മലയോരത്ത് ചുഴലിക്കാറ്റ്; വീടുകൾക്ക് നാശം, വ്യാപക മരം വീഴ്ചയും

Mail This Article
പാലോട്∙ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് പെരിങ്ങമ്മല പഞ്ചായത്തിലെ കിഴക്കൻ മലയോര മേഖലയിൽ വീടുകൾ തകരുകയും വ്യാപകമായി മരം വീഴ്ചയിൽ റോഡിൽ മാർഗതടസ്സവും നേരിട്ടു. ബ്രൈമൂർ, ഞാറനീലി, പൊൻമുടി ഒട്ടേറെ വീടുകൾ തകർന്നു. ആളപായമില്ല. വിതുര പൊൻമുടി റോഡിൽ പതിനെട്ടോളം സ്ഥലത്തും മങ്കയം ബ്രൈമൂർ റോഡിൽ ആറിടത്തും മരങ്ങളും കടപുഴകിയും ഒടിഞ്ഞു റോഡിനു കുറുകെ വീണു മണിക്കൂറുകൾ മാർഗതടസ്സമുണ്ടായി. വൈദ്യുതി ബന്ധവും വ്യാപകമായി തകരാറിലായി. ബ്രൈമൂറിൽ മൂന്ന് വീടുകൾക്ക് മുകളിൽ മരങ്ങൾ ഒടിഞ്ഞു വീണു.
വിതുര, പെരിങ്ങമ്മല പഞ്ചായത്ത് അതിർത്തിയിലെ പള്ളിപ്പുര കരിക്കകം ആദിവാസി നഗറിൽ ഭാഗീരഥി അമ്മയുടെ വീടിന്റെ മേൽക്കൂര കാറ്റെടുത്തു. വിതുര ഫയർഫോഴ്സിലെ ഉദ്യോഗസ്ഥർ യുദ്ധകാല അടിസ്ഥാനത്തിൽ മരങ്ങൾ മുറിച്ചു മാറ്റി. സ്റ്റേഷൻ ഓഫിസർ എ.കെ. രാജേന്ദ്രൻ, അസി. സ്റ്റേഷൻ ഓഫിസർ ഹരി, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ സുലൈമാൻ,
സീനിയർ ഫയർ ഓഫിസർ പ്രേംരാജ്, ഫയർ ഓഫിസർമാരായ കുമാർ ലാൽ, പ്രദീഷ്, നിതിൻ അരുൺ, വി. അനൂപ്, വിനീത്, ബിജുകുമാർ, അൽകുമാരദാസ്, എസ്. അനൂപ്, അനൂപ്കുമാർ, നിജു, മോഹനകുമാർ, ഹരികൃഷ്ണൻ, റിയാസ്, പ്രകാശ്, അഖിൽ അടങ്ങുന്ന സംഘമാണ്മാർതടസ്സം നീക്കാൻ നേതൃത്വം നൽകിയത്. കെഎസ്ഇബി അധികൃതരുടെ നേതൃത്വത്തിൽ വൈദ്യുതി ബന്ധവും പുനഃസ്ഥാപിക്കാൻ തീവ്ര ശ്രമം നടക്കുന്നു.
പൊന്മുടിയിൽ പ്രവേശനം നിർത്തി
വിതുര∙ അപകടകരമായ രീതിയിൽ ശക്തമായ കാറ്റ് വീശിയതിനെ തുടർന്ന് പ്രവേശനം താൽക്കാലികമായി നിർത്തി വച്ചതോടെ സഞ്ചാരികളുടെ ആഘാഷാരവങ്ങളില്ലാതെ പൊന്മുടിയിലെ പുതുവർഷ ദിനം കടന്നു പോയി. സമീപ ജില്ലകളിൽ നിന്നു പോലും പൊന്മുടിയിൽ പോകാനായി എത്തിയ പലരും ഇതോടെ നിരാശരായി മടങ്ങി. രണ്ട് ദിവസമായി പൊന്മുടിയിൽ ശക്തമായ കാറ്റ് വീശുന്നുണ്ടായിരുന്നു.
ഇന്നലെ പുലർച്ചെയോടെ കാറ്റ് അപകടകരമാം വിധം ശക്തിയാർജിച്ചു. രാവിലെ ചിലയിടങ്ങളിൽ മരച്ചില്ലകൾ റോഡിനു കുറുകെ വീണതോടെ പ്രവേശനം അനുവദിക്കേണ്ടെന്ന് വനം വകുപ്പ് തീരുമാനിച്ചു. ഇന്നലെ രാവിലെ 9 വരെ എത്തിയവർ പ്രവേശിച്ചിരുന്നു. എന്നാൽ പിന്നീട് വന്നവരെ കയറ്റിയില്ല. ആയിരക്കണക്കിനു പേരാണ് കല്ലാർ ചെക്പോസ്റ്റിൽ എത്തിയ ശേഷം മടങ്ങിയത്. ചിലർ അധികൃതരുമായി വാക്കു തർക്കത്തിലായി. പ്രവേശനം നിർത്തിയതിനു ശേഷം പ്രധാന റോഡിൽ നാലിടത്ത് മരം വീണു. ഇവിടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.