30 കിലോമീറ്റർ പരിധിയില്ല, സർക്കാർ ജീവനക്കാർക്ക് ഇനി എത്രദൂരെപ്പോയും പഠിക്കാം
Mail This Article
മുൻ ഉത്തരവിലെ ദൂരപരിധി വ്യവസ്ഥ ഒഴിവാക്കി കേരള സർക്കാർ ജീവനക്കാർ സായാഹ്ന / പാർട്–ടൈം ഉപരിപഠന കോഴ്സുകളിൽ പങ്കെടുക്കുമ്പോൾ സ്വന്തം സ്ഥാപനത്തിൽനിന്നു പഠനകേന്ദ്രത്തിേലക്കുള്ള ദൂരം 30 കിലോമീറ്റർ കവിയരുതെന്ന നിയന്ത്രണം നീക്കി സർക്കാർ ഉത്തരവായി. (ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഉപദേശ–സി) വകുപ്പിന്റെ 24.09.24ലെ 381/2024- P&ARD ഉത്തരവ്). സായാഹ്ന / പാർട്–ടൈം / വിദൂര / ഓൺലൈൻ കോഴ്സുകളിൽ പങ്കെടുക്കുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള ഇക്കൊല്ലം ജൂൺ ഏഴിലെ ഉത്തരവിലുണ്ടായിരുന്ന ദൂരപരിധി ഇപ്പോൾ ഒഴിവാക്കി. പക്ഷേ ഇതനുസരിച്ച് അനുമതി നൽകുമ്പോൾ മേലധികാരി പാലിക്കേണ്ട വ്യവസ്ഥ ഉത്തരവിലുണ്ട്: ‘‘പാർട്–ടൈം കോഴ്സുകൾ ഓൺലൈനായോ, പ്രവൃത്തിദിവസങ്ങളിൽ ക്ലാസുകൾ ഇല്ലാത്തതോ ആണെന്നും, ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ കോഴ്സിനു ചേരുന്നത് ഓഫിസ് പ്രവർത്തനസമയം ഓഫിസിൽ ഹാജരായിരിക്കുന്നതിനു തടസ്സമാകില്ലെന്നും ബന്ധപ്പെട്ട അധികാരി ഉറപ്പു വരുത്തേണ്ടതാണ്.’’
കോഴ്സ് തുടങ്ങുന്നതിനു 2 മാസം മുൻപ് വകുപ്പുമേധാവിക്ക് അപേക്ഷ നൽകണം. അപേക്ഷ കിട്ടി 15 ദിവസത്തിനകം വകുപ്പുമേധാവി തീരുമാനമെടുക്കണം. ജില്ലാമേധാവി വഴി നേരിട്ടോ ഓൺലൈനായോ അനുമതിക്ക് അപേക്ഷിക്കാം; അനുമതി നിഷേധിക്കുന്നപക്ഷം അപ്പീലിന് അവസരമുണ്ട്. ഓഫിസ്നേരത്ത് ഓൺലൈനോ ഓഫ്‌ലൈനോ ആയി കോഴ്സിൽ പങ്കെടുക്കരുത്.അനുമതി കൂടാതെ കോഴ്സിൽ ചേരുന്നവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കും. കോഴ്സിൽ ചേർന്ന ജീവനക്കാരും അടിയന്തരഘട്ടങ്ങളിൽ മേലധികാരികളുടെ നിർദേശാനുസരണം ഓഫിസ്നേരം കഴിഞ്ഞും ഔദ്യോഗികകൃത്യങ്ങൾ നിർവഹിക്കേണ്ടിവരും. കോഴ്സിൽ പങ്കെടുക്കുന്നതുകൊണ്ട് വിശേഷ ഇളവുകൾ ലഭിക്കില്ല. നിബന്ധനകൾ ലംഘിക്കുന്നപക്ഷം പഠനാനുമതി പിൻവലിക്കും. കോഴ്സിൽ പഠിക്കുന്നത് സ്ഥലംമാറ്റത്തിൽ ഇളവു ലഭിക്കാനുള്ള കാരണമായി കരുതില്ല.