ADVERTISEMENT

കൽപറ്റ ∙ കുഷ്ഠരോഗ നിർമാർജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗനിർണയം നടത്തുന്നതിനായി ജില്ലയിൽ ബാലമിത്ര 2.0 ക്യാംപെയ്ൻ നടത്തുന്നു. 20 മുതൽ നവംബർ 30 വരെയാണ് ക്യാംപെയ്ൻ. രോഗം തുടക്കത്തിൽത്തന്നെ കണ്ടെത്തി ചികിത്സ നൽകി അംഗവൈകല്യവും രോഗപ്പകർച്ചയും ഇല്ലാതാക്കുകയാണ്  ലക്ഷ്യം. അങ്കണവാടി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള കുട്ടികളെയാണ് ബാലമിത്ര ക്യാംപെയ്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജില്ലയിലെ മുഴുവൻ അങ്കണവാടി വർക്കർമാർക്കും സ്കൂളിൽ നിന്ന് നിയമിച്ച നോഡൽ അധ്യാപകർക്കും കുഷ്ഠരോഗത്തെക്കുറിച്ചും ബാല മിത്ര പരിപാടിയെക്കുറിച്ചുമുളള ബോധവൽക്കരണ പരിശീലന ക്ലാസുകൾ നൽകും. നോഡൽ അധ്യാപകർക്ക് പഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്ര തലത്തിൽ പരിശീലനം നൽകും. നോഡൽ അധ്യാപകർ അതത് സ്‌കൂളിലെ മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകും. അധ്യാപകർ കുട്ടികൾക്ക് ബാലമിത്ര പരിപാടിയെക്കുറിച്ച് വിശദീകരിച്ചുകൊടുക്കണം.

കുട്ടികൾ വീടുകളിൽ രക്ഷിതാക്കളുടെ സഹായത്തോടെ പരിശോധന നടത്തി കുഷ്ഠരോഗം സംശയിക്കുന്ന കലകൾ, പാടുകൾ എന്നിവ ശരീരത്തിൽ ശ്രദ്ധയിൽപെട്ടാൽ ആ വിവരം ക്ലാസ് ടീച്ചറെ അറിയിക്കണം. ലക്ഷണങ്ങളുള്ള കുട്ടികളുടെ ലിസ്റ്റ് അധ്യാപകർ മെഡിക്കൽ ഓഫിസർമാർക്ക് നൽകി ഓഫിസർമാർ തുടർപരിശോധനകളിലൂടെ രോഗനിർണയം നടത്തും. വായുവിലൂടെ രോഗസംക്രമണം നടക്കുന്ന പകർച്ചവ്യാധിയാണ് കുഷ്ഠം.

ചികിത്സയ്ക്ക് വിധേയമാക്കാത്ത രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തു വരുന്ന രോഗാണുക്കൾ വഴിയാണ് രോഗം പകരുന്നത്. ചർമത്തിൽ ഉണ്ടാകുന്ന നിറം മങ്ങിയതോ ചുവന്നു തടിച്ചതോ സ്പർശന ശേഷി കുറഞ്ഞതോ ആയ പാടുകളാണ് പ്രധാന രോഗലക്ഷണം. കുഷ്ഠരോഗ നിർമാർജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗ നിർണയത്തിനായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ബാല മിത്ര 2.0 പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ജില്ലാതല ഏകോപന സമിതി യോഗം എഡിഎം എൻ.ഐ.ഷാജുവിന്റെ അധ്യക്ഷതയിൽ ചേർന്നു.  ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.പി.ദിനീഷ്, ജില്ലാ ലെപ്രസി ഓഫിസർ ഡോ. സാവൻ സാറാ മാത്യു എന്നിവരും വകുപ്പ് മേധാവികളും പ്രതിനിധികളും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com