‘‘നിങ്ങളെല്ലാവരും കൂടി കഴുകിയിട്ടുള്ളതിലേറെ ടോയ്‌ലറ്റുകൾ ഞാൻ കഴുകിയിട്ടുണ്ട്’’: എൻവിഡിയ സിഇഒ ജെൻസെൻ ഹുവാങ്
Mail This Article
‘‘എന്നെ സംബന്ധിച്ചിടത്തോളം ഒരു ജോലിയും ചെറുതല്ല. ഞാൻ പാത്രങ്ങൾ കഴുകിയിട്ടുണ്ട്. ടോയ്‌ലറ്റ് കഴുകിയിട്ടുണ്ട്. ഒരുപക്ഷേ നിങ്ങളെല്ലാവരും കൂടി കഴുകിയിട്ടുള്ളതിലേറെ ടോയ്‌ലറ്റുകൾ ഞാൻ കഴുകിയിട്ടുണ്ട്’’– എൻവിഡിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജെൻസെൻ ഹുവാങ്ങിന്റെ ഈ വാക്കുകൾ ഇപ്പോൾ വൈറലാണ്. യുഎസിലെ ഹാർവഡിൽ ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ മാർച്ചിൽ നടന്ന പരിപാടിയിലാണ് ജോലിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഹുവാങ് പങ്കുവച്ചത്.
‘‘ഞാൻ പരിശോധിക്കണമെന്നു തോന്നുന്ന എന്തെങ്കിലും നിങ്ങൾ എനിക്ക് അയച്ചുതരൂ. പൂർണ ആത്മാർഥതയോടെ ഞാൻ ആ ജോലി ചെയ്യും. ഞാനാണെങ്കിൽ എങ്ങനെയാണ് ആ ജോലി ചെയ്യുകയെന്നു കാട്ടിത്തരും.’’ ഹാർവഡിലെ കൂടിക്കാഴ്ചയുടെ ഒരു ഭാഗം അഭിനന്ദനസന്ദേശവുമായി ടെസ്‌ല കമ്പനിയുടെ സ്ഥാപകൻ ഇലോൺ മസ്ക് എക്സ് പ്ലാറ്റ്ഫോമിൽ ട്വീറ്റ് ചെയ്തതോടെയാണ് ഹുവാങ്ങിന്റെ വാക്കുകൾ ചർച്ചയായത്.
ഓഹരിമൂല്യത്തിൽ മൈക്രോസോഫ്റ്റി നോടും ആപ്പിളിനോടും മത്സരിച്ചു നിൽക്കുന്ന ചിപ് നിർമാണക്കമ്പനിയുടെ മേധാവിയുടെ വാക്കുകൾക്കു കരിയർ ലോകത്തു കൽപിക്കപ്പെടുന്ന വില എടുത്തുപറയേണ്ടല്ലോ.
ഗാലറിയുടെ കയ്യടിക്കുവേണ്ടി എന്തെങ്കിലും പറയുന്നയാളല്ല ഹുവാങ് എന്നതിന് അദ്ദേഹത്തിന്റെ മുൻ ഇന്റർവ്യൂകൾ തെളിവായുണ്ട്. ‘കടുത്ത പെർഫക്‌ഷനിസ്റ്റ്’, ‘ഒപ്പം ജോലി ചെയ്യാൻ ഒട്ടും എളുപ്പമല്ലാത്തയാൾ’ എന്നിങ്ങനെ ജീവനക്കാർ വിശേഷിപ്പിക്കുന്ന തിനെക്കുറിച്ച് മുൻപൊരു ഇന്റർവ്യൂവിൽ ഹുവാങ്ങിനു നേരെ ചോദ്യമുയർന്നിരുന്നു. ‘വളരെ കൃത്യമായ നിരീക്ഷണങ്ങൾ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വേറിട്ട കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നയാളാണു നിങ്ങളെങ്കിൽ അതങ്ങനെയായിരിക്കുമല്ലോ എന്നും ഹുവാങ് ചോദിക്കുന്നു.