ജലസംഭരണി അപകടാവസ്ഥയിൽ; സമീപവാസികൾ ഭീതിയിൽ
Mail This Article
കടങ്ങോട്∙ പഞ്ചായത്തിലെ തെക്കുമുറി മുല്ലപ്പള്ളി കുന്നിലെ കൂറ്റൻ ജലസംഭരണി അപകടാവസ്ഥയിൽ. ഇതോടെ പരിസരവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. 40,000 ലീറ്റർ സംഭരണശേഷിയുള്ള ടാങ്കിന് 35 വർഷത്തിലേറെ പഴക്കമുണ്ട്. സംഭരണിയുടെ വശങ്ങളും സംരക്ഷണഭിത്തിയും വിള്ളൽ സംഭവിച്ച് ഏതു നിമിഷവും തകരുമെന്ന നിലയിലാണ്. ഈ മേഖലയിലെ ആളുകള്‍ ഭീതിയോടെയാണ് കഴിയുന്നത്. പഞ്ചായത്തിലെ 4,7,8 വാര്‍ഡുകളിലെ നൂറിലധികം കുടുംബങ്ങൾക്കായി ജലധാര പദ്ധതി പ്രകാരം സ്ഥാപിച്ചതാണ് ഇൗ ജലസംഭരണി.
പ്രദേശത്തെ വീടുകളിൽ ഭൂരിഭാഗം പേർക്കും കിണറുകളില്ലാത്തതിനാൽ ഏക ആശ്രയം ഇൗ പദ്ധതിയാണ്. എന്നാൽ അപകടാവസ്ഥമൂലം സംഭരണിയിൽ പൂർണമായി വെള്ളം നിറയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ. അതിനാൽ സംഭരണിയുടെ മൂന്നിലൊന്ന് ഭാഗം മാത്രമേ നിറയ്ക്കുന്നുള്ളൂ. ഇതുമൂലം ആവശ്യത്തിന് വെള്ളം ലഭിക്കുന്നുമില്ല. പലതവണ ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. മുൻപ് ഇൗ പദ്ധതിക്കായി 16 ലക്ഷം രൂപ അനുവദിച്ചിരുന്നതായി പറഞ്ഞുകേട്ടിരുന്നെങ്കിലും നടപടിയായില്ല.