വിദേശപഠന വായ്പയിൽ കേരളം ഒന്നാമത്; 5 വർഷത്തിനിടെ നൽകിയത് 11,872 കോടി രൂപ

Mail This Article
ന്യൂഡൽഹി ∙ 5 വർഷത്തിനിടയിൽ വിദേശപഠനത്തിനായി പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ഏറ്റവും കൂടുതൽ വായ്പയെടുത്തത് കേരളം. 2019 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ 11,872 കോടി രൂപയാണ് കേരളത്തിൽ വിദേശപഠന വായ്പയായി പൊതുമേഖലാ ബാങ്കുകൾ അനുവദിച്ചത്. ഇതിൽ 7,620 കോടി രൂപ 66,159 പേരുടെ അക്കൗണ്ടിലേക്കു നൽകി. രണ്ടാമതുള്ള മഹാരാഷ്ട്രയിൽ 39,902 പേരാണ് വായ്പയെടുത്തത്. രാജ്യമാകെ അനുവദിച്ച വിദേശ വിദ്യാഭ്യാസ വായ്പകളിൽ 18.57 ശതമാനവും കേരളത്തിലാണ്. രാജ്യസഭയിൽ ജെബി മേത്തർക്ക് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നൽകിയ മറുപടിയിലാണ് കണക്കുകളുള്ളത്.

അവസരങ്ങളുടെ ആകാശം
ആൺ–പെൺ വ്യത്യാസമില്ലാതെ നമ്മുടെ കുട്ടികൾ വിദേശ വിദ്യാഭ്യാസം സ്വപ്നം കാണുന്നവരാണ്. ഈ ഇഷ്ടത്തിനു പിന്നിലെ കാരണങ്ങൾ തേടി നടന്ന അന്വേഷണങ്ങളിൽ അറിയാനായ പ്രധാന കാര്യം, നാട്ടിൽ നിന്നു പോകാനാഗ്രഹിക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നതാണ്. യൂറോപ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നു തുടങ്ങി സ്വപ്നതുല്യമായ പഠനത്തിനും ജീവിതത്തിനും നിരവധി സ്ഥലങ്ങൾ അവരുടെ മനസ്സിലുണ്ട്. പഠനത്തിനുശേഷം ജോലിയും ജീവിതവും അവിടെത്തന്നെ എന്നതാണു മിക്കവരുടെയും തീരുമാനം. നീ വിദേശത്തു സെറ്റിലായിട്ടു വേണം ഞങ്ങൾക്കും അവിടേക്കു കുടിയേറാൻ എന്ന നിലപാടോടെ മാതാപിതാക്കളും അവരിൽ ചിലരുടെയെങ്കിലും പന്നിലുണ്ട്.

ടെൻഷൻ വേണ്ട മക്കൾ പറക്കട്ടെ
മലയാളിയുടെ കുടിയേറ്റത്തോടുള്ള പ്രണയം പ്രസിദ്ധമാണ്. തൊഴിലിനു വേണ്ടിയാണ് പണ്ടു ചെറുപ്പക്കാർ കടൽ കടന്നിരുന്നതെങ്കിൽ, ഇന്ന് പന്ത്രണ്ടാം ക്ലാസ് കഴിയുന്നതും പറന്നകലാൻ വെമ്പുകയാണ് കുട്ടികൾ. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരം, ഉയർന്ന ജോലി സാധ്യത, മെച്ചപ്പെട്ട ജീവിത സാഹചര്യം എന്നിവയെല്ലാം കുട്ടികളെ വിദേശത്തേക്ക് ആകർഷിക്കുന്നുണ്ട്. സാംസ്കാരിക സമ്പർക്കത്തിനും അവർ പ്രാധാന്യം നൽകുന്നു. താൽപര്യമുള്ള പഠന മേഖല, തുടർപഠന, ഗവേഷണ തൊഴിൽ സാധ്യതകൾ എന്നിവ വിലയിരുത്തിയശേഷം മാത്രമേ വിദേശപഠനം തിരഞ്ഞെടുക്കാവൂ. ഇഷ്ടമുള്ള കോഴ്സ് പഠിക്കാൻ ഇണങ്ങുന്ന രാജ്യം തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം. മതിയായ സാമ്പത്തിക പിന്തുണ നൽകാൻ കഴിയുമെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. ഇതിനായി മക്കളുമൊന്നിച്ചിരുന്ന് ബജറ്റ് വിലയിരുത്തണം. വീട്ടിൽ നിന്നു മാറി വിദേശരാജ്യത്ത് ഒറ്റയ്ക്കു താമസിക്കാനുള്ള പക്വത കുട്ടിക്ക് വന്നിട്ടുണ്ടോയെന്ന് മാതാപിതാക്കൾ വിലയിരുത്തണം. കുട്ടികളോടു സ്വയം വിലയിരുത്താനും പറയുക. അമേരിക്ക, യുകെ, ഓസ്ട്രേലിയ, കാനഡ, ന്യൂസീലൻഡ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ജർമനി, ഫ്രാൻസ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാണ് മലയാളിക്കുട്ടികൾ കൂടുതലും പറക്കുന്നത്.
വിദേശ പഠനത്തിനും വിദ്യാഭ്യാസ ലോൺ; എളുപ്പത്തിൽ ലഭിക്കുമോ
വിദേശത്ത് പഠിക്കുകയെന്നത് ഏതൊരു വിദ്യാർഥിയുടെയും സ്വപ്നമാണ്. അഭിരുചിയ്ക്കൊപ്പം ഒരോ വിദ്യാർഥിയുടെയും സാമ്പത്തിക സ്ഥിതിയും അനുസരിച്ചേ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കൂ. ഒരായുസ്സിലെ സമ്പാദ്യം മുഴുവൻ ചെലവഴിച്ചു മക്കളെ പഠിക്കാൻ വിടുകയെന്നതും അത്ര പ്രായോഗികമല്ല. അപ്പോഴാണ് പലരും വിദ്യാഭ്യാസ വായ്പയെക്കുറിച്ച് ചിന്തിക്കുന്നത്. വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ അറിയണം.
വായ്പ എടുക്കുമ്പോൾ
സർക്കാരിന്റെ ജൻസമർഥ് പോർട്ടൽ വഴിയാണ് വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കേണ്ടത്. ബാങ്കും ബ്രാഞ്ചും തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ പോർട്ടലിലുണ്ട്. കോഴ്സിന്റെ ഫീസ് ഘടന, കോഴ്സും കോളജും അംഗീകാരമുള്ളതാണെന്നു വ്യക്തമാക്കുന്ന സർവകലാശാലയുടെയോ കൗൺസിലുകളുടെയോ അപ്രൂവൽ ലെറ്റർ, അഡ്മിഷൻ ലെറ്റർ, മാർക്ക് ലിസ്റ്റ് എന്നീ രേഖകൾ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബാങ്കിൽ നൽകണം.
ബാങ്ക് നൽകുന്ന വിവിധ വായ്പകളിൽ മുൻഗണനാ പരിധിയിൽ വരുന്നതാണ് വിദ്യാഭ്യാസ വായ്പകൾ. പഠനചെലവിനാവശ്യമായ തുക മാത്രമാണ് വായ്പയായി ലഭിക്കുക. നാലു ലക്ഷം വരെയുള്ള ലോണുകൾക്ക് ഈടു നൽകേണ്ടതില്ല. അതിനു മുകളിലുള്ളവയ്ക്ക് വ്യക്തിഗത ജാമ്യം. ചുറ്റുമതിലുള്ള കാർഷികേതര ഭൂമി, ഫ്ലാറ്റ്, ഫിക്സഡ് ഡിപോസിറ്റ്, ലൈഫ് ഇൻഷുറൻസ് പോളിസികൾ എന്നിവയെല്ലാം ഈടായി നൽകാം. സ്കോളർഷിപ്പുള്ള വിദ്യാർഥികൾക്ക് അതൊഴികെയുള്ള തുകയാണ് വായ്പയായി ലഭിക്കുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാനയത്തിൽ വരുത്തുന്ന മാറ്റങ്ങൾക്കനുസരിച്ച് ഉപാധികൾ മാറും. തിരിച്ചടവിന് 10 മുതൽ 15 വർഷം വരെയാണു കാലാവധി. കോഴ്സിന്റെ കാലാവധി പൂർത്തിയായി ഒരു വർഷം കഴിയുമ്പോൾ ജോലി കിട്ടിയാലും ഇല്ലെങ്കിലും തിരിച്ചടവു തുടങ്ങണം. തിരിച്ചടയ്ക്കുന്ന പലിശയ്ക്ക് ആദായനികുതി ഇളവും ലഭിക്കും.
പാർട് ടൈം ജോലിയും ഇൻഷുറൻസും
പഠനത്തോടൊപ്പവും അവധി ദിവസങ്ങളിലും വിദ്യാർഥികൾ സർവകലാശാലയ്ക്കുള്ളിലും പുറത്തുമായി വരുമാന മാർഗങ്ങൾ കണ്ടെത്താറുണ്ട്. പഠനകാലത്ത് ജോലി ചെയ്തു വരുമാനം നേടുന്നത് വിദ്യാർഥികളിൽ ഉത്തരവാദിത്തവും കാര്യശേഷിയും വർധിപ്പിക്കും. വിദേശവിദ്യാഭ്യാസ ഏജൻസികളും ഇതിനു സഹായം നൽകാറുണ്ട്. ചെലവുകൾക്ക് ആവശ്യമായ തുകയുടെ ഒരുഭാഗം ഇങ്ങനെ നേടാം. വലിയ സമ്പാദ്യം നേടിയെടുക്കാനുള്ള അവസരമല്ല ഇത്. വിദ്യാർഥികൾക്ക് എത്ര സമയം ജോലി ചെയ്യാം. എന്നതിൽ കർശന നിയന്ത്രണങ്ങളുണ്ട്. പാർട് ടൈം ജോലികളിൽ അമിതമായി ഏർപ്പെട്ടാൽ പഠനനിലവാരം മോശമാകാതെയിരിക്കാനാണ് ഇത്തരം നിയന്ത്രണങ്ങൾ. അപ്രതീക്ഷിത ചെലവുകൾ മറികടക്കാൻ നിരവധി ഇൻഷുറൻസുകളും സഹായിക്കും. വിദേശ രാജ്യങ്ങളിൽ ലൈഫ് ഇൻഷുറൻസ് മാത്രമല്ല ആരോഗ്യ ഇൻഷുറൻസ്, അപകട ഇൻഷുറൻസ്, നിയമച്ചെലവുകൾക്കായുള്ള ഇൻഷുറൻസ് എന്നിങ്ങനെ അനേകം പരിരക്ഷകളുണ്ട്.
വിദേശപഠന സാധ്യതകളും നടപടിക്രമങ്ങളും വിദഗ്ധരോട് ചോദിക്കാം