ചൈനയിൽ അപൂർവയിനം പക്ഷിപ്പനി; മനുഷ്യരിൽ രോഗം പകർന്നത് വളർത്തു കോഴിയിൽ നിന്ന്!
Mail This Article
എച്ച്10എൻ3 (H10N3) എന്ന വൈറസ് സ്ട്രെയിൻ മൂലമുണ്ടാകുന്ന അപൂർവയിനം പക്ഷിപ്പനി ചൈനയിൽ രോഗിയിൽ കണ്ടെത്തി. ഈ രോഗം മനുഷ്യരിൽ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ചൈനയിലെ കിഴക്കൻ പ്രവിശ്യയിലെ സെൻജിയാങ് നഗരത്തിലുള്ള നാൽപത്തിയൊന്നുകാരനിലാണു രോഗം സ്ഥിരീകരിച്ചതെന്നു ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു. രോഹി ഇപ്പോൾ ചികിത്സയിലാണെന്നും ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും ചൈനീസ് മാധ്യമമായ സിജിടിഎൻ ടിവി പറയുന്നു.
വളർത്തു കോഴിയിൽ നിന്നാണു രോഗം പകർന്നത്. കടുത്ത പനിയെത്തുടർന്ന് ആശുപത്രിയിലെത്തിയ ശേഷം പരിശോധന നടത്തി. മേയ് 28നാണു രോഗിയിൽ വൈറസ് സ്ഥിരീകരിച്ചത്. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് ഈ വൈറസ് പകരാനുള്ള സാധ്യത വിരളമാണെന്നും ഇതൊരിക്കലും ഒരു മഹാമാരിക്കു വഴിവയ്ക്കില്ലെന്നും ചൈനീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പക്ഷിപ്പനികൾ പല വൈറസ് മൂലമുണ്ടാകാറുണ്ട്. എച്ച്5എൻ1 എന്ന വൈറസ് വകഭേദം മൂലമുണ്ടാകുന്ന രോഗമാണ് ഇതിൽ ഏറ്റവും പ്രശസ്തം. 1997ലാണ് ഇതു മനുഷ്യരിൽ കണ്ടെത്തിയത്. ബാധിക്കപ്പെടുന്നവരിൽ 60 ശതമാനം പേരും മരിച്ചതായാണു കണക്ക്. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് ഈ രോഗം പകരുന്ന സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചുമ, വയറിളക്കം, ശ്വസനതടസ്സം, പനി, തലവേദന, പേശിവേദന തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
ചൈനയിൽ പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങൾ ഉണ്ടായിട്ടുണ്ട്. ഫെബ്രുവരിയിൽ എച്ച്5എൻ8 എന്ന മറ്റൊരു പക്ഷിപ്പനി വകഭേദവും ചൈനയിൽ റിപ്പോർട്ടു ചെയ്തിരുന്നു. ഏപ്രിലിൽ ഷെന്യാങ് നഗരത്തിൽ ചില പക്ഷികളിൽ എച്ച്5എൻ6 എന്ന രോഗവും ഉടലെടുത്തു. ചൈനയിലുണ്ടായ പക്ഷിപ്പനി ബാധയിൽ ഏറ്റവും കടുത്തത് എച്ച്7എൻ9 വൈറസ് മൂലമാണ്. ഏഷ്യൻ ലീനിയേജ് ഇൻഫ്ലുവെൻസ എ വൈറസ് എന്നു പേരുള്ള ഈ വൈറസിന്റെ ആദ്യബാധ 2013ൽ ചൈനയിലാണ് ആദ്യമുണ്ടായത്. അന്നുമുതൽ ലോകമെമ്പാടും ഈ വൈറസ് 1565 പേരെ ബാധിച്ചിട്ടുണ്ടെന്നു ലോകാരോഗ്യ സംഘടന പറയുന്നു. രോഗത്തിന്റെ മരണനിരക്ക് 39 ശതമാനമായിരുന്നു.
English Summary: China reports human case of H10N3 bird flu, sends out advisory