നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച് മൗണ്ടൻലയൺ; സാഹസികമായി രക്ഷിച്ച് വളർത്തുനായ, ഒടുവിൽ?
Mail This Article
മൗണ്ടൻ ലയണിന്റെ ആക്രമണത്തിൽ നിന്നും യുവതിയെ രക്ഷിച്ച് വളർത്തുനായ. യുഎസിലെ കലിഫോർണിയയിലാണ് സംഭവം നടന്നത്. നദിയുടെ സമീപത്തുകൂടി വളർത്തുനായയോടൊപ്പം ഉച്ചകഴിഞ്ഞ് നടക്കാനിറങ്ങിയതായിരുന്നു എറിൻ വിൻസൺ എന്ന യുവതി. ഇതിനിടയിലാണ് മൗമ്ടൻ ലയൺ യുവതിയുടെ മേൽ ചാടിവീണത്. ആക്രമണത്തിൽ ഭയന്ന യുവതി സഹായത്തിനായി വളർത്തുനായ ഇവായെ ഉറക്കെ വിളിച്ചു. യുവതിയുടെ ഇടത് തോളിലേക്കാണ് മൗണ്ടൻ ലയൺ ചാടിവീണത്.
അൽപം മുന്നിലായി നടന്ന വളർത്തുനായ ഇവാ യുവതിയുടെ വിളികേട്ട് ഓടിയെത്തി മൗണ്ടൻ ലയണിനു നേരെ ചാടിവീണ് ആക്രമിച്ചു. എന്നാൽ അതിവേഗം തന്നെ ഇവായെ കീഴ്പ്പെടുത്താൻ മൗണ്ടൻ ലയണിനു കഴിഞ്ഞു. നായയുടെ തലയിൽ കടിച്ചുവലിച്ച് കൊണ്ടുപോകാൻ ശ്രമിച്ച മൗണ്ടൻ ലയണിൽ നിന്ന് തന്നാലാവും വളർത്തുനായയെ രക്ഷിക്കാൻ യുവതി ശ്രമിച്ചു. അതിന്റെ നേർക്ക് കല്ലും മറ്റും വലിച്ചെറിഞ്ഞെങ്കിലും നായയെ വിടാൻ മൗണ്ടൻ ലയൺ തയാറായില്ല.
ഒടുവിൽ അതുവഴി വന്ന മറ്റൊരാളുടെ സഹായത്തോടെ തന്റെ ട്രക്കിലുണ്ടായിരുന്ന ഇരുമ്പുകമ്പികൊണ്ട് യുവതി മൗണ്ടൻലയണിനെ ആക്രമിച്ചു. ആക്രമണത്തിൽ പതറിയ മൗണ്ടൻ ലയൺ ഇതോടെ നായയെ ഉപേക്ഷിച്ച് അവിടെ നിന്നും ഓടിപ്പോകുകയായിരുന്നു. ആക്രമണത്തിൽ വളർത്തുനായ ഇവായുടെ തലയ്ക്കാണ് പരുക്കേറ്റത്.
രക്ഷപ്പെടുത്തിയ നായയെ ഉടൻതന്നെ മൃഗാശുപത്രിയിലെത്തിച്ചു. ഭാഗ്യത്തിന് ആഴത്തിലുള്ള മുറിവുകളൊന്നും സംഭവിച്ചിരുന്നില്ല. ഇവാ മൗണ്ടൻ ലയണിനെ ആക്രമിച്ചതുകൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടതെന്നും യുവതി വ്യക്തമാക്കി. ഇവായുടെ ചികിത്സകൾക്കായി യുവതി ഫണ്ട്ശേഖരണവും നടത്തിയിരുന്നു. ഇവാ സുഖം പ്രാപിച്ച് വരികയാണെന്നും സമൂഹമാധ്യമങ്ങളിലൂടെ എറിൻ വിശദീകരിച്ചു.
English Summary: Pet Dog Battles Mountain Lion To Save Her Owner From Deadly Attack In California