ചേലക്കര ഉപതിരഞ്ഞെടുപ്പ്: ആരായിരിക്കും പിൻഗാമി..?
![k-radhakrishnan New Delhi 2023 August 05 : K Radhakrishnan , Minister for Welfare of Scheduled Castes, Scheduled Tribes and Backward Classes, Devaswoms, Parliamentary Affairs, Government of Kerala. Cpm Leader @ Rahul R Pattom](https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2024/2/22/k-radhakrishnan.jpg?w=1120&h=583)
Mail This Article
തൃശൂർ ∙ ഉപതിരഞ്ഞെടുപ്പിൽ ആരായിരിക്കും സ്ഥാനാർഥി ? മന്ത്രിമണ്ഡലം എന്ന പദവി നഷ്ടമാകുമോ? – ചേലക്കര ഉറ്റുനോക്കുന്നത് ഈ ചോദ്യങ്ങളിലേക്കാണ്. പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കരയിൽ 1996 മുതൽ കഴിഞ്ഞ പിണറായി മന്ത്രിസഭയുടെ കാലത്ത് ഒഴികെ കെ.രാധാകൃഷ്ണൻ ആയിരുന്നു എംഎൽഎ. ഇപ്പോൾ പട്ടികജാതി– പട്ടിക വർഗ കോർപറേഷൻ ചെയർമാൻ ആയ യു.ആർ.പ്രദീപ് ആയിരുന്നു 2016– 21ൽ എംഎൽഎ. 2021ൽ സിറ്റിങ് എംഎൽഎയെ മാറ്റി വീണ്ടും കെ.രാധാകൃഷ്ണനെ പാർട്ടി മത്സരിപ്പിച്ചു. അദ്ദേഹത്തെ മന്ത്രിസഭയിൽ അംഗമാക്കുന്നതിനായിരുന്നു ഈ മാറ്റമെന്നു പിന്നീട് അണികൾക്കിടയിൽ വിശദീകരിക്കാനായി.
കെ.രാധാകൃഷ്ണൻ എംപി സ്ഥാനാർഥിയായപ്പോൾത്തന്നെ അദ്ദേഹം ജയിച്ചാൽ പ്രദീപ് ആയിരിക്കും അടുത്ത സ്ഥാനാർഥി എന്ന് അണികൾക്കിടയിൽ ധാരണയുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥിയായ പി.കെ.ബിജു ഇപ്പോൾ കേന്ദ്ര കമ്മിറ്റി അംഗമാണ്. അദ്ദേഹത്തെ നിയമസഭയിലേക്കു പരിഗണിക്കാൻ സാധ്യതയില്ല. ജയിച്ചാൽ പ്രദീപിനെ മന്ത്രിയും ആക്കുമോ എന്നതാണു ചേലക്കരക്കാരുടെ അടുത്ത ചോദ്യം. മണ്ഡലത്തിനുണ്ടായിരുന്ന മന്ത്രിപദവി നഷ്ടപ്പെടുത്തുന്നതു ഗുണകരമാവില്ലെന്ന് പാർട്ടിക്കും ബോധ്യമുണ്ട്.
ലോക്സഭാ സ്ഥാനാർഥിയായിരുന്ന രമ്യ ഹരിദാസ് നിയമസഭയിലേക്കു മത്സരിക്കുമോയെന്ന് യുഡിഎഫ് ക്യാംപ് എന്നതു പോലെ എൽഡിഎഫും ഉറ്റുനോക്കുകയാണ്. പി.കെ.ബിജു എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചേലക്കര നിയോജക മണ്ഡലത്തിൽ 23695 വോട്ടിന്റെ ലീഡ് രമ്യാ ഹരിദാസിനായിരുന്നു. ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിൽ എൽഡിഎഫിനാണ് ലീഡ്. 5173 വോട്ട്.