സർവീസ് റോഡിൽ കുഴി; ആമ്പല്ലൂരിൽ ഗതാഗതക്കുരുക്ക് ‘തിരിച്ചുപിടിച്ച്’ ദേശീയപാത അതോറിറ്റി

Mail This Article
ആമ്പല്ലൂർ ∙ അടിപ്പാത നിർമാണം നടക്കുന്ന ജംക്ഷനിൽ തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിൽ കുഴി രൂപപ്പെട്ടതോടെ ദേശീയപാതയിൽ വീണ്ടും ഗതാഗതക്കുരുക്ക് തലപ്പൊക്കുന്നു.ചില സമയങ്ങളിൽ പുതുക്കാട് സ്റ്റാൻഡ് വരെ വാഹന നിര ഉണ്ടാകുന്നു. അടിപ്പാതയുടെ നിർമാണം തുടങ്ങിയപ്പോഴുണ്ടായിരുന്ന കുരുക്ക് ഒട്ടേറെ ട്രാഫിക് പരിഷ്കാരങ്ങൾ വരുത്തിയാണ് നിയന്ത്രിച്ചത്. സർവീസ് റോഡിന്റെ നിലവാരം തകർന്നതോടെ ആമ്പല്ലൂരിലെ ഗതാഗതക്കുരുക്ക് ദേശീയപാത അതോറിറ്റി തിരിച്ചുപിടിച്ചിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരിഹാസം.
ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സമയങ്ങളിൽ വരന്തരപ്പിള്ളി റോഡിൽ നിന്ന് തൃശൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ യുടേണിൽ കുരുങ്ങുന്നതോടെ ജംക്‌ഷൻ സ്തംഭിച്ചപോലെയാകും. ഈ സമയം ചാലക്കുടി ഭാഗത്തേക്കുകൂടിയുള്ള റോഡിലും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്.അടിപ്പാത നിർമാണം ആരംഭിക്കുന്നതിനു മുൻപ് തന്നെ ഉയർന്ന ആവശ്യമാണ് സർവീസ് റോഡ് നിർമാണം പൂർത്തീകരിക്കണമെന്നത്. 6 മാസം പിന്നിട്ടപ്പോൾ സർവീസ് റോഡുകൾ തകർന്ന സ്ഥിതിയാണ്.
സർവീസ് റോഡുകളും ദേശീയപാതയും ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ സുരക്ഷിതമായല്ല നിർമിച്ചിരിക്കുന്നത്. ഇവിടെ ഉയരവ്യത്യാസവും കുഴികളും ഉണ്ട്. വാഹനങ്ങൾ കൂട്ടി ഉരസലുകളും കൂട്ടിയിടികളും പതിവാണ്. ഈ സമയം തർക്കങ്ങളും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. സർവീസ് റോഡിലെ കുഴികളും അശാസ്ത്രീയതയും നിലനിർത്തുന്നത് ദേശീയപാതയിലൂടെ ദിനവും സഞ്ചരിക്കുന്ന ആയിരക്കണക്കിന് വാഹനങ്ങളെയും യാത്രക്കാരെയും വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നാണ് നാട്ടുകാരുടെ ആരോപണം.