ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഭൂമിയില്‍ ജീവൻ ഉദ്ഭവിച്ചത് എപ്പോഴാണെന്നതിന് വ്യക്തമായ ഒരു ഉത്തരം ശാസ്ത്രലോകത്തിന് ഇതുവരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഭൂമിയില്‍ ആദ്യ ജീവന്‍ ഉദ്ഭവിച്ചത് ഏതാണ്ട് 250 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അതേസമയം ഈ കണക്കുകൂട്ടല്‍ അക്കാലത്ത് ജീവന്‍ ഉരുത്തിരിയാന്‍ സഹായകമായ കാലാവസ്ഥ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് നടത്തിയിരിക്കുന്നത്. അത്രയും പഴക്കമുള്ള ജീവന്‍റെ തെളിവുകളുടെ അഭാവം തന്നെയാണ് വ്യക്തമായ ഒരു ഉത്തരം നല്‍കുന്നതില്‍ നിന്ന് ശാസ്ത്രലോകത്തിന് തടസ്സം നില്‍ക്കുന്നതും. അതേസമയം അപൂര്‍വമായെങ്കിലും ഈ കാലഘട്ടത്തോട് അടുത്തു നില്‍കുന്ന ചില തെളിവുകള്‍ ശാസ്ത്രലോകത്തിന് ലഭിക്കാറുണ്ട്. ഇത്തരം തെളിവുകളില്‍ ഒന്നാണ് ഏതാണ്ട് 250 കോടി വര്‍ഷം പഴക്കമുള്ള ഒരു മാണിക്യക്കല്ലില്‍ നിന്ന് ഗവേഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്.

ഈ കല്ലില്‍ നിന്ന് ലഭിച്ച ഒരു കാര്‍ബണ്‍ ഘടകമാണ് ആദിമ ജീനുകളില്‍ ഒന്നിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നത്. കാര്‍ബണിന്‍റെ ഏറ്റവും ശുദ്ധമായ രൂപമായ ഗ്രാഫൈറ്റാണ് ഈ റൂബി അഥവാ മാണിക്യക്കല്ലില്‍ നിന്ന് കണ്ടെത്തിയത്. ഈ കാര്‍ബണ്‍ ജൈവീകമായി ഉദ്ഭവിച്ചതാണെന്ന് ഗവേഷകര്‍ പറയുന്നു. അതായത് ഈ റൂബി രൂപപ്പെടുന്ന കാലത്ത് ഭൂമിയിലുണ്ടായിരുന്ന ഒരു മൈക്രോ ഓര്‍ഗാനിസം അഥവാ ചെറു ജീവകണത്തിന്‍റെ അവശേഷിപ്പാണ് ഈ കാര്‍ബണ്‍ എന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്.

ഇത്തരത്തില്‍ ഒരു റൂബിക്കുള്ളില്‍ ജീവന്‍റ ശേഷിപ്പ് കുടുങ്ങി കിടക്കുന്നത് ഇതാദ്യമായാണ് കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ ഈ റൂബി ശാസ്ത്രചരിത്രത്തില്‍ തന്നെ വളരെ വിലപ്പെട്ടതാണെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ കാനഡയിലെ വാട്ടര്‍ലൂ സര്‍വകലാശാല ഗവേഷകനായ ക്രിസ് യാകിംഷുക് പറയുന്നു. കൂടാതെ ഒരു റൂബിയുടെ നിറമോ ഘടനയോ നോക്കി മനസ്സിലാക്കാന്‍ കഴിയാത്ത ഒന്നാണ് ആ കല്ലിന്‍റെ രൂപപ്പെടല്‍ എങ്ങിനെയായിരുന്നു എന്നത്. അതേസമയം ഈ റൂബിയ്ക്കുള്ളില്‍ കുടുങ്ങിയ ഗ്രാഫൈറ്റിന്‍റെ സഹായത്തോടെ റൂബിയുടെ രൂപപ്പെടലിനെക്കുറിച്ച് കൂടി വ്യക്തമായ ചിത്രം ലഭിക്കുമെന്നും ക്രിസ് വിശദമാക്കി.

അലുമിനിയം ഓക്സൈഡിന്റെ സുതാര്യഖരരൂപമാണ് റൂബികള്‍ അഥവാ മാണിക്യകല്ലുകള്‍. മില്യണ്‍ കണക്കിന് വര്‍ഷങ്ങളുടെ രാസപ്രവര്‍ത്തനത്തിലൂടെയാണ് ഇവ ഇന്നു കാണുന്ന രീതിയിലുള്ള തിളങ്ങുന്ന വിലപിടിപ്പുള്ള മാണിക്യക്കല്ലുകളായി മാറുന്നത്. ഭൂമിയിലെ വിവിധ ടെക്ടോണിക് പ്ലേറ്റുകള്‍ സംഗമിക്കുന്ന മേഖലയിലാണണ് ഇവയെ പൊതുവെ കാണപ്പെടുന്നത്. ഈ മേഖലയിലൂടെ പുറത്തേക്ക് വരുന്ന കൊടും ചൂടിന് ഇവയുടെ രൂപപ്പെടലില്‍ നിർണായക പങ്കുണ്ട്. പൊതുവെ ചുവന്ന നിറത്തില്‍ കാണുന്ന ഈ മാണിക്യ കല്ലുകളുടെ നിറത്തിന് പിന്നിലും മറ്റൊരു രാസപദാര്‍ത്ഥമാണ്. ക്രോമിയത്തിന്‍റെ സാന്നിധ്യമാണ് റൂബികള്‍ക്ക് ചുവപ്പ് നിറം നല്‍കുന്നത്. എത്രയധികം ക്രോമിയത്തിന്‍റെ സാന്നിധ്യം ഒരു റൂബിയിലുണ്ട് അത്രമാത്രം ചുവപ്പ് ആ മാണിക്യ കല്ലിനുണ്ടാകും.

മറ്റ് വിലപിടിപ്പുള്ള കല്ലുകള്‍ പോലെ തന്നെ ഉള്ളിലെ ഘടകപദാർഥങ്ങളുടെ സാന്നിധ്യമനുസരിച്ച് റൂബികളും പരിശുദ്ധിയുള്ളവയും പരിശുദ്ധി കുറഞ്ഞവയും ഉണ്ട്. ജീവന്‍റെ ശേഷിപ്പ് കണ്ടെത്തിയ കാര്‍ബണ്‍ പോലുള്ള ഘടകങ്ങള്‍ ഉള്ളത് റൂബിയുടെ മാറ്റ് കുറയ്ക്കും. അതോടൊപ്പം തന്നെ വിപണിയില്‍ ഇവയുടെ മൂല്യവും പരിശുദ്ധിയുടെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. അത് കൊണ്ട് തന്നെ മറ്റ് പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം അധികം കാണപ്പെടുന്ന പരിശുദ്ധി കുറഞ്ഞ മാണിക്യത്തിന് പൊതുവെ വിപണിയില്‍ വില കുറവാണ്. പക്ഷേ ഇതേ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം തന്നെ ശാസ്ത്രലോകത്തിന് ഇവയെ ഏറെ വിലപിടിപ്പുള്ളതാക്കിയും മാറ്റുന്നു.

ലോകത്തെ ഏറ്റവും പഴക്കം ചെന്ന വിവിധ ധാതുക്കളുടെ ശേഖരമുള്ള മേഖലയാണ് ഗ്രീന്‍ലൻഡ്. ഇവിടെ നടത്തിയ പഠനത്തിനിടയിലാണ് ക്രിസും സംഘവും ജീവന്‍റെ തെളിവ് അവശേഷിക്കുന്ന റൂബി കണ്ടെത്തിയത്. ഈ റൂബിയില്‍ കണ്ടെത്തിയ ഗ്രാഫൈറ്റിന്‍റേത് ജൈവ ഉദ്ഭവമാണെന്ന് തിരിച്ചറിഞ്ഞത് കാര്‍ബണ്‍ ഐസോടോപ്പ് വഴിയാണ്. സാധാരണഗതിയില്‍ ഗ്രാഫൈറ്റ് രാസപരിണാമത്തിലൂടെയും ധാതുക്കളുടെ പരിണാമത്തിലൂടെയും രൂപപ്പെടാറുണ്ട്. റൂബികളും സമാനമായ സ്ഥിതിയില്‍ രൂപപ്പെടുന്നവയായതിനാല്‍ അവയില്‍ ഗ്രാഫൈറ്റ് പരിശുദ്ധി കുറയ്ക്കുന്ന ഘടകമായി കടന്നു കൂടാറുമുണ്ട്. എന്നാല്‍ ഈ റൂബിയുടെ കാര്യത്തില്‍ ഉള്ളിലുള്ള ഗ്രാഫൈറ്റ് ജൈവീകമായി രൂപപ്പെട്ടതാണെന്ന കണ്ടെത്തലാണ് തുടര്‍ന്നുള്ള പഠനങ്ങളിലേക്ക് വഴിതെളിച്ചത്.

ഈ റൂബിയില്‍ അടങ്ങിയിരിക്കുന്നത് കാര്‍ബണ്‍ 12 എന്ന ഗ്രാഫൈറ്റ് ആണ് എന്ന് ഗവേഷകര്‍ ഐസോടോപ്പ് പഠനത്തിലൂടെ കണ്ടെത്തി. ഓര്‍ഗാനിക് അഥവാ ജൈവിക ഘടകത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരുന്ന കാര്‍ബണാണ് കാര്‍ബണ്‍ 12. മറ്റ് കാര്‍ബണുകളില്‍ നിന്ന് കനം കുറഞ്ഞ ആറ്റങ്ങളാണ് കാര്‍ബണ്‍ 12 നെ വ്യത്യസ്തമാക്കുന്നത്. ജീവികളുടെ സെല്ലുകള്‍ പ്രവര്‍ത്തനത്തിനായി കാര്‍ബണ്‍ പരിമിതമായ അളവില്‍ മാത്രം ഉപയോഗിക്കുന്നതിനാലാണ് കാര്‍ബണ്‍ അറ്റങ്ങളുടെ എണ്ണം കാര്‍ബണ്‍ 12ല്‍ കുറവായി കാണപ്പെടുന്നത്. അത് തന്നെയാണ് ജൈവ കാര്‍ബണ്‍ തിരിച്ചറിയാന്‍ ഗവേഷകരെ സഹായിക്കുന്നതും.

English Summary:  Evidence of Ancient Life Found Trapped Inside Greenland Ruby, Say Researchers

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com