പുലിയെ പിടിക്കാൻ ഒരു കൂട് കൂടി

Mail This Article
കൊരട്ടി ∙ പുലിയിറങ്ങിയ ചിറങ്ങര മേഖലയ്ക്കു പുറമേ പുലിയിറങ്ങിയതു കണ്ടെന്ന് ഏതാനും പേർ പറഞ്ഞ അങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്തു മാർക്കറ്റിന് പിന്നിലായി പുലിയെ പിടികൂടാനായി ഇന്നലെ രാത്രി വനംവകുപ്പ് കൂട് സ്ഥാപിച്ചു. കൂട്ടിനുള്ളിൽ ഇരയായി ആടിനെ കെട്ടിയിട്ടു. നേരത്തെ മംഗലശേരി ഭാഗത്തു കൂടു സ്ഥാപിച്ച് ഇരയായി കൂടിനകത്ത് ആടിനെ കെട്ടിയിട്ടെങ്കിലും ഇര തേടി പുലി കെണിയിൽ എത്തിയില്ല. ഇന്നലെ സ്ഥലം സന്ദർശിച്ച സനീഷ്കുമാർ ജോസഫ് എംഎൽഎ, വാഴച്ചാൽ ഡിഎഫ്ഒ ആർ.ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു എന്നിവരോടു നാട്ടുകാർ ഭീതി പങ്കുവച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സാധ്യമായ എല്ലാ പരിഹാരമാർഗങ്ങളും ഒരുക്കാൻ തയാറാണെന്നും എംഎൽഎയും വനംവകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു. അതേ സമയം ജാഗ്രത തുടരണമെന്നും ചെറിയ കുട്ടികൾ ഒറ്റയ്ക്കു പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.
ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണനുമായി ഫോണിൽ ബന്ധപ്പെട്ട് എംഎൽഎ ജനങ്ങളുടെ ആശങ്ക അറിയിച്ചു. പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ച ഭാഗത്ത് നാട്ടുകാർ ആരും പ്രവേശിക്കരുതെന്ന് അദ്ദേഹം നിർദേശിച്ചു. പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ച ചില ഭാഗങ്ങളിൽ വനംവകുപ്പ് പരിശോധന നടത്തിയെങ്കിലും അവിടെ പുലി എത്തിയിട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. ചില സ്ഥലങ്ങളിൽ കണ്ട കാൽപാടുകൾ പുലിയുടേതല്ലെന്നു സ്ഥിരീകരിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.ഗവ. ഇന്ത്യ പ്രസ്, വൈഗൈ ത്രെഡ്സ് എന്നിവയുടെ നൂറുകണക്കിന് ഏക്കർ ഭൂമി ആളൊഴിഞ്ഞ് കാടുമൂടി കിടക്കുന്നത് പുലിക്ക് ഒളിത്താവളമാകുമെന്ന ആശങ്ക എംഎൽഎ ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ ശ്രദ്ധയിൽപെടുത്തി. പുലി ഈ മേഖലയിൽ തന്നെയുണ്ടെങ്കിൽ വൈകാതെ പിടികൂടാനാകുമെന്നാണു പ്രതീക്ഷയെന്നു വാർഡൻ അറിയിച്ചു. ആവശ്യമെങ്കിൽ റാപ്പിഡ് റെസ്പോൺസിബിൾ ടീം (ആർആർടി) അംഗങ്ങളുടെ പരിശോധന മേഖലയിൽ കൂട്ടാമെന്നും അദ്ദേഹം ഉറപ്പു നൽകി.