ആനിക്കാട് പഞ്ചായത്ത് പ്രദേശത്ത് വീശിയടിച്ച് കനത്ത കാറ്റ്: മരം വീണ് വീടുകൾക്ക് നാശം

Mail This Article
ആനിക്കാട് ∙ പഞ്ചായത്ത് പ്രദേശത്ത് വീശിയടിച്ച കാറ്റിൽ മരം വീണ് വീടുകൾക്ക് നാശം. വൈദ്യുതത്തൂണുകളും തകർന്നു. ഇന്നലെ വൈകുന്നേരം പെയ്ത മഴയോടൊപ്പമാണ് കാറ്റ് വീശിയടിച്ചത്. പുന്നവേലി മതിലുങ്കൽ സാജുവിന്റെ വീടിനു മുകളിൽ പ്ലാവ് വീണ് കേടുപാടുകൾ സംഭവിച്ചു. പുന്നവേലി പ്ലാക്കൽ കിഷോറിന്റെ വീടിന്റെ മേൽക്കൂരയിലേക്കു മര ശിഖരം വീണു.

പിടന്നപ്ലാവിലെ ബഷീർ സ്റ്റോഴ്സിന്റെ മുകളിൽ മരം കടപുഴകി വീണു. പുന്നവേലി പുതൂർ പുത്തൻപള്ളി ജമാഅത്തിനോടു ചേർന്നുള്ള മോട്ടർപുരയുടെ മേൽക്കൂരയിലെ ഷീറ്റ് കാറ്റിൽ പറന്നുപോയി. കുളത്തൂർമൂഴി–നെടുങ്കുന്നം, പിടന്നപ്ലാവ്–മുളയംവേലി എന്നീ റോഡുകളിലും ഗ്രാമീണ റോഡുകളും മരം വീണ് ഗതാഗതം തടസപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ മരങ്ങൾ വെട്ടി മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. വൈദ്യുത കമ്പികളിൽ മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതത്തൂണുകളും തകർന്നു.

കാവനാൽകടവ്, മുറ്റത്തുമാവ്, പുളിക്കാമല, തേക്കട എന്നിവിടങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായിട്ടുള്ളത്. ഒട്ടേറെ വൈദ്യുതത്തൂണുകൾക്കു കേടുപാടുകൾ സംഭവിച്ചതിനാൽ വൈദ്യുതിബന്ധം പൂർണമായും പുനഃസ്ഥാപിക്കാനായിട്ടില്ല. കുളത്തുങ്കൽ കവലയിലും വൈദ്യുത കമ്പികളിൽ മരം വീണിട്ടുണ്ട്.