കുന്നംകുളത്ത് പന്നിമാംസം വിൽപന നിരോധിച്ചു

Mail This Article
കുന്നംകുളം ∙ നഗരസഭ പ്രദേശത്ത് പന്നിമാംസം വിൽക്കുന്നത് നഗരസഭ ആരോഗ്യ വിഭാഗം താൽക്കാലികമായി തടഞ്ഞു. എരുമപ്പെട്ടി ചിറ്റണ്ടയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണു തീരുമാനം. പന്നിപ്പനി സ്ഥിരീകരിച്ച ഫാമിനു 10 കിലോമീറ്റർ ചുറ്റളവിലുളള പ്രദേശം രോഗനിരീക്ഷണ മേഖലയായും ഒരു കിലോമീറ്റർ മേഖല രോഗബാധിത മേഖലയായും കഴിഞ്ഞ ദിവസം കലക്ടർ വി.ആർ. കൃഷ്ണ തേജ പ്രഖ്യാപിച്ചിരുന്നു.
കൂടാതെ രോഗബാധിത പ്രദേശത്ത് നിന്നുള്ള പന്നിമാംസത്തിന്റെ വിൽപന നിരോധിക്കുകയും ചെയ്തു. കുന്നംകുളം, വടക്കാഞ്ചേരി എന്നീ നഗരസഭകളും ചൊവ്വന്നൂർ, ചൂണ്ടൽ, കടങ്ങോട്, വരവൂർ, വേലൂർ, എരുമപ്പെട്ടി, മുളങ്കുന്നത്തുകാവ്, അവണൂർ, എന്നീ പഞ്ചായത്തുകളും നിരീക്ഷണ മേഖലകളാണ്. ഉത്തരവു പുറത്ത് വന്നിട്ടും ഇന്നലെ മാർക്കറ്റിൽ പന്നിമാംസവും ഹോട്ടലുകളിൽ പന്നിമാംസ വിഭവങ്ങളും വിറ്റതു പ്രതിഷേധത്തിന് ഇടയാക്കി.
പന്നികളിൽ മാത്രം കാണുന്ന രോഗമായതിനാൽ ഇതു മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പകരില്ലെന്നു ഡോക്ടർമാർ വ്യക്തമാക്കി. രോഗബാധ്യത പ്രദേശത്ത് നിന്നുള്ള മാസം വിൽക്കുന്നതിനു മാത്രമാണ് വിലക്കുള്ളതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും വിശദീകരിച്ചു. എങ്കിലും ഇതു തിരിച്ചറിയാനുള്ള ബുദ്ധിമുട്ടും ആശങ്ക അകറ്റാനും വേണ്ടിയാണു വിൽപന നിർത്താൻ നിർദേശിച്ചത്.