ADVERTISEMENT

ഉരഗങ്ങളുടെ ലോകത്തേക്ക് കേരളത്തിൽ നിന്ന് പുതിയൊരു അതിഥി കൂടി. ഇടുക്കിയിലെ കുളമാവ് മേഖലയിൽ നിന്ന് കണ്ടെത്തിയ പുതിയ ഓന്തിനത്തിന്റെ പേര് വടക്കൻ‍ കംഗാരു ഓന്ത് (നോർത്തേൺ കംഗാരു ലിസാർഡ്) എന്നാണ്. മലയാളി ഗവേഷകരായ സന്ദീപ് ദാസ്, കെ.പി.രാജ്‌കുമാർ, മുഹമ്മദ് ജാഫർ പാലോട്, കെ.സുബിൻ എന്നിവരും, തമിഴ്‍നാട്ടിൽ നിന്നു വി.ദീപക്, സൂര്യ നാരായണൻ മഹാരാഷ്ട്രയിൽ നിന്നും സൗനക് പാൽ എന്നിവർ അടങ്ങിയ സംഘമാണു പുതിയ കണ്ടെത്തലിനു പിന്നിൽ. ജർമനിയിലെ സെങ്കൻബർഗ് മ്യൂസിയത്തിന്റെ വെർട്ടിബ്രേറ്റ് സുവോളജി എന്ന ശാസ്ത്ര ജേണലിൽ പുതിയ കണ്ടെത്തലിന്റെ പ്രബന്ധം പ്രസിദ്ധീകരിച്ചു. 

2014–15 കാലത്ത് ഇടുക്കിയിൽ നിന്ന് ഇവയുടെ ചിത്രങ്ങൾ ലഭിച്ചെങ്കിലും പുതിയ ഇനമാണെന്ന് സ്ഥിരീകരിക്കാൻ 10 വർഷത്തോളമെടുത്തു. വിദേശ മ്യൂസിയങ്ങളിലെ സ്പെസിമെനുകൾ പരിശോധിക്കേണ്ടി വന്നതിനാലാണ് ഇത്ര സമയമെടുത്തത്. ഒറ്റ നോട്ടത്തിൽ ‘അഗസ്ത്യഗാമ ബെഡോമി’ എന്ന ഇനമായി കരുതി. പിന്നീട് മ്യൂസിയങ്ങളിലെ സാംപിളുകൾ പരിശോധിച്ച് ജനിതകമായി വ്യത്യാസമുണ്ടെന്ന് കണ്ടെത്തി. എന്നാൽ രൂപശാസ്ത്രപരമായ വ്യത്യാസങ്ങൾക്കും പ്രാധാന്യമുള്ളതിനാൽ ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ഷിക്കാഗോ ഫീൽഡ് മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലെ സ്പെസിമെനുകളുമായി താരതമ്യ പഠനം നടത്തി. 

വടക്കൻ‍ കംഗാരു ഓന്ത് (നോർത്തേൺ കംഗാരു ലിസാർഡ്). Photo: Special Arrangement
വടക്കൻ‍ കംഗാരു ഓന്ത് (നോർത്തേൺ കംഗാരു ലിസാർഡ്). Photo: Special Arrangement

താരതമ്യേന ചെറുതായ വടക്കൻ കംഗാരു ഓന്തിന് വാലുൾപ്പെടെ പരമാവധി 8 സെന്റിമീറ്റർ വരെ നീളം വരും. മറ്റ് ഓന്തുകളെ പോലെ ഇവ മരം കയറാറില്ല, പകരം മണ്ണിൽ, കരിയിലകളുടെ ഇടയിലൊക്കെയാണ് വാസം. ചെറു പ്രാണികളെയും മറ്റു ഭക്ഷിക്കുന്ന ഇവ ശത്രുക്കളുടെ സാന്നിധ്യത്തിൽ രണ്ടു കാലിൽ കരിയിലകൾക്കിടയിലേക്ക് വേഗത്തിൽ ഓടി മറയുന്നത് കൊണ്ടാണ് കംഗാരു ഓന്ത് എന്ന പേരു ലഭിച്ചത്. 

പരിണാമപരമായ പ്രത്യേകതകളുള്ള ആഗോള തലത്തിൽ വംശനാശഭീഷണി നേരിടുന്നതുമായ ജീവി വർഗങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി അവയെക്കുറിച്ച് പഠിക്കുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ യുവഗവേഷകരെ എഡ്ജ് ഫെല്ലോഷിപ്പിലൂടെ സഹായിക്കുകയും ചെയ്യുന്ന സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടന്റെ എഡ്ജ് ഓഫ് എക്‌സിസ്റ്റൻസ് പ്രോഗ്രാമിനോടുള്ള ആദരസൂചകമായിട്ടാണ് പുതിയ ഇനത്തിന് ‘അഗസ്ത്യഗാമ എഡ്ജ്’ എന്ന പേര് ശാസ്ത്രീയ നാമമായി നൽകിയത്. 

വടക്കൻ‍ കംഗാരു ഓന്ത് (നോർത്തേൺ കംഗാരു ലിസാർഡ്). Photo: Special Arrangement
വടക്കൻ‍ കംഗാരു ഓന്ത് (നോർത്തേൺ കംഗാരു ലിസാർഡ്). Photo: Special Arrangement

കാലിക്കറ്റ് സർവകലാശാലാ സുവോളജി വിഭാഗം, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കേരള വന ഗവേഷണ സ്ഥാപനം, ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, എട്രീ ബെംഗളൂരു, സെൻകെൻബെർഗ് മ്യൂസിയം ജർമനി, ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, ആരണ്യകം നേച്ചർ ഫൗണ്ടേഷൻ എന്നീ സ്ഥാപനങ്ങൾ പഠനത്തിന്റെ ഭാഗമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com