നിരുത്സാഹപ്പെടുത്തലിനെയും മുൻവിധികളെയും തകർത്ത് ഡോക്ടർമാർ ആയി; അനുഭവ കഥ പങ്കുവച്ച് ഫാത്തിമയും സാന്ദ്രയും
Mail This Article
‘നിന്നെക്കൊണ്ടിതു പറ്റില്ല’’ എന്നു പറഞ്ഞു തളർത്താൻ ശ്രമിച്ചവർക്കു മുൻപിൽ, ആത്മവിശ്വാസത്തോടെ ശ്രമിച്ചാൽ ഒരു ഡിസെബിലിറ്റിയും തടസ്സമല്ല എന്നു തെളിയിച്ചുകൊണ്ട് മെഡിക്കൽ രംഗത്തു ചുവടുറപ്പിച്ച രണ്ട് മിടുക്കിപ്പെൺകുട്ടികളാണ് ഡോ. ഫാത്തിമ അസ്‌ലയും ഡോ. സാന്ദ്ര സോമനാഥും. അസ്ഥികൾ പെട്ടെന്ന് ഒടിയുകയും പൊടിയുകയും ചെയ്യുന്ന ഓസ്റ്റിയോജനസിസ് ഇംപെർഫെക്ട (ബ്രിട്ടിൽ ബോൺ) എന്ന ജനിതകരോഗമാണ് അവരെ ബാധിച്ചിട്ടുള്ളത്. ആ രോഗം ബാധിച്ചവർക്കു വേണ്ടിയുള്ള സംഘടനയായ ‘അമൃതവർഷിണി’യുടെ സ്ഥാപക ലതാ നായരിലൂടെ അവരിലേക്കെത്തിയപ്പോൾ കോഴിക്കോട് സ്വദേശി ഡോ.ഫാത്തിമയ്ക്കും തിരുവല്ല സ്വദേശി ഡോ. സാന്ദ്രയ്ക്കും പറയാനുണ്ടായിരുന്നത് നേട്ടങ്ങളുടെ കഥ മാത്രമായിരുന്നില്ല. മുൻവിധികളെ, നിരുൽസാഹപ്പെടുത്തലുകളെ ജയിച്ച കഥ കൂടിയായിരുന്നു. ഇച്ഛാശക്തിയുടെ മറുപേരുകളായ ആ പെൺകുട്ടികൾ മനോരമ ഓൺലൈൻ വായനക്കാർക്കായി അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
സമൂഹത്തിന്റെ മുൻവിധികളെ പഠനമികവുകൊണ്ട് തോൽപിച്ച് സ്വപ്നജോലിയിൽ എത്തിയതിനെക്കുറിച്ചും ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ടതിനെക്കുറിച്ചുമാണ് ഡോ.ഫാത്തിമ അസ്‌ലയ്ക്കു പറയാനുള്ളത്. കോഴിക്കോട് സ്വദേശികളായ അബ്ദുൽ നാസറിന്റെയും ആമിനയുടെയും മകളായ ഫാത്തിമ ഇപ്പോൾ ഹോമിയോ മെഡിസിനും ഹൗസ്‌സർജൻസിയും കഴിഞ്ഞ് ഡോക്ടറായി ജോലി ചെയ്യുകയാണ്.
∙അതിരുകൾ തീർക്കാൻ നോക്കണ്ട
ഭിന്നശേഷിയുള്ള ആളുകളുടെ വിദ്യാഭ്യാസത്തിനു സമൂഹം ചില അതിരുകൾ നിശ്ചയിച്ചിട്ടുണ്ട്. അതിനപ്പുറം പോകാൻ ശ്രമിച്ചാൽ നിരുത്സാഹപ്പെടുത്തും. ഇത്തരം അനുഭവങ്ങളെ ഒരുപാട് അഭിമുഖീകരിച്ച ശേഷമാണ് ഞാൻ ഡോക്ടറായത്. ആദ്യമായി മെഡിസിനു ശ്രമിച്ചപ്പോൾ മെഡിസിൻ പഠിക്കാൻ ഞാൻ യോഗ്യയല്ല എന്നാണ് മെഡിക്കൽ ബോർഡ് വിധിയെഴുതിയത്. മെഡിസിൻ കിട്ടാൻ വേണ്ടി പരിശീലനം തുടരണ്ടാ, മെഡിക്കൽ ഫീൽഡിൽ ഒരു കോഴ്സിനും അഡ്മിഷൻ തരില്ല, ഡിഗ്രിക്കു ജോയിൻ ചെയ്താൽ മതി എന്നാണവർ പറഞ്ഞത്. അതുകേട്ടു തളരാതെ വീണ്ടും പരിശ്രമിച്ചു. അങ്ങനെ രണ്ടാം തവണയാണ് അഡ്മിഷൻ കിട്ടിയത്. അങ്ങനെയുള്ള കാഴ്ചപ്പാടാണ് മാറേണ്ടത്. ഒരാളുെട കഴിവും കഴിവുകേടും എന്താണെന്നു പറയേണ്ടത് മറ്റുള്ളവരല്ലല്ലോ, അവനവൻ തന്നെയല്ലേ.
∙ ബുദ്ധിമുട്ടുകളിതൊക്കെ
ഞാൻ പഠിച്ച സ്കൂളുകളിലും കോളജിലുമൊന്നും ഡിസേബിൾഡ് ഫ്രണ്ട്‌ലി ആയ സാഹചര്യം ആയിരുന്നില്ല. പഠിക്കുന്ന സമയത്ത് ശുചിമുറിയുപയോഗിക്കാൻ വീട്ടിൽ പോകേണ്ടി വന്നിട്ടുണ്ട്. ഒരു സ്ഥലത്തും റാംപ് ഉണ്ടായിരുന്നില്ല. ഞാൻ പഠിച്ചത് കോട്ടയം ഹോമിയോ കോളജിൽ ആണ്. അവിടെ വീൽചെയറിൽ പഠിക്കാൻ വരുന്ന ആദ്യത്തെ പെൺകുട്ടി ഞാനായിരുന്നു. അവിെട ഞാൻ ചെന്നതിനു ശേഷം റാംപ് വച്ചു തന്നതല്ലാതെ പ്രത്യേകിച്ചു വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. കൂടെയുണ്ടായിരുന്ന കുട്ടികൾ നൽകിയ പിന്തുണ കൊണ്ടാണ് പഠിക്കാൻ പറ്റിയത്. ഇപ്പോള്‍ ഞാൻ പഠിച്ചിറങ്ങിയതേയുള്ളൂ. പുതിയ സ്ഥാപനങ്ങളിൽ മാറ്റം വരുന്നുണ്ടാകാം. പക്ഷേ പഴയ സ്ഥാപനങ്ങളിൽ മാറ്റം വരുന്നതായി കണ്ടിട്ടില്ല. അത്തരം സാഹചര്യങ്ങളിൽ നമുക്കു മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. മറ്റൊരു കാര്യം കൂടി ഞാൻ പറയാനാഗ്രഹിക്കുന്നുണ്ട്. ഒരുപാട് ബുദ്ധിമുട്ടി വേദന സഹിച്ചാണ് ഭിന്നശേഷിയുള്ളവർ പരീക്ഷകളെഴുതുന്നത്. എൻട്രൻസ് പരീക്ഷയിലൊഴികെ മറ്റൊരിടത്തും ഞാൻ റിസർവേഷൻ ആവശ്യപ്പെട്ടിട്ടില്ല. എൻട്രൻസ് പരീക്ഷയിൽ റിസർവേഷൻ കാറ്റഗറിയിൽ കയറിയപ്പോഴും ഏറെ ബുദ്ധിമുട്ടുകളുണ്ടായി. റിസർവേഷൻ വഴി പ്രവേശനം നേടുന്നവർ പഠിക്കാൻ മോശമായിരിക്കും എന്ന മുൻവിധിയോടെയായിരുന്നു പലരും പെരുമാറിയിരുന്നത്.
∙ ഡോക്ടറാകാൻ കാരണം
സാധാരണ കുട്ടികൾ അവധിക്കാലത്ത് ബന്ധുവീടുകളിലേക്കൊക്കെയാണല്ലോ പോവുക. ഈ അസുഖം കാരണം ഞാൻ കൂടുതൽ സമയം ചെലവഴിച്ചിരുന്നത് ആശുപത്രികളിലായിരുന്നു. ചെറുപ്പം മുതൽ അടുത്തിടപഴകിയിരുന്നത് ഡോക്ടർമാരോടാണ്. അങ്ങനെ അവരോടു തോന്നിയ ആരാധന കൊണ്ടാണ് മുതിരുമ്പോൾ ഡോക്ടറാകണം എന്ന ആഗ്രഹമുണ്ടായത്. ആദ്യമൊക്കെ ഡോക്ടറാകണമെന്നു പറയുമ്പോൾ കേൾക്കുന്നവരെല്ലാം പിന്തുണച്ചിരുന്നു. കാരണം അതൊരു കുട്ടിക്കളിയായേ അവരെടുത്തിരുന്നുള്ളൂ. പക്ഷേ മുതിർന്നപ്പോൾ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചു പറഞ്ഞ് പലരും എതിർത്തു. ചെയ്യാൻ പറ്റും എന്ന സാധ്യതയെപ്പറ്റി ചിന്തിക്കാൻ ആർക്കും താൽപര്യമില്ല. മാർക്കുണ്ടായിട്ടും എനിക്ക് ആദ്യം സയൻസിന് അഡ്മിഷൻ തരാൻ അവർക്ക് താൽപര്യം ഉണ്ടായിരുന്നില്ല. ഞാൻ വാശിപിടിച്ചാണ് സയൻസിന് അഡ്മിഷൻ കിട്ടിയത്. ഇപ്പോൾ അതിനൊക്കെ കുറച്ചു മാറ്റങ്ങൾ വന്നിട്ടുണ്ട്. ഞാൻ ക്ലാസ് എടുക്കാൻ പോകുന്ന സ്ഥലങ്ങളില കുട്ടികൾ പറയുന്നത് കേട്ടിട്ടുണ്ട് അവരെയും മെഡിക്കൽ ബോർഡ് തള്ളിക്കളഞ്ഞതാണെന്നൊക്കെ.
∙ സ്വയം വിശ്വസിക്കുക
നമുക്ക് നമ്മുടെ പരിമിതികളെക്കുറിച്ചു കൃത്യമായി അറിയാം. നമുക്ക് എന്തു ചെയ്യാൻ പറ്റുമെന്നും പറ്റില്ലല്ലെന്നും നമുക്കു മാത്രമേ അറിയാൻ പറ്റൂ. മറ്റുള്ളവർ മുൻവിധിയോടെ പെരുമാറിയേക്കാം. അവർക്ക് പറയുന്നതിനു പരിധികളുണ്ട്. നമ്മൾ ഒന്നു മനസ്സിലുറപ്പിച്ചാൽ അതു നടപ്പിലാക്കാൻ പറ്റും. കൂടെ നിൽക്കാൻ ആളുകളുമുണ്ടാകും. ഞാൻ നേടിയെടുത്തതൊന്നും എന്റെ മാത്രം കഴിവുകൊണ്ടല്ല. എനിക്കു പിന്തുണ നൽകാൻ ഒരുപാട് പേരുണ്ടായിരുന്നു. എനിക്കു ചെയ്യാൻ പറ്റും എന്നു വിശ്വസിച്ചു മുന്നോട്ടു പോകുക. സാധ്യമല്ലാത്തതായി ഒന്നുമില്ല. നമ്മൾ നമുക്കു തന്നെ നിയന്ത്രണങ്ങൾ വയ്ക്കുമ്പോഴാണ് പലതും അസാധ്യമായി തോന്നുന്നത്.
തിരുവല്ല സ്വദേശികളായ സോമനാഥപിള്ളയുടെയും മിനിയുടെയും മകളായ ഡോ. സാന്ദ്ര സോമനാഥ് ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജിൽ എംബിബിഎസ് പൂർത്തിയാക്കി ഹൗസ്‌സർജൻസി ചെയ്യുകയാണ്. ജീവിതത്തിലെ കയറ്റിറക്കങ്ങളെക്കുറിച്ചും സ്വപ്നസാക്ഷാത്കാരത്തെക്കുറിച്ചും സാന്ദ്ര സംസാരിക്കുന്നു.
∙ പരീക്ഷയടുക്കുമ്പോൾ ഫ്രാക്ചറെത്തും മുടങ്ങാതെ
എട്ടുമാസം പ്രായമുള്ളപ്പോഴാണ് എന്റെ അസുഖം വീട്ടുകാർ തിരിച്ചറിഞ്ഞത്. നാലാം ക്ലാസ് വരെ സ്കൂളിൽ പോയിട്ടില്ല. വീട്ടിലിരുന്നു പഠിച്ച് പരീക്ഷയെഴുതുകയായിരുന്നു. അഞ്ചാം ക്ലാസിൽ, അമ്മയുടെ സഹോദരി ജോലി ചെയ്യുന്ന സ്കൂളിൽ മലയാളം മീഡിയത്തിൽ ചേർന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ മൂലം സ്ഥിരമായി പോകാൻ കഴിഞ്ഞിരുന്നില്ല. ഒൻപതാം ക്ലാസ് മുതലാണ് സ്ഥിരമായി സ്കൂളിൽ പോയത്. അതിനുശേഷം പ്ലസ് വണിന് അമ്മ പഠിപ്പിക്കുന്ന സ്കൂളിൽ ചേർന്നു. മെഡിസിനു ചേരാൻ ആഗ്രഹമുള്ളതുകൊണ്ട് ദർശന അക്കാദമിയിൽ പരിശീലനത്തിനു ചേർന്നു. ആ സമയത്ത് എൻട്രൻസ് കോച്ചിങ് സെന്ററിൽ വച്ച് കാലിനു പൊട്ടൽ വന്നു. രണ്ടു മാസത്തോളം ആശുപത്രിയിലായി. പരീക്ഷ എഴുതാൻ പറ്റുമോ എന്നു പോലും ഉറപ്പില്ലാത്ത അവസ്ഥ. ആ സമയത്തു ഡോക്ടർമാരുടെ പിന്തുണ ഒരിക്കലും മറക്കാൻ കഴിയില്ല. ചികിൽസയൊക്കെ കൃത്യമായി ക്രമീകരിച്ച് അവർ പരീക്ഷയെഴുതാൻ അവസരമൊരുക്കിത്തന്നു.
∙ മികച്ച വിജയം കരസ്ഥമാക്കി പക്ഷേ...
എൻട്രൻസ് പരീക്ഷയിൽ കേരളത്തിലെ ഡിസെബിലിറ്റി കാറ്റഗറിയിൽ മൂന്നാം റാങ്കും ഓൾ ഇന്ത്യാ തലത്തിൽ 52–ാം റാങ്കും ഉണ്ടായിരുന്നു. അങ്ങനെ ആലപ്പുഴ മെഡിക്കൽ കോളജിൽ അഡ്മിഷൻ ലഭിച്ചു. അതിനു മുന്‍പ് ഒരു മെഡിക്കൽ ബോർഡ് ഉണ്ടായിരുന്നു അത് അറ്റൻഡ് ചെയ്താലേ കോഴ്സിന് ജോയിൻ ചെയ്യാൻ സാധിക്കൂ. ആ ബോർഡിലെ അധികൃതർ വളരെ മോശമായിട്ടാണു സംസാരിച്ചത്. എനിക്ക് എംബിബിഎസ് എടുക്കാൻ പറ്റില്ല, ഒരുപാട് സ്ട്രഗിൾ ചെയ്യേണ്ടി വരും എന്നൊക്കെ പറഞ്ഞ് വല്ലാതെ നിരുത്സാഹപ്പെടുത്തി. മെഡിക്കൽ ബോർഡിലെ ഡോക്ടർമാരൊക്കെ പിന്തുണച്ചെങ്കിലും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എതിർത്തു. അവരുടെ പെരുമാറ്റം എന്നെ വളരെയധികം വേദനിപ്പിച്ചതുകൊണ്ട് ഞാൻ അവിടെനിന്നു കരഞ്ഞു. അതുകണ്ട് ഒരു ഡോക്ടർ വന്നു സമാധാനിപ്പിച്ചു. ആഗ്രഹിച്ച മെഡിക്കൽ പ്രഫഷനിലേക്കെത്താൻ അദ്ദേഹം ഒരുപാട് സഹായിച്ചു. അദ്ദേഹത്തിന്റെ റിസ്ക്കിൽ അഡ്മിഷൻ നൽകാമെന്ന് അധികൃതർ സമ്മതിച്ചു. അങ്ങനെയാണ് എംബിബിഎസിന് അഡ്മിഷൻ കിട്ടിയത്. അങ്ങനെ ആലപ്പുഴ മെഡിക്കൽ കോളജിൽ ചേർന്നു.
∙ കോളജ് ലൈഫിലും വില്ലനായി ഫ്രാക്ചറുകൾ
കോളജ് അത്രയ്ക്ക് ഭിന്നശേഷി സൗഹൃദപരമല്ലായിരുന്നു. ഫസ്റ്റ് ഇയറിൽ ഹോസ്റ്റലിൽ ആയിരുന്നു. എക്സാമിന്റെ സമയത്ത് ഫ്രാക്ചർ ഉണ്ടായി. ബെഡ് റെസ്റ്റിലായിരുന്നു. അങ്ങനെ ഒരുപാട് അറ്റൻഡൻസ് പോയി. അറ്റൻഡൻസ് ഇല്ലാത്തതിനാൽ ഫസ്റ്റ് ഇയർ എക്സാം എഴുതിക്കില്ല എന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. അങ്ങനെ 6 മാസം കഴിഞ്ഞ് ഞാൻ അഡീഷനൽ ബാച്ചിലേക്കായി. അവരുടെ കൂടെ എക്സാം എഴുതി. ആദ്യതവണ തന്നെ എല്ലാ പേപ്പറും കിട്ടി. സപ്ലിമെന്ററി എക്സാമിന്റെ സമയമായപ്പോൾ അച്ഛന് ഒരു ബൈപാസ് സർജറി ചെയ്യേണ്ടി വന്നു. എനിക്ക് ആ സമയത്ത് കാലിന് വീണ്ടും വേദന വരുകയും നടക്കാനോ പടി കയറാനോ പറ്റാതെ വരുകയും ചെയ്തു. പരീക്ഷയ്ക്ക് എന്നെ കൊണ്ടുപോകാൻ ആരും ഇല്ലാത്തതിനാൽ എഴുതണ്ട എന്നു തീരുമാനിച്ചു. പക്ഷേ അച്ഛന്റെ സഹോദരന്റെയും എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെയും സഹായംകൊണ്ട് എക്സാം എഴുതാൻ സാധിച്ചു. കസേരയിലെടുത്താണ് എക്സാം എഴുതാൻ കൊണ്ടു പോയത്.
ഈ ബുദ്ധിമുട്ടുകളൊക്കെ കണ്ടതുകൊണ്ട് പിന്നീട് കോളജിൽ റാംപ് ഒക്കെ വന്നു. എന്റെ ബുദ്ധിമുട്ടുകൾ കണ്ട് അങ്ങനെ കുറേ മാറ്റങ്ങൾ ഒക്കെ കോളജിൽ വരുത്തി. ഞാൻ കാരണം അങ്ങനയൊക്കെ മാറ്റങ്ങൾ വന്നതു കണ്ടപ്പോൾ സന്തോഷം തോന്നി. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതുകൊണ്ട് എന്നെപ്പോലെയുള്ള ഒരുപാടു പേരുടെ പഠന സ്വപ്നങ്ങൾ നടക്കാതെ പോകുന്നുണ്ട്. എല്ലാവരെയും മാതാപിതാക്കൾക്ക് എടുത്തു കൊണ്ടു പോകാൻ പറ്റില്ലല്ലോ. ബിരുദ പഠനകാലത്ത് അച്ഛൻ എന്നെ കോളേജിലാക്കി ക്ലാസ് കഴിയുന്നതുവരെ പുറത്തു കാത്തിരിക്കുമായിരുന്നു.
∙ സഹജീവിയോട് സഹാനുഭൂതിയോടെ പെരുമാറാൻ പഠിക്കാം
കുട്ടിക്കാലത്ത് സുഹൃത്തുക്കളൊക്കെ വളരെ നന്നായി സഹായിച്ചിട്ടുണ്ട്.അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള സുഹൃത്തുക്കൾ എല്ലാത്തിനും ഒപ്പമുണ്ടായിരുന്നു. അത്രയും കരുതലും പിന്തുണയും മുന്നോട്ടുള്ള പഠനകാലത്തില്ലായിരുന്നു. പക്ഷേ അപ്പോൾ കാര്യങ്ങളൊക്കെ ഒറ്റയ്ക്കു ചെയ്തു ശീലിക്കാൻ തുടങ്ങി. ചെറുപ്പം മുതൽ കുട്ടികളെ സഹാനുഭൂതിയുള്ളവരായും സഹായമനസ്കരായും വളർത്താൻ ശ്രമിക്കണമെന്നാണ് എനിക്ക് സമൂഹത്തോട് പറയാനുള്ളത്.
Content Summary : Dr. Fathima and Dr. Sandra talk about how they defeated osteogenesis imperfecta and caught their dream career