മഴ: കടകളിൽ വെള്ളം കയറി, ഓടകൾ അടഞ്ഞു; മുങ്ങി ചാല മാർക്കറ്റ്

Mail This Article
തിരുവനന്തപുരം ∙ സ്മാർട് റോഡ് നിർമാണം പാതിവഴിയിലായി ഓടകൾ അടഞ്ഞതു കാരണം ചൊവ്വാഴ്ച രാത്രി പെയ്ത മഴയിൽ ചാല മാർക്കറ്റ് പൂർണമായി മുങ്ങി. കടകളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടം. റോഡ് നിർമാണം പൂർത്തിയാക്കാത്തതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് വ്യാപാരികൾ ആരോപിച്ചു. മരക്കട റോഡ്, സഭാപതി റോഡ്, കൊത്തുവാൽ സ്ട്രീറ്റ് റോഡ് എന്നിവയാണ് സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്. 3 വർഷം മുൻപ് ആരംഭിച്ച നിർമാണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. സ്ലാബ് നിർമിക്കാനായി ഓടകളിൽ സ്ഥാപിച്ച തൂണുകൾ ഇളക്കി മാറ്റിയിരുന്നില്ല. ഈ തൂണുകളിൽ മാലിന്യം അടിഞ്ഞാണ് ചില സ്ഥലങ്ങളിൽ വെള്ളം പൊങ്ങിയത്.
ഓടകളിലേക്ക് വീണ കോൺക്രീറ്റ് ഇളക്കി മാറ്റാത്തതും ഒഴുക്കു തടസ്സപ്പെടുത്തി. ഓടകൾ പ്രധാന ഓടയുമായി ബന്ധിപ്പിക്കാത്തതും കാരണമായെന്ന് വ്യാപാരികൾ പറഞ്ഞു.അരിക്കടകൾ, ചെരിപ്പുകടകൾ എന്നിവിടങ്ങളിൽ വെള്ളം കയറിയാണ് കൂടുതൽ നഷ്ടമുണ്ടായത്. ലോഡ് കണക്കിന് അരി ഉപയോഗശൂന്യമായി. തട്ടുകടകളും വെള്ളത്തിൽ മുങ്ങി. കിള്ളിപ്പാലം– ഗാന്ധിപാർക്ക് റോഡിൽ വെള്ളം പൊങ്ങിയതു കാരണം ഫയർഫോഴ്സും എത്തിപ്പെടാൻ പാടുപെട്ടു.