കരുവന്നൂർ: ഇരകളുടെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Mail This Article
മാപ്രാണം ∙ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നു നിക്ഷേപം യഥാസമയം തിരികെക്കിട്ടാത്തതിനാൽ ചികിത്സ മുടങ്ങി മരണത്തിനു കീഴടങ്ങിയവരുടെ കുടുംബാംഗങ്ങളെ കാണാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തി.ഇന്നലെ രാവിലെ 10.30നാണ് നിക്ഷേപകൻ ഏറാട്ട് പറമ്പിൽ ദേവസ്സിയുടെ വീട്ടിൽ അദ്ദേഹമെത്തിയത്. ദേവസ്സിയുടെ ഭാര്യ ഫിലോമിന തുടർചികിത്സയ്ക്കു പണം ലഭിക്കാത്തതിനെ തുടർന്നാണ് മരിച്ചത്. നിക്ഷേപം തിരികെക്കിട്ടാതെ ആത്മഹത്യ ചെയ്ത തളിയക്കാട്ടിൽ മുകുന്ദന്റെ കുടുംബാംഗങ്ങളും ചികിത്സയ്ക്കു വേണ്ട പണം തിരികെക്കിട്ടാതെ മരിച്ച ആലപ്പാടൻ ജോസ്, കൊളങ്ങാട്ടിൽ ശശി എന്നിവരുടെ കുടുംബാംഗങ്ങളും ഇവിടെ ഉണ്ടായിരുന്നു.
നിക്ഷേപത്തുക ലഭിക്കുന്നതിലെ അനിശ്ചിതത്വം അവർ സുരേഷ് ഗോപിയുമായി പങ്കുവച്ചു. കേന്ദ്രമന്ത്രി എന്ന നിലയിൽ തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു.ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ.ശ്രീകുമാർ, മണ്ഡലം പ്രസിഡന്റ് ആർച്ച അനീഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി.രമേഷ്, കൃപേഷ് ചെമ്മണ്ട, രമേഷ് അയ്യർ, ജോജൻ കൊല്ലാട്ടിൽ, ടി.ഡി.സത്യദേവ്, ശ്യാംജി മാടത്തിങ്കൽ, ലിഷോൺ ജോസ്, ലാമ്പി റാഫേൽ, ടി.രമേഷ്, അജീഷ് പൈക്കാട്ട്, ശ്രീജേഷ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ആശാ വർക്കർമാരുടെ ജീവിതം മെച്ചപ്പെടണം
മാപ്രാണം ∙ ആശാ വർക്കർമാരുടെ സമരത്തിൽ കരകയറ്റം ഉണ്ടാകട്ടെ എന്നും സമരം പരിഹരിക്കുന്നതിനുപരി അവരുടെ ജീവിതം മെച്ചമാകാനുള്ള മാർഗമാണ് വേണ്ടതെന്നും അവർക്കിടയിൽ ബിഎംഎസിന്റെ യൂണിറ്റ് രൂപീകരിക്കുന്നതിനെപ്പറ്റി താൻ ചിന്തിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി.കേന്ദ്രത്തിന് പറയാനുള്ളത് ജെ.പി.നഡ്ഡ പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ സംസ്ഥാന ആരോഗ്യമന്ത്രിയെ താൻ കുറ്റം പറയാനില്ല.എടുത്തുചാടി സംസ്ഥാന സർക്കാരിന് ഒരു തീരുമാനമെടുക്കാൻ കഴിയില്ല.സർക്കാരിന്റെ സാമ്പത്തിക പരാധീനത എന്താണെന്ന് തനിക്കറിയാം.അതാണ് താൻ നേരത്തെ തന്നെ പറഞ്ഞത്. പക്ഷേ, അതു ദുർവ്യാഖ്യാനം ചെയ്തു– സുരേഷ് ഗോപി പറഞ്ഞു.