പാവറട്ടിയിൽ അഞ്ചാംപനി പടരുന്നു; ജാഗ്രത
Mail This Article
പാവറട്ടി ∙ പഞ്ചായത്തിൽ രണ്ടിടത്ത് കുട്ടികളിൽ അഞ്ചാംപനി റിപ്പോർട്ട് ചെയ്തു. ഒരു കുടുംബത്തിലെ 4 പേർക്കും മറ്റൊരു കുടുംബത്തിലെ ഒരാൾക്കുമാണു രോഗം കണ്ടെത്തിയിട്ടുള്ളത്. ശക്തമായ പനി, കണ്ണിൽ ചുവപ്പ്, ശരീരത്തിൽ ചുവന്ന പാടുകൾ, മൂക്കൊലിപ്പ് തുടങ്ങിയവയാണു ലക്ഷണങ്ങൾ. പത്താം മാസത്തിലും ഒന്നര വയസ്സിലുമായി 2 ഡോസ് എംആർ പ്രതിരോധ കുത്തിവയ്പ് നിർബന്ധമായി എടുക്കേണ്ടതാണ്.
ഇതിൽ വീഴ്ച വരുത്തുന്നതാണ് രോഗം വരുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നത്. അഞ്ചാംപനി പടരാതെ നോക്കാൻ ആരോഗ്യ–പഞ്ചായത്ത് വകുപ്പുകളുടെ നേതൃത്വത്തിൽ ബ്ലോക്ക് ടാക്സ് ഫോഴ്സ് യോഗം ചേർന്നു. അങ്കണവാടികൾ, ക്ലബ്ബുകൾ എന്നിവ കേന്ദ്രീകരിച്ച് ക്ലാസുകൾ നടത്തും. ജനപ്രതിനിധികൾ ഉൾപ്പെടുന്ന സ്ക്വാഡ് ഗൃഹസന്ദർശനം നടത്തും.
ദേവാലയങ്ങൾ, മസ്ജിദുകൾ, ക്ഷേത്രങ്ങൾ വഴി അറിയിപ്പ് നടത്തും. സമൂഹ മാധ്യമങ്ങൾ വഴിയും ബോധവൽക്കരണ സന്ദേശങ്ങൾ നൽകാനും തീരുമാനമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു അനിൽകുമാർ, ശ്രീദേവി ജയരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാന്മാരായ വിമല സേതുമാധവൻ, എ.ടി. അബ്ദുൽ മജീദ്, ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ.ടി.കെ. ജയന്തി, സിഎച്ച്സി സൂപ്രണ്ട് ഡോ.സജീദ ബീഗം, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. രാമൻ, പബ്ലിക് ഹെൽത്ത് നഴ്സിങ് സൂപ്പർവൈസർ പി.ആർ. ശോഭന എന്നിവർ പ്രസംഗിച്ചു.