ADVERTISEMENT

കാണ്ടാമൃഗങ്ങൾ കൊമ്പുകൾക്കായി വേട്ടയാടപ്പെടുന്നത് ആഫ്രിക്കയിലെ പതിവു കാഴ്ചയാണ്. അവയ്ക്ക് കാഴ്ച കൂടി ഇല്ലെന്നു വന്നാൽ സ്ഥിതി കൂടുതൽ കഷ്ടമാകും. കാണ്ടാമൃഗങ്ങളിലെ ഒരിനം സ്വതവേ കാഴ്ചശക്തി ഇല്ലാത്തവയാണ്. എന്നാൽ മനുഷ്യരുടെ ആക്രമണത്തിൽ നിന്നും അവരെ രക്ഷിക്കുന്ന ചങ്ങാതിമാരുണ്ട്. ഒക്സ്പെക്കർ എന്ന പക്ഷികൾ.

ഓസ്ട്രേലിയയിലെ വിക്ടോറിയ സർവകലാശാലയിലെ ഗവേഷകരാണ് ആഫ്രിക്കൻ മേഖലയിലെ അന്ധരായ കറുത്ത കാണ്ടാമൃഗങ്ങളും ഒക്സ്പെക്കറുകളും തമ്മിലുള്ള അപൂർവ ബന്ധത്തെക്കുറിച്ച് പഠനം നടത്തിയത്. 'കാണ്ടാമൃഗങ്ങളുടെ രക്ഷകർ ' എന്നാണ് ആഫ്രിക്കൻ ഭാഷയായ  സ്വാഹിലിയിൽ ഒക്സ്പെക്കർ പക്ഷികളുടെ വിളിപ്പേര്. . കാണ്ടാമൃഗങ്ങളുടെ പുറത്തിരുന്ന് ചുറ്റുപാടും നിരീക്ഷിച്ചാണ് എപ്പോഴും ഇവയുടെ സഞ്ചാരം. ചുവന്ന നിറത്തിൽ നീളമുള്ള കൊക്കുകൾ ഉപയോഗിച്ച് കാണ്ടാമൃഗങ്ങളുടെ പുറത്തുനിന്നും  ചെറിയ ചെള്ളുകളെയും പൂഴുക്കളെയും ഒക്കെ ആഹാരമാക്കി ജീവിക്കുന്ന ഇവയ്ക്ക് പക്ഷേ വേട്ടക്കാരിൽ നിന്നും തങ്ങളുടെ കൂട്ടുകാരെ രക്ഷിക്കുന്നതിൽ  വലിയ പങ്കുണ്ടെന്നാണ് പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്.

Oxpecker Acts As "Incoming Human" Alert For Visually Challenged Rhino

ഒക്സ്പെക്കറുകളുടെ സഹവാസം ഉള്ളവയും ഇല്ലാത്തവയും ആയ കാഴ്ചയില്ലാത്ത കാണ്ടാമൃഗങ്ങളുടെ രീതികൾ താരതമ്യം ചെയ്താണ് സംഘം പഠനം നടത്തിയത്. ഒക്സ്പെക്കറുകൾ കൂടെയുള്ള കറുത്ത കാണ്ടാമൃഗങ്ങൾ വേഗത്തിൽ മനുഷ്യരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് രക്ഷപ്പെടാനുള്ള മാർഗങ്ങൾ സ്വീകരിക്കാറുള്ളതായി ഗവേഷകർ കണ്ടെത്തി.

ഒക്സ്പെക്കറുകളുടെ മുന്നറിയിപ്പു തിരിച്ചറിഞ്ഞ് തങ്ങളുടെ ഗന്ധം കാറ്റിലൂടെ വേട്ടക്കാരിലേക്കെത്താത്ത  ദിശയിലേയ്ക്ക്  അവ തിരിഞ്ഞു പോകുന്നതായാണ് കണ്ടെത്തിയത്.  ഒക്സ്പെക്കറുകളുടെ എണ്ണം കൂടുന്നതനുസരിച്ച് വളരെ ദൂരത്തിൽ നിന്ന് തന്നെ വേട്ടക്കാരെ തിരിച്ചറിയാനും കാണ്ടാമൃഗങ്ങൾക്കു സാധിക്കുന്നു. കാണ്ടാമൃഗങ്ങളുടെ ശരീരത്തിലുള്ള ചെറുപ്രാണികൾ തന്നെയാണ് ഒക്സ്പെക്കറുകളുടെ പ്രധാന ഭക്ഷണം. അതിനാൽ കാണ്ടാമൃഗങ്ങൾ കൊല്ലപ്പെട്ടാൽ തങ്ങളുടെ ഭക്ഷണ ശ്രോതസ്സ് നഷ്ടമാകുമെന്നതിനാലാണ് അവ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. 

എന്നാൽ ഓക്സ്പെക്കറുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുന്നതായും അതിനാൽ ഇവയ്ക്ക് സംരക്ഷണം നൽകുന്നതിനായി കൂടുതൽ നടപടികൾ ആവശ്യമാണെന്നും ഗവേഷണസംഘം പഠനത്തിൽ പറയുന്നു. ക്യാൻസർ അടക്കം നിരവധി രോഗങ്ങൾക്കുള്ള പരമ്പരാഗത മരുന്നുകൾ നിർമിക്കുന്നതിനായാണ് നിയമവിരുദ്ധമായി കാണ്ടാമൃഗങ്ങളെ വേട്ടയാടി അവയുടെ കൊമ്പെടുക്കുന്നത്.   അതിനാൽ  ഒക്സ്പെക്കറുകളുടെ എണ്ണം കുറയുന്നത് കാണ്ടാമൃഗങ്ങളുടെ നിലനിൽപ്പിനും ഭീഷണിയാണ്. കറണ്ട് ബയോളജി എന്ന ജേർണലിലാണ് ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary: Oxpecker Acts As "Incoming Human" Alert For Visually Challenged Rhino

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com