മധുര ചുട്ടെരിച്ച് കേരളത്തിലെത്തിയ കണ്ണകി; ആറ്റുകാൽ ഐതിഹ്യം, ചരിത്രം, കണ്ണകീചരിതം

Mail This Article
തിരുവനന്തപുരം ∙ ഒരു കണ്ണു കൊണ്ടു ശിക്ഷിക്കുകയും മറുകണ്ണു കൊണ്ട് തോറ്റുകയും (രക്ഷിക്കുകയും) ചെയ്യുന്ന കന്യാവിന്റെ കഥയാണ് ആറ്റുകാലമ്മയുടേത്. 10 ദിവസം നീളുന്ന ആറ്റുകാൽ ഉത്സവം ഈ കഥയുടെ ചുവടുപിടിച്ചാണ് മുന്നോട്ടു നീങ്ങുന്നത്. ഉത്സവദിനങ്ങളിൽ തോറ്റംപാട്ടുകാർ ദേവിക്കു മുന്നിലിരുന്ന് പാടുന്നത്, ധർമം സ്ഥാപിച്ചും അധർമം പിഴുതെറിഞ്ഞും മനുഷ്യമനസ്സിൽ തന്റെ പ്രതിഷ്ഠ ഉറപ്പിക്കുന്ന കന്നിയെന്ന കന്യാവിന്റെയും പാലകന്റെയും കഥയാണ്.
ചിലപ്പതികാരം എന്ന കാവ്യത്തിലൂടെ ഇളങ്കോവടികൾ പറഞ്ഞ കണ്ണകിയുടെ കഥയും ഏതാണ്ടിതു തന്നെ. അങ്ങനെ, ആറ്റുകാലിന്റെ ചരിത്രം കണ്ണകിയുടെ ചരിത്രം കൂടിയായി മാറി. മധുര ചുട്ടെരിച്ച് കേരളത്തിലെത്തുന്ന കണ്ണകി, ആറ്റുകാലിൽ വിശ്രമിച്ച് കൊടുങ്ങല്ലൂരിലേക്കു നീങ്ങുകയും അവിടെ തപസ്സനുഷ്ഠിച്ച് ദേവീചൈതന്യവുമായി ലയിച്ചു ചേർന്നുവെന്നുമാണ് ഐതിഹ്യം.
കഥകൾ പറഞ്ഞ് തോറ്റം പാട്ടുകൾ
തോറ്റം പാട്ടുകൾ തെയ്യത്തിന്റെ കഥ കൂടിയാണ്. ഭദ്രകാളിയുടെ പ്രതിരൂപമായ ‘മുടി’ വച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങളിലാണു സാധാരണ തോറ്റം പാട്ട് നടത്താറുള്ളത്. മുടി എന്നത് പ്ലാവിന്റെ തടിയിൽ കൊത്തിവച്ച ഭദ്രകാളീമുഖമാണ്.ഇത് വച്ചാരാധിക്കുന്ന ഇടമാണ് മുടിപ്പുര. മനുഷ്യനായി അവതരിച്ച ദേവന്മാർ, മരണാനന്തരം ദേവതമാരായി മാറിയവർ, മൃഗരൂപികളായ ദൈവങ്ങൾ, ദേവതാരൂപം ധരിച്ച തിര്യക്കുകൾ, സ്വർഗം പൂകിയ ശേഷം ഭൂമിയിലേക്കു തന്നെ ദേവതകളായി വന്നുചേർന്ന പുരാതന കഥാപാത്രങ്ങൾ,
അഗ്നിയിൽനിന്നും പാൽക്കടലിൽനിന്നും വെള്ളത്തിൽനിന്നും വിയർപ്പിൽനിന്നും പൊട്ടി മുളച്ചവർ, യോനീബന്ധമില്ലാത്ത ദിവ്യജന്മങ്ങൾ, ഭദ്രകാളീ-ദാരിക യുദ്ധം, കന്യാവിന്റെയും പാലകന്റെയും കഥ എന്നിങ്ങനെ വൈവിധ്യമായ അനേകം ദേവ പുരാവൃത്തങ്ങൾ തെയ്യത്തോറ്റങ്ങൾ പറയുന്നു. കേരളത്തിലുടനീളമുള്ള കാളീക്ഷേത്രങ്ങളിൽ വ്യത്യാസങ്ങളോടെ ഈ കഥകൾ പാടുന്നു.
കന്യാവിന്റെ ഭർത്താവായ പാലകന്റെ ജനനം മുതലാണ് ആറ്റുകാലിൽ തോറ്റം പാടുന്നത്. വിവാഹം കഴിക്കാൻ താൽപര്യമില്ലാത്ത കന്യാവിനെ പാലകൻ മാല ചാർത്താനെത്തുമ്പോൾ ദേവി അദ്ദേഹത്തെ വട്ടംചുറ്റിക്കുന്ന ഭാഗമൊക്കെ രസകരവും തത്വചിന്താപരവുമാണ്. ശിവപുത്രിയായ ജനിച്ച കാളിക്ക് ഒരു മനുഷ്യൻ ഭർത്താവോ എന്നാണ് കന്നി അച്ഛനോടു ചോദിക്കുന്നത്.
7 തോഴിമാരുടെ അകമ്പടിയോടെ കുളിച്ചുവരുന്ന ദേവിയെ വിവാഹസമയത്ത് മാല വയ്ക്കാൻ സമയമാകുമ്പോൾ കാണുന്നില്ല. നിലവിളക്കിന്റെ ദീപത്തിൽ, താഴികക്കുടത്തിൽ, താമരക്കുളത്തിൽ , കടലിന്റെ തിരയിൽ ഒക്കെ കന്നി ഒളിക്കുന്നു. ഒടുവിൽ വായുവാണ് കന്നിയെ തിരിച്ചുവിളിച്ചുകൊണ്ടു വരുന്നത് .
പാലകനെത്തേടി കന്നിയുടെ യാത്ര
പാലകനെ പാണ്ഡ്യരാജാവ് കൊന്നതിനെത്തുടർന്ന്, ഭർത്താവിനെ അന്വേഷിച്ചിറങ്ങുന്ന കന്നി, ആ യാത്രയിലുടനീളം തന്നോടു കരുണ കാണിച്ചവർക്കും പുറംതിരിഞ്ഞു നിന്നവർക്കും വരങ്ങൾ നൽകിയാണ് കടന്നുപോകുന്നത്. ഒരു വൃദ്ധയുടെ വേഷം ധരിച്ച കന്നി,
പാലകനെ കണ്ടോ എന്നു ചോദിക്കുമ്പോൾ ‘മാവ്’ ആ ചോദ്യം ഗൗനിക്കുന്നില്ല. നിന്റെ തടി കൊണ്ട് തോണിയുണ്ടാക്കുമെന്നും രാജാവ് കയറുമ്പോൾ അത് പള്ളിത്തോണിയാകുകയും ചാമ്പൽ കയറ്റുമ്പോൾ വെറും ചാമ്പത്തോണിയായി മാറുമെന്നും ദേവി വരം നൽകുന്നു. മാവിന്റെ തടി അന്ത്യകർമങ്ങൾക്കേ ഉപയോഗിക്കൂ എന്നും പറയുന്നു. അമ്പലപ്രാവുകൾ വഴി പറഞ്ഞുകൊടുക്കുന്നു. അതുകൊണ്ട് ക്ഷേത്രത്തിൽ ശീവേലി എടുക്കുമ്പോൾ കിട്ടുന്ന ചോറ് നിങ്ങൾക്ക് അവകാശപ്പെട്ടതാണെന്നു വരം നൽകുന്നു.
വരിക്കപ്ലാവിനോടു ചോദിക്കുമ്പോൾ, അത് ഇലകൾ പൊഴിച്ച് കന്നിയുടെ ദുഃഖത്തിൽ പങ്കുചേരുന്നു. അതുകൊണ്ടാണ് വരിക്കപ്ലാവിന്റെ തടിയിലായിരിക്കണം തന്റെ തിരുമുടി പണിയേണ്ടതെന്നും എങ്കിൽ മാത്രമേ മുടിയിൽ തന്റെ സാന്നിധ്യമുണ്ടാവൂ എന്നും വരം നൽകുന്നത്. എല്ലാ മംഗളകർമത്തിനും വരിക്കപ്ലാവിന്റെ തടി എടുക്കാമെന്നും പറയുന്നു. പൂവാലിപ്പശു കന്നിയുടെ ദുഃഖം കണ്ടഭാവം വയ്ക്കാതെ പുറംതിരിഞ്ഞു നിന്നു. അതിനാൽ പൂവാലിയുടെ പിൻഭാഗമേ കണികാണാൻ കൊള്ളാവു എന്നാണു വരം നൽകുന്നത്. ചൂണ്ടയിട്ടു കൊണ്ടിരിക്കുന്ന പാണനോട് ഭർത്താവിനെ കണ്ടോ എന്നു ചോദിക്കുമ്പോൾ, പാണൻ ഓടിവന്ന് കന്നിയുടെ കാലിൽ വീഴുകയാണ് ചെയ്യുന്നത്.
എന്തുകൊണ്ടാണെന്നു കന്നി ചോദിക്കുമ്പോൾ, നിങ്ങൾക്കു കാളിയുടെ ലക്ഷണങ്ങളുണ്ടെന്ന് പാണൻ പറയുന്നു. അപ്പോൾ ദേവി ചോദിക്കുന്നു – അതിനു നീ ഭദ്രകാളിയെ മുൻപ് കണ്ടിട്ടുണ്ടോ എന്ന്! ഒരുപാട് വരങ്ങൾ പാണനു നൽകുന്നു ദേവി.എന്തായാലും ഈ നീണ്ട യാത്രയ്ക്കൊടുവിൽ ദേവി പാലകന്റെ മൃതദേഹം കണ്ടെത്തുന്നു. പതംപറഞ്ഞു കരയുന്ന കന്നി,
അമൃത് കൊണ്ടുവന്ന് പാലകന് ജീവൻ കൊടുക്കുന്നു. തുടർന്ന് ഉഗ്രരൂപിണിയായ ഭദ്രകാളിയായി മാറി പാണ്ഡ്യ രാജാവിനെയും പാലകനെ ചതിച്ച തട്ടാനെയും വധിച്ചു മധുരാനഗരം മുഴുവനും ദഹിപ്പിച്ച ശേഷം പാണ്ഡ്യ രാജാവിന്റെ ശിരസ്സ് കൈലാസത്തിൽ മഹാദേവനു മുന്നിൽ സമർപ്പിക്കുന്നു. തുടർന്ന് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ വന്നിരിക്കുന്നതോടെയാണ് തോറ്റംപാട്ട് അവസാനിക്കുന്നത്.
ഈ കഥയുമായി വലിയ വ്യത്യാസങ്ങളില്ല കണ്ണകിയുടെ കഥയ്ക്ക്. കണ്ണകീ ചരിതത്തിൽ മധുര ചുട്ടെരിച്ചതിനുശേഷം കേരളത്തിലേക്കു ദേവി കടക്കുകയും ആറ്റുകാലിൽ വിശ്രമിക്കുകയും ചെയ്തതായി പറയുന്നു. തുടർന്നാണ് കൊടുങ്ങല്ലൂരിലെത്തുന്നത്. ഈ സാമ്യം കൊണ്ടുതന്നെ, ഉത്സവത്തിന് കൊടുങ്ങല്ലൂരമ്മ ആറ്റുകാലിലേക്ക് എഴുന്നള്ളുന്നതും പത്താംദിനം മടങ്ങിപ്പോകുന്നതും, കണ്ണകിയുടെ കഥയുമായി ഇഴചേർന്നിരിക്കുന്നു.