വിനോദകേന്ദ്രമാവാൻ കീച്ചേരിവാൽക്കടവ്; പദ്ധതിക്ക് നേതൃത്വം നൽകാൻ ജില്ലാ പഞ്ചായത്ത്

Mail This Article
കടപ്ര ∙ പമ്പാ മണിമല നദീസംഗമ വേദിയായ കീച്ചേരിവാൽ കടവ് കായിക, സാഹസിക, വിശ്രമ കേന്ദ്രമാകാൻ ഒരുങ്ങുന്നു. കടപ്ര പഞ്ചായത്തിലെ നാലാം വാർഡിലാണു കീച്ചേരി വാൽക്കടവ്. നിലവിലുള്ള ബലിതർപ്പണ പ്രദേശം ഒഴിവാക്കി പദ്ധതി നടപ്പാക്കാനാണു പൊതുവിൽ ഉയർന്ന നിർദേശം. കുട്ടവഞ്ചി സവാരി, കുട്ടികളുടെ പാർക്ക്, ഇരിപ്പിടങ്ങൾ, പ്രഭാത നടത്തത്തിനുള്ള സൗകര്യം, ഷട്ടിൽ, വോളിബോൾ കോർട്ടുകൾ, സാഹസിക വിനോദത്തിനായി റോപ് വേ എന്നിവ സജ്ജീകരിക്കാനാണു നിർദേശം.സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യമുയർന്നു.
കീച്ചേരിവാൽക്കടവ് കർക്കിടക വാവു ബലിതർപ്പണത്തിനു പ്രശസ്തമാണ്. ഇവിടെ നിന്ന് ഒന്നര കിലോമീറ്റർ താഴെയുള്ള പമ്പയാറ്റിലേക്കു പണ്ട് നിർമിച്ച പുത്തനാർ ഇപ്പോൾ നീരൊഴുക്കില്ലാതെ പുല്ലു വളർന്നു കിടക്കുകയാണ്. പുല്ലു നീക്കം ചെയ്ത് ആഴം കൂട്ടിയാൽ കുട്ടവഞ്ചി സവാരിക്ക് ഉപയോഗിക്കാൻ കഴിയും. പുത്തനാറിന്റെ തീരത്തുകൂടി നടപ്പാത നിർമിച്ചാൽ പ്രഭാത, സായാഹ്ന സവാരിക്കാർക്ക് ഏറെ പ്രയോജനമാകും.
പുത്തനാർ പമ്പയാറ്റിൽ എത്തിച്ചേരുന്ന ഭാഗത്താണ് ഉപദേശിക്കടവ് പാലം നിർമാണം പൂർത്തിയാകുന്നത്. ഇവിടെ പാലത്തിന്റെ സമീപന പാതയ്ക്കിരുവശവും ഒന്നരയേക്കറോളം പുറമ്പോക്കു സ്ഥലത്ത് കുട്ടികളുടെ പാർക്ക് നിർമിക്കണമെന്ന ആവശ്യവുമുണ്ട്. അതോടൊപ്പം പുത്തനാറിന്റെ മുകളിൽ റോപ് വേ സാഹസിക യാത്ര നടത്താനുള്ള സൗകര്യം ഏർപ്പെടുത്താനും സാധിക്കും.
ജില്ലാ പഞ്ചായത്ത് നേതൃത്വം നൽകുന്ന പദ്ധതിയുടെ ആലോചനായോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അനു അധ്യക്ഷത വഹിച്ചു. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ, അംഗം കെ.ചന്ദ്രലേഖ, പഞ്ചായത്തംഗം വി.അഞ്ജുഷ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ ഏബ്രഹാം, വിജി നൈനാൻ, ജിനു തുമ്പുംകുഴി, അരുന്ധതി അശോക്, വിശാഖ് വെൺപാല, രാജലക്ഷ്മി, ലിജി ആർ.പണിക്കർ, മുൻ ജില്ലാ പഞ്ചായത്തംഗം സജി അലക്സ്, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ജോസ്, അസിസ്റ്റന്റ് എൻജിനീയർ രേഷ്മ എന്നിവർ പ്രസംഗിച്ചു.