേർന്ന് 7 മുതൽ 12 അടി വരെ താഴ്ചയിലാണ് തോട് ഒഴുകുന്നത്. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം പാതയോരത്തെ സ്വകാര്യ പുരയിടത്തിലേക്കുള്ള പാലത്തിന്റെ കൈവരിയിൽ ഇടിചുമറിഞ്ഞ് യാത്രികനു പരുക്കേറ്റിരുന്നു. 4 വർഷത്തിനിടയിൽ ചെറുതും വലുതുമായ 18 അപകടങ്ങളാണ് ഇവിടെ നടന്നത്. സ്വകാര്യ, കെഎസ്ആർടിസി ബസുകളും ഭാരവാഹനങ്ങളും ഇടതടവില്ലാത്ത സഞ്ചരിക്കുന്ന ഇവിടെ ഇരുചക്ര കാൽനടയാത്രികർ ആശങ്കയോടെയാണു കടന്നുപോകുന്നത്. 36.5 കോടി രൂപ ചെലവിൽ ഈ പാത ഉന്നത നിലവാരത്തിൽ നവീകരിച്ചപ്പോൾ ഇവിടെ ഇടിതാങ്ങി സ്ഥാപിക്കണമെന്ന ആവശ്യമുയർന്നെങ്കിലും അപകട സൂചനയായി അധികൃതർ പ്രതിബിംബ തൂണുകൾ മാത്രമാണ് സ്ഥാപിച്ചത്. അതിൽ പകുതിയിലധികവും നാശോന്മുഖമാണ്. ദുരന്ത സാധ്യത ഒഴിവാക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.