എംകെകെ നായര്‍ - എഫ്എസിടി പ്രൊഡക്ടിവിറ്റി അവാര്‍ഡ് എച്ച്എല്‍എല്‍ ഫാക്ടറികള്‍ക്ക്

Mail This Article
തിരുവനന്തപുരം ∙ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്‍റെ പേരൂര്‍ക്കട ഫാക്ടറിയ്ക്കും ആക്കുളം ഫാക്ടറിയ്ക്കും 2024-ലെ എംകെകെ നായര്‍ - എഫ്എസിടി പ്രൊഡക്റ്റിവിറ്റി അവാര്‍ഡ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് എച്ച്എല്‍എല്‍. മികച്ച ഉല്‍പാദനക്ഷമത, സുരക്ഷ, പരിസ്ഥിതി, മാനേജ്മെന്‍റ് മികവ്, ഗുണനിലവാരം, ജീവനക്കാരുടെ സംതൃപ്തി എന്നീ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് അവാര്‍ഡ്.
വന്‍കിട വ്യാവസായിക വിഭാഗത്തിലാണ് എച്ച്എല്‍എല്ലിന്‍റെ പേരൂര്‍ക്കട ഫാക്ടറിയ്ക്ക് അവാര്‍ഡ് ലഭിച്ചത്. ഇടത്തരം വിഭാഗത്തിലെ മികച്ച പ്രകടനമാണ് ആക്കുളം ഫാക്ടറിയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. പേരൂര്‍ക്കട ഫാക്ടറിയ്ക്ക് വേണ്ടി എൽ.ജി സ്മിതയും ആക്കുളം ഫാക്ടറിയ്ക്കായി ആർ. മുകുന്ദും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
1966ല്‍ പ്രവര്‍ത്തനം ആരംഭിച്ച പേരൂര്‍ക്കട ഫാക്ടറി പ്രതിവര്‍ഷം 1246 ദശലക്ഷം ഉറകളാണ് ഉത്പാദിപ്പിക്കുന്നത്. നാളിതു വരെ 5290 കോടിയോളം ഗര്‍ഭനിരോധന ഉറകള്‍ കമ്പനി ഉത്പാദിപ്പിച്ചു. എല്ലാ ആഗോള ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഇവിടെ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്. ഈ അടുത്ത കാലത്ത് ഹരിത ഊര്‍ജ സംരക്ഷണത്തിന്‍റെ ഭാഗമായി 1 മെഗാവാട്ട് സോളാര്‍ പ്രോജക്റ്റ് നടപ്പിലാക്കിയിരുന്നു.

1994 ല്‍ ആരംഭിച്ച ആക്കുളം ഫാക്ടറിയില്‍ ബ്ലഡ് ബാഗുകള്‍, കോപ്പര്‍ ടി, സ്യൂച്ചര്‍, എം കപ്പുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉത്പന്നങ്ങളാണ് നിര്‍മിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ എച്ച്എല്‍എല്‍ ബ്ലഡ് ബാഗുകള്‍ക്കാണ് ലഭിച്ചത്.