ആശാപ്രവർത്തകർക്ക് മാസം 2000 രൂപ; വെച്ചൂച്ചിറ പഞ്ചായത്തിന്റെ തീരുമാനത്തിന് കയ്യടി
Mail This Article
വെച്ചൂച്ചിറ ∙ സംസ്ഥാനത്തെ ആശാ പ്രവർത്തകർ അവകാശങ്ങൾക്കുവേണ്ടി പോരാടുമ്പോൾ, അവർക്ക് സഹായം നൽകി മാതൃകയാവുകയാണ് യുഡിഎഫ് ഭരിക്കുന്ന വെച്ചൂച്ചിറ പഞ്ചായത്ത്. പഞ്ചായത്ത് ബജറ്റിൽ ആശാ പ്രവർത്തകർക്ക് മാസം 2,000 രൂപ അധികം നൽകാൻ എടുത്ത തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് ഒട്ടേറെപ്പേർ രംഗത്തെത്തിയിട്ടുണ്ട്. 5 ലക്ഷം രൂപയാണ് ആശ പ്രവർത്തകരുടെ ക്ഷേമത്തിനായി നീക്കിവച്ചിരിക്കുന്നത്.
പഞ്ചായത്തിലെ 15 വാർഡുകളിലായി 15 ആശ പ്രവർത്തകരാണുള്ളത്. 7,000 രൂപയാണ് സർക്കാർ ഓണറേറിയമായി നൽകുന്നത്. അതുതന്നെ പൂർണമായി ലഭിക്കാറില്ല. ഇതിനു പുറമേയാണ് പഞ്ചായത്തിന്റെ വിഹിതമായി 2,000 രൂപ നൽകാൻ തീരുമാനിച്ചത്. അവർക്ക് ഇൻഷുറൻസ് ഏർപ്പെടുത്താനും 2 ജോടി യൂണിഫോം നൽകാനും നീക്കിവച്ചതിൽനിന്നു തുക ചെലവഴിക്കും. ഇതു നടപ്പാക്കണമെങ്കിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ ആസൂത്രണസമിതിയുടെ (ഡിപിസി) അംഗീകാരം നേടണം. പഞ്ചായത്തിന്റെ ഫണ്ട് ചെലവഴിക്കുന്നതിനാൽ ഡിപിസിയുടെ എതിർപ്പുണ്ടാകില്ലെന്നാണ് പഞ്ചായത്ത് അംഗങ്ങളുടെ പ്രതീക്ഷ. എല്ലാ പഞ്ചായത്തുകൾക്കുമായി സർക്കാരിന് ഉത്തരവു നൽകാനുമാകും.
കോവിഡ് കാലത്ത് മികച്ച പ്രവർത്തനം നടത്തിയ ആശ പ്രവർത്തകരുടെ നിശ്ചയദാർഢ്യം കണ്ടാണ് പഞ്ചായത്ത് തനതു ഫണ്ടിൽ നിന്നു തുക നീക്കിവച്ചതെന്നും ഇത്തരത്തിൽ ഒരു പ്രോജക്ട് സംസ്ഥാനത്തുതന്നെ ആദ്യമായതിനാൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അനുമതിയോടെ നടപ്പാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് പറഞ്ഞു. പഞ്ചായത്തിലെ എല്ലാ ആശ പ്രവർത്തകരും രാഷ്ട്രീയഭേദമേന്യ ഇതു സ്വാഗതം ചെയ്യുന്നെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കണ്ണുകൾ തുറക്കാൻ തീരുമാനത്തിനു കഴിയണമെന്നും ആശ പ്രവർത്തക ഷേർളി മാത്യു പറഞ്ഞു.