രാജ്യം സ്വന്തമാക്കിയ നേട്ടങ്ങൾ കൂടുതൽ യുവാക്കളിലേക്കെത്തണം; സെൽഫി പോയിന്റുകൾ ഏർപ്പെടുത്താൻ യുജിസി നിർദേശം
Mail This Article
ന്യൂഡൽഹി ∙ വിവിധ മേഖലകളിൽ രാജ്യം സ്വന്തമാക്കിയ നേട്ടങ്ങൾ കൂടുതൽ യുവാക്കളിലേക്കെത്തിക്കാൻ ‘സെൽഫി പോയിന്റു’കൾ സജ്ജീകരിക്കണമെന്നു യുജിസി നിർദേശം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച 3ഡി ലേ ഔട്ടിന്റെ മാതൃകയിൽ മാത്രമേ ഇവ ക്രമീകരിക്കാൻ പാടുള്ളൂവെന്നും യുജിസി സെക്രട്ടറി പ്രഫ. മനീഷ് ആർ. ജോഷി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.
പിഎം ശ്രീ സ്കൂളായി മാറ്റപ്പെട്ട കേന്ദ്രീയ വിദ്യാലയങ്ങളിൽ ഉൾപ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപത്തിനൊപ്പം ചിത്രമെടുക്കാനുള്ള പോയിന്റുകൾ സജ്ജീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണു കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യുജിസിയുടെയും നീക്കം.
‘ആഗോള തലത്തിൽ രാജ്യം സ്വന്തമാക്കിയ വളർച്ച എല്ലാവരിലേക്കും എത്തിക്കുന്ന വിധത്തിൽ വേണം ഇവ സജ്ജീകരിക്കാൻ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലും മറ്റും പോസ്റ്റ് ചെയ്യാൻ വിദ്യാർഥികളെയും സ്ഥാപനം സന്ദർശിക്കുന്നവരെയും പ്രോത്സാഹിപ്പിക്കണം’– കത്തിൽ പറയുന്നു.