ADVERTISEMENT

‘‘കരയുന്ന കുഞ്ഞിനേ പാലുള്ളൂ’’ എന്ന പഴഞ്ചൊല്ല് മിക്കവരും കേട്ടിട്ടുണ്ടാകും. അവനവന്റെ ആവശ്യങ്ങൾ കൃത്യ സമയത്ത് കൃത്യമായി അറിയിക്കേണ്ടവരെ അറിയിച്ചാലേ അർഹതയുള്ള കാര്യങ്ങൾ ലഭിക്കൂവെന്നാണ് ഇത് ഓർമപ്പെടുത്തുന്നത്. ആത്മാർഥമായി പണിയെടുത്താൽ മാത്രം പോര, ലഭിക്കാനുള്ള സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും കൃത്യമായി മേലധികാരികളിൽ നിന്ന് വാങ്ങിച്ചെടുക്കാൻ മിടുക്കു കൂടിയുണ്ടെങ്കിലേ ജോലിയിൽ ഉയർച്ചയുണ്ടാകൂ.

അല്ലെങ്കിൽ വിരമിക്കുന്നതു വരെ ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ’ ജീവിക്കേണ്ടി വരും. പല കാര്യങ്ങൾ കൊണ്ടും തിരക്കിലായ മേലധികാരികളെ കാര്യങ്ങൾ കൃത്യസമയത്ത് ബോധിപ്പിക്കുകെന്നത്  വലിയൊരു ടാസ്ക് തന്നെയാണ്. ഉദ്യോഗാർഥികളെ ജോലിക്കെടുക്കുമ്പോൾ തന്നെ സ്ഥാപനങ്ങൾക്ക് വ്യക്തമായ പദ്ധതി ഉണ്ടായിരിക്കും. ഭാവിയിൽ നേതൃസ്ഥാനം നൽകാവുന്നർ, വകുപ്പ് തലവൻമാർ എന്നിങ്ങനെ നിർണായക പദവികളിലേക്കുള്ളവരെ വളർത്തിക്കൊണ്ടുവരുന്നതും പതിവാണ്. എല്ലാ സ്ഥാപനത്തിലും വിശ്വസ്തരായ ഒരു പറ്റം പേരുണ്ടായിരിക്കും. ചതിക്കാത്ത, ഏതു സാഹചര്യത്തിലും പ്രയോജനപ്പെടുത്താവുന്ന ഇവരായിരിക്കും സ്ഥാപനത്തിന്റെ കരുത്ത്. കരിയർ മോഹങ്ങൾ തുറന്നുപറഞ്ഞുകൊണ്ടു തന്നെ സ്ഥാപനം പദവികൾ ഏൽപിക്കുന്നവരായി മാറാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ, ഈ ശ്രമത്തിൽ പലരും വെറുക്കപ്പെട്ടവരായി മാറാം. സംശയമുനയിലാകുകയും ചെയ്യാം. ഇതൊഴിവാക്കാൻ ചില മാർഗങ്ങളുണ്ട്. 

പ്രമോഷൻ ചോദിച്ചു വാങ്ങാൻ മടിക്കണ്ട
ജീവനക്കാരുടെ പ്രകടനത്തിന്റെ ഔദ്യോഗിക രേഖയായ അപ്രൈസൽ അഥവാ നിലവാര ചർച്ചയും മേലധികാരിയുമായുള്ള മീറ്റിങ്ങുമുള്ള സ്ഥാപനമാണെങ്കിൽ കരിയർ ലക്ഷ്യങ്ങൾ പങ്കുവയ്ക്കാൻ മികച്ച അവസരമാണ്. വർഷങ്ങളായി നിലവിലെ പദവിയിൽ തന്നെ തുടരുന്നവരാണെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി സ്ഥാനക്കയറ്റത്തെ ക്കുറിച്ച് ഓർമിപ്പിക്കാം. പ്രധാന പദ്ധതികളുടെ ഭാഗമായിട്ടുണ്ടെങ്കിൽ അവ ശ്രദ്ധയിൽപ്പെടുത്താനുള്ള അവസരം കൂടിയാണിത്. ഏതെങ്കിലും പ്രത്യേക മേഖലയിൽ കൂടുതൽ പരിശീലനമോ കഴിവോ ആർജിക്കാൻ ആഗ്രഹിക്കുന്നു വെങ്കിൽ അക്കാര്യവും വ്യക്തമാക്കാം. ഓരോ വർഷത്തെയും നിലവാര ചർച്ച അടുത്ത വർഷത്തേക്കു മാത്രമല്ല, ഭാവിയിലേക്കു കൂടിയുള്ള കരിയർ പ്ലാൻ ആയിരിക്കും. ലക്ഷ്യങ്ങളും മോഹങ്ങളും തുറന്നുപറഞ്ഞും സ്ഥാപന ത്തോടുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിച്ചും പുതിയ ലക്ഷ്യത്തിലേക്കു കുതിക്കാനുള്ള അവസരവുമാണ്. ചർച്ചയ്ക്ക് അവസരം ലഭിക്കാതിരിക്കുകയോ ആഗ്രഹങ്ങൾ വ്യക്തമാക്കാൻ അവസരം കിട്ടാതിരിക്കുകയോ ചെയ്താൽ ഇക്കാര്യങ്ങൾ എഴുതി സമർപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കണം. പേപ്പറിൽ എഴുതിവയ്ക്കുന്നവ പെട്ടെന്ന് അധികൃതർക്ക് അവഗണിക്കാനാവില്ല. നടപടികൾ ഉണ്ടായില്ലെങ്കിൽ അക്കാര്യം അധികൃതരെ ഓർമിപ്പിക്കാനുള്ള അവസരം കൂടിയാണത്. 

നൈപുണ്യ വർധനവിനുള്ള ഒരവസരവും പാഴാക്കരുത്
എല്ലാ സ്ഥാപനങ്ങളും ജീവനക്കാർക്ക് പരിശീലന പദ്ധതികൾ ഏർപ്പെടുത്താറുണ്ട്. ഇത്തരം പദ്ധതികളില്ലെങ്കിലോ അവസരം ലഭിക്കാതിരിക്കുകയോ ചെയ്താൽ അക്കാര്യം മേലധികാരിയെ വ്യക്തമായി അറിയിക്കണം. ഒരു പ്രത്യേക മേഖലയിൽ അറിവ് ആർജിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അക്കാര്യവും വ്യക്തമാക്കണം. സ്ഥാപനത്തിന്റെ സഹായത്താലല്ലാതെ സ്വന്തമായി പഠിക്കാനോ പരിശീലനത്തിനോ ശ്രമിക്കുകയാണെങ്കിൽ അക്കാര്യം പറയുകയും നേട്ടം രേഖകളിൽ ഉൾപ്പെടുത്തുകയും വേണം. ചില പ്രത്യേക പദവികളിലേക്കു നിയോഗിക്കുന്നവർക്കു വേണ്ടി സ്ഥാപനങ്ങൾ കൂട്ടായ പരിശീലന പദ്ധതികൾ നടത്തുന്നതും പതിവാണ്. ഒരു സെക്‌ഷന്റെ ചാർജ് ഏൽപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് ജീവനക്കാരെ കൈകാര്യം ചെയ്യുന്നതിൽ ഉൾപ്പെടെ പരിശീലനം നൽകുന്ന പതിവുമുണ്ട്. ഇത്തരം അവസരങ്ങൾ എല്ലാ ഘട്ടത്തിലും പ്രയോജനപ്പെടുത്തണം. 

സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യാം
ചില ഉദ്യോഗാർഥികൾ ജോലി തുടങ്ങുന്നതു തന്നെ സൂപ്പർ താരങ്ങൾ എന്ന പരിവേഷത്തോടെ ആയിരിക്കും. ജോലിക്കുള്ള അഭിമുഖത്തിൽ തന്നെ ഇത്തരക്കാർ തങ്ങളുടെ സ്വപ്നങ്ങളും പങ്കുവച്ചേക്കാം. എന്നാൽ വർഷങ്ങൾ കഴിയുമ്പോൾ ഇത്തരക്കാർ ആഗ്രഹിച്ച സ്ഥാനങ്ങളിൽ എത്തണമെന്നില്ല. ആഗ്രഹത്തെ പ്രവൃത്തിയിലൂടെ യാഥാർഥ്യമാക്കാൻ കഴിയാത്തതാണ് ഇവരുടെ പ്രശ്നം. വെറും വാക്കുകൾ ആരെയും എവിടെയും എത്തിക്കില്ല. ആഗ്രഹങ്ങൾ നല്ലതായിരിക്കുമ്പോൾ തന്നെ അവയ്ക്കുവേണ്ടി പ്രവർത്തിക്കാനും കഠിനാധ്വാനം ചെയ്യാനും കഴിവുണ്ടായിരിക്കണം. കഠിനാധ്വാനവും സമർപ്പണവും കൊണ്ടു മാത്രമേ മികച്ച പേരും അംഗീകാരവും നേടാൻ കഴിയൂ. ഓരോ സ്ഥാപനത്തിനും സവിശേഷമായ രീതികളും സംസ്കാരവും ഉണ്ടായിരിക്കും. വിശ്വസിക്കാവുന്ന മുതിർന്നവരോട് സംസാരിച്ച് സ്ഥാപനത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കിയ ശേഷം മാത്രം ആഗ്രഹങ്ങൾ തുറന്നുപറയുന്നതായിരിക്കും മികച്ച മാർഗം. 

സഹപ്രവർത്തകരിൽ അസ്വസ്ഥത പടർത്തരുത്
സ്ഥാനക്കയറ്റം കിട്ടുമ്പോൾ തന്നെ, ഭാവിയിൽ ലഭിക്കാനിരിക്കുന്ന സ്ഥാനം ലക്ഷ്യമാക്കി പ്രവർത്തനം തുടങ്ങുന്നതു ചിലരുടെയെങ്കിലും രീതിയാണ്. ഇത് മേലധികാരികളെ മാത്രമല്ല സഹപ്രവർത്തകരെയും അസ്വസ്ഥരാക്കുകയും ശത്രുക്കളാക്കുകയും ചെയ്യും. ലഭിച്ച പദവിയിൽ ശ്രദ്ധിക്കുകയാണു വേണ്ടത്. ഭാവിയെക്കുറിച്ചുള്ള ആലോചന നന്നായി ജോലി ചെയ്യാൻ ഒരിക്കലും തടസ്സമാകരുത്. സ്ഥാനക്കയറ്റം ഒന്നിലേറെ പേർ ആഗ്രഹിച്ചിട്ടുണ്ടായിരിക്കും. എല്ലാവർക്കും എല്ലാ പദവികളും ലഭിക്കണമെന്നില്ല. ലഭിച്ച പദവിയിൽ സന്തുഷ്ടിയോടെ ജോലി ചെയ്യുകയാണു വേണ്ടത്. ഇത് മേലധികാരികൾക്ക് മതിപ്പുണ്ടാക്കുന്നതിനു പുറമേ, കൂടുതൽ ഉയർന്ന പദവികളിലേക്ക് പരിഗണിക്കാനുള്ള സാധ്യതയും വർധിപ്പിക്കും. 

English Summary:

How to Earn that Well-Deserved Promotion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com