ആനവേട്ട: അവസാന പ്രതിയും കീഴടങ്ങി

Mail This Article
വടക്കാഞ്ചേരി ∙ വാഴക്കോട് റബർ തോട്ടത്തിൽ കാട്ടാനയെ വൈദ്യുതി കെണിവച്ചു കൊലപ്പെടുത്തി കൊമ്പ് അറുത്തെടുത്ത ശേഷം കുഴിച്ചു മൂടിയ കേസിൽ അവസാന പ്രതിയും കീഴടങ്ങി. ചെങ്കര പട്ടിമറ്റം വെട്ടിക്കാട്ടുമാരി അരുണാണ് (33) ഇന്നലെ അന്വേഷണ സംഘത്തിനു മുൻപിൽ കീഴടങ്ങിയത്. ആനയുടെ ജഡത്തിൽ നിന്നു മുറിച്ചെടുത്ത കൊമ്പു വിൽക്കാൻ കൊണ്ടുപോയത് അരുണിന്റെ കാറിലാണ്. അരുണിനെ കൂട്ടാളികൾ കുടുക്കുകയായിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കാറിൽ കയറ്റിയത് ആനക്കൊമ്പാണെന്ന് അരുണിന് അറിയില്ലായിരുന്നത്രെ. അരുണിന്റെ കാർ വനം വകുപ്പ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.
അരുണിനെ ഇന്നു കോടതിയിൽ ഹാജരാക്കും. അരുൺ കീഴടങ്ങിയതോടെ കേസിലെ 11 പ്രതികളും പിടിയിലായി. ഇതിൽ 4 പേർക്കാണ് ആനക്കൊമ്പ് വിൽപനയുമായി ബന്ധം. മറ്റുള്ളവർ ആനയെ കൊലപ്പെടുത്താനും മറവു ചെയ്യാനും സ്ഥലം ഉടമ റോയിയെ സഹായിച്ചവരാണ്. കഴിഞ്ഞ 14നാണ് കാട്ടാനയെ റോയിയുടെ ഉടമസ്ഥതയിലുള്ള വാഴക്കോട്ടെ റബർ തോട്ടത്തിൽ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. രണ്ടാഴ്ച കൊണ്ട് അന്വേഷണം പൂർത്തിയാക്കി മുഴുവൻ പ്രതികളെയും പിടികൂടാനായത് അന്വേഷണ സംഘത്തിന്റെ നേട്ടമായി. റേഞ്ച് ഓഫിസർ ശ്രീദേവി മധുസൂദനൻ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ പി.വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.