സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ; കോൺ. മാർച്ചിൽ പലയിടത്തും സംഘർഷം

Mail This Article
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാനത്തുടനീളം കലക്ടറേറ്റ് മാർച്ച് നടത്തി. പലയിടത്തും പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. കൊല്ലത്ത് കോൺഗ്രസും ആർവൈഎഫും കലക്‌ടറേറ്റിലേക്കു നടത്തിയ മാർച്ചിൽ 2 പൊലീസ് ഉദ്യോഗസ്ഥർക്കും 5 പ്രവർത്തകർക്കും പരുക്കേറ്റു. കോൺഗ്രസ് മാർച്ച് കെ.മുരളീധരൻ എംപിയും ആർവൈഎഫ് മാർച്ച് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹനും ഉദ്ഘാടനം ചെയ്തു.
കോട്ടയം കലക്ടറേറ്റിലേക്കു കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനിടയിൽ പൊലീസിനു നേരെ കല്ലേറുണ്ടായതോടെ ജലപീരങ്കി പ്രയോഗിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഇടപെട്ട് പൊലീസുമായി സംസാരിച്ച് ജലപീരങ്കി സ്ഥലത്തു നിന്നു മാറ്റി.ആലപ്പുഴയിൽ ഡിസിസി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ ബാരിക്കേഡിനു മുകളിൽ കയറിയ പ്രവർത്തകനെ പൊലീസ് തള്ളി താഴെ ഇറക്കി.
കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറി പ്രതിഷേധിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉൾപ്പെടെ 26 നേതാക്കൾക്ക് എതിരെയും കണ്ടാലറിയാവുന്ന നാനൂറോളം പ്രവർത്തകർക്കെതിരെയും കേസെടുത്തു.ഡിസിസിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ കാസർകോട് കലക്ടറേറ്റ് വളപ്പിലേക്കെറിഞ്ഞ ബിരിയാണി ചെമ്പ് വിട്ടുകിട്ടാൻ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.
സ്വപ്നയുടെ മൊഴി ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം: സതീശൻ
സ്വർണ കള്ളക്കടത്തു കേസ് പ്രതി സ്വപ്ന നൽകിയ കുറ്റസമ്മത മൊഴിക്കെതിരെ മുഖ്യമന്ത്രിയും സിപിഎമ്മും കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ടാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരു കേന്ദ്ര ഏജൻസിയെയും യുഡിഎഫിനു വിശ്വാസമില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം. മൊഴി തെറ്റാണെന്നു തെളിഞ്ഞാൽ സ്വപ്നയെ 7 വർഷത്തേക്കു ശിക്ഷിക്കും. എന്നിട്ടും കോടതിയിൽ പോകാത്തത് എന്തുകൊണ്ടാണ് ? മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ അപകീർത്തികരമായ ആരോപണം വന്നാൽ സെഷൻസ് കോടതിയെ സമീപിക്കാം.
അതിനും തയാറായില്ല. ഇതൊന്നും ചെയ്യാതെയാണു സ്വപ്നയ്ക്ക് എതിരെ, കോടതിയുടെ വരാന്തയിൽ പോലും നിൽക്കാത്ത കേസ് ചുമത്തി എഡിജിപിയെ അന്വേഷണം ഏൽപിച്ചിരിക്കുന്നത്. ഒത്തുതീർപ്പിനു സമീപിച്ചെന്നു സ്വപ്ന പറയുന്ന മുൻ മാധ്യമ പ്രവർത്തകൻ പൊലീസ് വിട്ട ഇടനിലക്കാരൻ ആയിരുന്നോ? അവർ സത്യം തുറന്നു പറയാതിരിക്കാൻ വേണ്ടിയാണോ പഴയ മാധ്യമ പ്രവർത്തകനെ പൊലീസ് വിട്ടത് ? ഇവയ്ക്ക് ഉത്തരം പറയാതെ പ്രതിപക്ഷത്തിന്റെ പാപ്പരത്തമെന്നു കോടിയേരി പറഞ്ഞിട്ടു കാര്യമില്ല. ഇടനിലക്കാരനെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയാറായിട്ടില്ല.
മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ചില ഏജൻസികൾ വഴി പണമിടപാട് ഉണ്ടെന്ന് അയാൾ പറഞ്ഞിട്ടും പൊലീസ് അനങ്ങുന്നില്ല.രഹസ്യ മൊഴി സംബന്ധിച്ച് അന്വേഷണം നടത്താനും മുഖ്യമന്ത്രി പദത്തിൽ നിന്നു മാറി നിൽക്കാനും പിണറായി തയാറാകണം. നേരത്തെ ആരോപണം ഉണ്ടായിട്ടും എന്തുകൊണ്ടാണു കേന്ദ്ര ഏജൻസികൾ അന്വേഷിക്കാത്തതെന്നു ബി.ജെ.പി നേതാക്കൾ വിശദീകരിക്കണം–അദ്ദേഹം പറഞ്ഞു
കേരളം ഭരിക്കുന്നത് മാഫിയ സംഘങ്ങൾ:കെ.സുധാകരൻ
മുഖ്യമന്ത്രിക്കു വേണ്ടി ഇടനിലക്കാരനായി എത്തിയെന്ന് പറയപ്പെടുന്ന ഷാജ് കിരണും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയും തമ്മിലെ ശബ്ദസന്ദേശം പുറത്തുവന്ന സാഹചര്യത്തിൽ കേരളം ഭരിക്കുന്നത് മാഫിയ സംഘങ്ങളും ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്നത് ബ്രോക്കർമാരും ആണെന്നു വ്യക്തമായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.സിപിഎം നേതാക്കളുടെയും കള്ളപ്പണ ഇടപാടുകാരുടെയും ഭൂമാഫിയയുടെയും രഹസ്യ ഇടപാടുകളുടെ ചുരുൾ അഴിയുന്നതാണ് ശബ്ദരേഖയിലെ ഭാഗങ്ങൾ. കോടതിയുടെ മേൽനോട്ടത്തിൽ അല്ലാതെ മറ്റൊരു ഏജൻസിയുടെ അന്വേഷണവും സ്വീകാര്യമല്ല.
ശബ്ദ സന്ദേശത്തിൽ മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണനുമായും നല്ല ബന്ധമാണെന്നും അവരുടെ ഫണ്ട് വിദേശത്തേക്ക് അയയ്ക്കുന്നതിന്റെ വഴി അറിയാമെന്നും ഇടനിലക്കാരൻ വെളിപ്പെടുത്തുന്നു. രണ്ടു പേരുടെയും വിദേശയാത്രകൾ പോലും ഇതോടെ സംശയത്തിന്റെ നിഴലിലാണെന്നു സുധാകരൻ പറഞ്ഞു.
മാർച്ചിനു മുൻപേ കെ.സുധാകരന് നോട്ടിസ്
ഡിസിസിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ കണ്ണൂർ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരനു പൊലീസ് നോട്ടിസ് നൽകി. മാർച്ചിൽ, പൊലീസിനു നേരെ കല്ലേറും കുപ്പിയേറുമുണ്ടാകാൻ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചെന്നും അക്രമമുണ്ടായാൽ ഉദ്ഘാടകൻ എന്ന നിലയിൽ ഉത്തരവാദിയായിരിക്കുമെന്നും കർശന നടപടിയെടുക്കുമെന്നും കാണിച്ചാണു നോട്ടിസ് നൽകിയത്. അക്രമം നടക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നും സിറ്റി എസിപി നൽകിയ നോട്ടിസിൽ പറയുന്നു.
മാർച്ച് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു ഡിസിസി അറിയിച്ചിരുന്നതെങ്കിലും തിരുവനന്തപുരത്തായിരുന്നതിനാൽ അദ്ദേഹം എത്തിയിരുന്നില്ല.പ്രതിഷേധ പ്രകടനങ്ങളിൽ അക്രമമുണ്ടാകുന്നതു തടയാൻ ക്രിമിനൽ നടപടിച്ചട്ടത്തിലെ 149–ാം വകുപ്പു പ്രകാരമാണു നോട്ടിസെന്നും പാർട്ടികളുടെ ഭാരവാഹികൾക്കും മറ്റും ഇപ്പോൾ പതിവായി ഇത്തരം നോട്ടിസുകൾ നൽകാറുണ്ടന്നും പൊലീസ് അറിയിച്ചു.
യൂത്ത് ലീഗ് പ്രതിഷേധം നാളെ
സ്വർണക്കടത്ത് കേസിൽ ഗുരുതര ആരോപണങ്ങൾ വന്നിട്ടും മറുപടി പറയാതെ ഒളിച്ചു കളിക്കുന്ന മുഖ്യമന്ത്രിക്കെതിരെ നാളെ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിൽ ലുക്ക്ഔട്ട് നോട്ടിസ് ഒട്ടിച്ചു പ്രതിഷേധിക്കുമെന്നു മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് അറിയിച്ചു.