അശ്രദ്ധയും ജനിതക തിരുത്തലും; മരം വെട്ടിയാലും കൊറോണ ‘ചാടിവീഴാം’
Mail This Article
മുറ്റത്തിനു സമീപത്തെ ഒരു മരം വെട്ടിയാലും കൊറോണ വന്നേക്കാം. അദ്ഭുതപ്പെടാന്‍ വരട്ടെ. മാരക രോഗങ്ങളുമായി സൂക്ഷ്മജീവികള്‍ ഓരോ വര്‍ഷവും മുടങ്ങാതെ വരുന്ന സാഹചര്യം സംബന്ധിച്ചുള്ള പഠനമാണു പ്രകൃതി വിഭവങ്ങളില്‍നിന്നും മനുഷ്യന്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം പഠിപ്പിക്കുന്നത്. ലോങ്‌ജംപും ഹൈജംപും ഇഷ്ടമാണ് ഏവര്‍ക്കും. എന്നാല്‍ ലോകമെമ്പാടുമുള്ള ശാസ്ത്രസമൂഹം ഇപ്പോള്‍ ഏറ്റവും പേടിക്കുന്നത് ഇങ്ങനെ ഒരു ചാട്ടത്തെതന്നെ. മറ്റൊന്നിനേയുമല്ല, ശാസ്ത്രജ്ഞര്‍ സ്പീഷിസ് ജംപ് എന്നു വിളിക്കും ഈ എടുത്തുചാട്ടത്തെ. വന്യജീവികളുടെ ശരീരത്തിലുള്ളതും അസുഖങ്ങളുണ്ടാക്കുന്നതുമായ സൂക്ഷ്മജീവികളുടെ മനുഷ്യരുടെ ശരീരത്തിലേക്കുള്ള ചാട്ടം.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മനുഷ്യരെ പിടിച്ചു കുലുക്കിയ മാരകരോഗങ്ങളില്‍ പ്രധാനപ്പെട്ടതെല്ലാം ഇങ്ങനെ സൂക്ഷ്മജീവികളുടെ ചാട്ടത്തിലൂടെ വന്നതാണെന്നതാണു ഞെട്ടിപ്പിക്കുന്ന വസ്തുത. ഇങ്ങനെ ചാടിയെത്തി പ്രശ്‌നമുണ്ടാക്കുന്നതില്‍ ഏറ്റവും മുന്‍നിരയിലാണു വൈറസ് എന്നതു പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ ആകുലപ്പെടുന്നു. ഈ ചാട്ടം ഓരോ വര്‍ഷവും കൂടുന്നു. ഇതു തടയണമെങ്കില്‍ നല്ല പുഴകളും മരങ്ങളും വനങ്ങളും ഭൂമിയിലുണ്ടാകണം. എങ്ങനെയെന്നോ...? കുറച്ചുകാലം മുന്‍പു മനുഷ്യജീവനു ഭീഷണി സൃഷ്ടിച്ച സാര്‍സ് വൈറസ് വെരുകില്‍ നിന്നാണു മനുഷ്യരില്‍ എത്തിയത്. മെര്‍സ് വൈറസ് വാഹകര്‍ ഒട്ടകങ്ങളായിരുന്നു. ഒട്ടകങ്ങളില്‍നിന്നു അവ മനുഷ്യരിലേക്കു കുടിയേറിയെത്തി.
കേരളത്തെ അടുത്തിടെ ഏറ്റവും പേടിപ്പെടുത്തിയതു നിപ എന്ന രോഗമാണ്. നിപ വൈറസ് വവ്വാലുകളിലാണു സമൃദ്ധമായി കണ്ടെത്തുക. ധാരാളം സൂക്ഷ്മജീവികളെ ശരീരത്തില്‍ വഹിക്കുന്ന മറ്റൊരു ജീവിയാണു എലി. കുളങ്ങളും പുഴകളും മലിമാകുകയും നഗരങ്ങളിലും ഗ്രാമങ്ങളിലും ഓടകളടക്കം വൃത്തിഹീനമായ സാഹചര്യം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എലികളില്‍ നിന്നു മാലിന്യം മനുഷ്യരില്‍ എത്താനുള്ള സാഹചര്യം വര്‍ധിക്കുന്നു. ഇതുസൃഷ്ടിക്കുന്ന ഭീഷണി വര്‍ധിക്കുന്നതായുള്ള ശാസ്ത്രസമൂഹത്തിന്റെ മുന്നറിയിപ്പിനു പക്ഷേ, വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നുമില്ല.
ഇരട്ടിഭീഷണി സൃഷ്ടിക്കുന്ന ജനിത തിരുത്തലുകള്‍
മൃഗങ്ങളില്‍നിന്നു മനുഷ്യനിലെത്തുക എന്നതാണു ഈ ചാട്ടത്തില്‍ വൈറസുകളുടെ ഏറ്റവും വിഷമകരവും പ്രധാനപ്പെട്ടതുമായ കടമ്പ. ഈ ചാട്ടം വിജയകരമാക്കാന്‍ അവയ്ക്കു കഴിയുന്നതോടെ ഭീഷണി ഇരട്ടിക്കുന്നു. മനുഷ്യകോശങ്ങളില്‍ പെരുകും. ആവശ്യമായ ജനിതക തിരുത്തലുകള്‍ വരുത്തി പെരുകും. ലക്ഷക്കണക്കിനു മനുഷ്യരിലേക്ക് എളുപ്പത്തില്‍ പടര്‍ന്നുകയറും.
ചാട്ടത്തിനു കാരണം മനുഷ്യ അശ്രദ്ധ
സൂക്ഷ്മജീവികളുടെ ചാട്ടത്തിനു കാരണം ലാബും ലബോറട്ടറികളും രാസായുധശാലകളുമൊക്കെയല്ലേ. നമ്മള്‍ എന്തു ചെയ്യാന്‍ എന്നാവും ചിന്ത. എന്നാല്‍ ആ ചിന്ത മാറ്റേണ്ട സമയം കഴിഞ്ഞു. തോടും പുഴകളും പരിസ്ഥിതിയും മരങ്ങളും നശിപ്പിക്കുന്നതു തന്നെയാണു സൂക്ഷ്മജീവികളെ മനുഷ്യനിലേക്കു ചാടാന്‍ പ്രേരിപ്പിക്കുന്നത്. വവ്വാലുകള്‍ക്കും എലികള്‍ക്കും വെരുകിനുമൊക്കെ താമസിക്കാനുള്ള പ്രകൃതിയിലെ ആവാസവ്യവസ്ഥ മനുഷ്യന്‍ നശിപ്പിക്കുന്നതും അങ്ങോട്ടു കയ്യേറുന്നതും സ്പീഷിസ് ജംപിനു കാരണമാകും. സ്വഭാവിക ആവാസവ്യവസ്ഥ നഷ്ടപ്പെടുന്ന ജീവികള്‍ മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ ഒളിത്താവളങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കും.
മലിനമായ ജലസ്രോതസ്സുകളിലൂടെയും സൂക്ഷ്മജീവികള്‍ മനുഷ്യനിലേക്ക് എളുപ്പമെത്തും. കുന്നിടിക്കുകയും തണ്ണീര്‍ത്തടങ്ങള്‍ നികത്തുകയും ചെയ്യുമ്പോള്‍ ഇനി കൊറോണ വരുമെന്നു കൂടി ഓര്‍ക്കുക. കരിങ്കല്‍ ക്വാറികളും ഖനനവുമൊക്കെ നിര്‍ബാധം തുടരുമ്പോഴും ഇതു മറക്കരുതേ. ശാസ്ത്രീയരീതിയിലല്ലാത്ത മാലിന്യസംസ്‌കരണം, കാലാവസ്ഥാ വ്യതിയാനം, രോഗാണുക്കളുടെ ജനിതകഘടനയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതങ്ങള്‍, പ്രതിരോധ സംവിധാനത്തിലുണ്ടാകുന്ന കുഴപ്പങ്ങള്‍ എന്നിവയൊക്കെ ഇത്തരം പുതിയ രോഗാണുക്കളെ സൃഷ്ടിക്കുന്നതും സംക്രമിപ്പിക്കുന്നതും ഗുരുതര വെല്ലുവിളിയാണ്.
സാമൂഹിക അകലം മനുഷ്യര്‍ തമ്മില്‍ തമ്മില്‍ മാത്രം പോര. പ്രകൃതി വിഭവങ്ങളില്‍ നിന്നും സാമൂഹിക അകലം പാലിക്കേണ്ട കാലം അതിക്രമിച്ചു. ഓര്‍മിക്കുക, ഇല്ലെങ്കില്‍ അവന്‍ ചാടിചാടിയെത്തും. കൊറോണയും നിപയും പോലുള്ള മാരകരോഗങ്ങളുമായി സൂക്ഷ്മജീവികള്‍. ഏതുസമയത്തും പ്രതീക്ഷിക്കാം, അവയുടെ ചാട്ടം.
English Summary: How deforestation helps deadly viruses jump from animals to humans