പൂങ്ങോട്ട് പന്നിപ്പനി സ്ഥിരീകരിച്ചു: പന്നികൾക്ക് ദയാവധം

Mail This Article
എരുമപ്പെട്ടി∙ പഞ്ചായത്തിലെ ചിറ്റണ്ട പൂങ്ങോട് പ്രദേശത്തുള്ള പന്നി ഫാമിൽ ആഫ്രിക്കൻ പന്നി പനി സ്ഥിരീകരിച്ചു. പൂങ്ങോട് വനത്തിനോടു ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ഫാമിലെ പന്നികളിലാണ് രോഗം കണ്ടെത്തിയത്. ഫാമിൽ ഏകദേശം നൂറ്റമ്പതോഓളം പന്നികളുണ്ട്. ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന നടപടി തുടങ്ങി. കുറച്ചു ദിവസമായി ഫാമിൽ അസ്വാഭാവിക രീതിയിൽ പന്നികൾ ചത്തു. തുടർന്ന് മൃഗസംരക്ഷണ വകുപ്പിൽ നിന്ന് വിദഗ്ധ സംഘമെത്തി നടത്തിയ നിരീക്ഷണങ്ങൾക്കും ശാസ്ത്രീയമായ പരിശോധനകൾക്കും ശേഷമാണ് ആഫ്രിക്കൻ പന്നി പനിയാണെന്ന് സ്ഥിരീകരിച്ചത്.
ജില്ലാ മൃഗ സംരക്ഷണ വകുപ്പിനു കീഴിലുള്ള വെറ്ററിനറി സർജൻമാർ ഉൾപ്പെടുന്ന അനിമൽ ഡിസീസ് കൺട്രാേൾ റാപ്പിഡ് റെസ്പോൺഡ് ടീമാണ് പന്നികളെ ദയാവധത്തിന് ഇരയാക്കുന്നത്. കൊന്നൊടുക്കിയ പന്നികളെ പൂർണമായി അണു നശീകരണം നടത്തി പ്രദേശത്തു തന്നെ സംസ്കരിക്കും. പന്നിപ്പനി മനുഷ്യരിലേക്കു പകരുകയില്ലെന്നും രോഗം പടരുന്നത് തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. മാസങ്ങൾക്കു മുൻപ് കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പ് പ്രദേശത്തുള്ള ഫാമുകളിലും പന്നിപ്പനി പടർന്നു പിടിക്കുകയും പന്നികളെ മുഴുവൻ ദയാവധം നടത്തുകയും ചെയ്തിരുന്നു.