ADVERTISEMENT

വിതുര ∙ താവയ്ക്കൽ പ്രദേശത്തിനു സമീപം റബർ എസ്റ്റേറ്റിനുള്ളിലും പരിസര പ്രദേശത്തും പകൽ സമയത്ത് ഉൾപ്പെടെ ചുറ്റി നടന്നിരുന്ന ഒറ്റയാൻ കാട്ടുപോത്ത് വെള്ളിയാഴ്ച രാത്രി പൊന്മുടി സംസ്ഥാന ഹൈവേയിലെ ചന്തമുക്കിൽ ഇറങ്ങിയത്  ഭീതി പരത്തി. കെപിഎസ്എം ജംക്‌ഷനു സമീപത്തു പ്രമുഖ ഓഡിറ്റോറിയത്തിനു പിൻഭാഗത്തു കണ്ട കാട്ടുപോത്ത് പിന്നീട് അതുവഴി ഹൈവേയിലേക്കു കയറുകയും റോഡിന്റെ അറ്റം ചേർന്നു ചന്തമുക്കിലെത്തി ചന്ത റോഡിലൂടെ താവയ്ക്കൽ ഭാഗത്തേയ്ക്കു പോകുകയും ചെയ്തു. അര മണിക്കൂറോളം കാട്ടുപോത്ത് ഹൈവേ പരിസരത്തുണ്ടായിരുന്നു. ഒരു വർഷത്തിലേറെയായി താവയ്ക്കൽ പരിസരത്തെ റബർ തോട്ടത്തിലാണു കാട്ടുപോത്തിന്റെ സഞ്ചാരം. പകൽ സമയത്തു പോലും ലയങ്ങളുടെയും വീടുകളുടെയും പരിസരത്തു ചുറ്റി നടക്കുന്നതു പതിവാണ്. വാമനപുരം നദി മുറിച്ചു കടന്നു റബർ തോട്ടത്തിലേക്കു ഒന്നര വർഷം മുൻപ് എത്തിയെന്നു കരുതുന്ന കാട്ടുപോത്ത് പിന്നീട് പോയിട്ടില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്.

കാട്ടുപോത്തിനെ കാട് കയറ്റാൻ വനം വകുപ്പ് ശ്രമിച്ചെങ്കിലും നടന്നില്ല. പൊതുവേ ആക്രമണ സ്വഭാവം കാണിക്കുന്നില്ലെങ്കിലും സമീപത്തെ വീടുകളിൽ താമസിക്കുന്നവർക്കും ലയങ്ങളിൽ ഉള്ളവർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. നിലവിലെ സംഭവത്തിൽ കടകളിൽ ചിലതു തുറന്നിരുന്നെങ്കിലും കാര്യമായ ആക്രമണ സ്വഭാവം കാണിക്കാത്തതു തുണയായി.  തേവിയോട്, കുണ്ടയം, താവയ്ക്കൽ മേഖലകളിലും ഈ ഒറ്റയാൻ കാട്ടുപോത്തിന്റെ സഞ്ചാരം പതിവാണ്. കുട്ടികളടക്കം ഇരുപതിലേറെ കാട്ടുപോത്തുകൾ കൂട്ടമായി തേവിയോട് കുണ്ടയത്തിനു സമീപത്തെ റബർ തോട്ടത്തിലൂടെ സ്വൈര വിഹാരം നടത്തിയ സംഭവം കഴിഞ്ഞിട്ട് അധിക കാലമായിട്ടില്ല.

വിഷയത്തിൽ വനം വകുപ്പിന്റെ ഇടപെടൽ ഒട്ടും ആശാവഹമല്ലെന്നാണു നാട്ടുകാരുടെ പരാതി. ഒറ്റയാൻ കാട്ടുപോത്തിനെ തിരിച്ചു കാട് കയറ്റാൻ പറ്റാത്ത സാഹചര്യമാണ്’ എന്നാണു കഴിഞ്ഞ വർ‌ഷം പാലോട് വനം റേഞ്ച് ഓഫിസർ ‘മനോരമ’യോടു പറഞ്ഞത്. ഒറ്റയാൻ പോത്തിനു കാലിനു ചെറിയ പ്രശ്നമുണ്ടെന്നു ഇക്കാരണത്താൽ നദി മുറിച്ചു കടത്തി അക്കരെയുള്ള വനമേഖലയിലേക്കു വിടുന്നത് ശ്രമകരമാണെന്നുമാണ് അന്നു പറഞ്ഞത്. പ്രദേശവാസികളുടെ സുരക്ഷയെ മുൻനിർത്തി പോത്തിനെ കാട് കയറ്റണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com