ADVERTISEMENT

കോവിഡ് 19 രോഗികൾക്ക് ആശ്വാസമെത്തിക്കാനായി  ടാറ്റ മോട്ടോഴ്സ് നിർമിച്ച 51 വിങ്ങർ ആംബുലൻസുകൾ പുണെ ജില്ലാ പരിഷദിനു കൈമാറി. പുണെ ജില്ലയിലെ ഗ്രാമങ്ങളിൽ കോവിഡ് 19 ബാധിതർക്കു വൈദ്യ സഹായമെത്തിക്കാൻ ലക്ഷ്യമിട്ടു വാങ്ങിയ ആംബുലൻസുകൾ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങിയത്. 

ആംബുലൻസുകൾക്കായി പുണെ ജില്ലാ പരിഷദ് നൽകിയ ഓർഡറിൽ ആദ്യ ബാച്ചിൽപെട്ട ‘വിങ്ങർ’ വാനുകളാണു ടാറ്റ മോട്ടോഴ്സ് ഇപ്പോൾ കൈമാറിയത്. ‘എ ഐ എസ് 125 ഭാഗം ഒന്ന്’ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതും രോഗികളുടെ യാത്രയ്ക്ക് ഉപകരിക്കുന്നതും ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള എൻജിൻ ഘടിപ്പിച്ചതുമായ ആംബുലൻസുകളാണ് കേന്ദ്ര സർക്കാരിന്റെ ഇ മാർക്കറ്റ്പ്ലേസ് സംവിധാനത്തിലൂടെ പുണെ ജില്ലാ പരിഷദ് ടാറ്റ മോട്ടോഴ്സിൽ നിന്നു വാങ്ങുന്നത്. 

വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപകരിക്കുന്നതും വൈവിധ്യപൂർണവുമായ പ്ലാറ്റ്ഫോമാണു ‘വിങ്ങറി’ന്റേതെന്ന് ടാറ്റ മോട്ടോഴ്സ് എസ് സി വി വിഭാഗം വൈസ് പ്രസിഡന്റ്(പ്രോഡക്ട് ലൈൻ) വിനയ് പഥക് അഭിപ്രായപ്പെട്ടു. രാജ്യത്തു ലഭ്യമായ ഏറ്റവും വിജയകരമായ ആംബുലൻസ് പ്ലാറ്റ്ഫോമിലൊന്നാണു ‘വിങ്ങർ’ എന്നും അദ്ദേഹം അവകാശപ്പെട്ടു. ബി എസ് ആറ് എൻജിനോടെ എത്തുന്ന ‘വിങ്ങർ’ രോഗികളുടെ യാത്രയ്ക്ക് തികച്ചും അനുയോജ്യമായ ആംബുലൻസ് ആണെന്നും അദ്ദേഹം വിലയിരുത്തി. 

കൊറോണ  വൈറസ് വ്യാപനം മുൻനിർത്തി ഡ്രൈവറുടെ കാബിൻ വേർതിരിച്ച നിലയിലുള്ള ആംബുലൻസുകളാണു പുണെ ജില്ലാ പരിഷദിനു കൈമാറിയതെന്നു ടാറ്റ മോട്ടോഴ്സ് അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ആന്ധ്ര പ്രദേശ് സംസ്ഥാന സർക്കാരും ആയിരത്തിലേറെ പുതിയ ആംബുലൻസുകൾ നിരത്തിലിറക്കിയിരുന്നു.  പുണെയിലെ തന്നെ  ഫോഴ്സ് മോട്ടോഴ്സായാരുന്നു ട്രാവലർ’ അടിസ്ഥാനമാക്കി സംസ്ഥാനത്തിന് 1,068 ആംബുലൻസുകൾ നിർമിച്ചു നൽകിയത്. നാഷനൽ ആംബുലൻസ് കോഡ് പ്രകാരമുള്ള വ്യവസ്ഥകൾ പാലിച്ചു നിർമിച്ചവയായിരുന്നു ഈ ആംബുലൻസുകളും.

പുതിയ കോഡ് പ്രകാരം ‘ടൈപ് ബി’ വിഭാഗം ആംബുലൻസുകൾ രോഗികളെ ആശുപത്രിയിലെത്തിക്കാൻ മാത്രം ഉപയോഗിക്കാനുള്ളതാണ്; ഇതിൽ യാത്രയ്ക്കിടെ രോഗികൾക്ക് അടിയന്തിര സഹായമൊന്നും ലഭ്യമാക്കാൻ സംവിധാനമുണ്ടാവില്ല. അതേസമയം ‘ടൈപ് സി’ അഥവാ ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസിൽ രോഗികളെ നിരീക്ഷിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും മറ്റും സജ്ജീകരിച്ചിട്ടുണ്ട്. അത്യാസന്ന നിലയിലുള്ള രോഗികളുടെ യാത്രയ്ക്കായി തീവ്രപരിചരണ സൗകര്യത്തോടെ രൂപകൽപ്പന ചെയ്യുന്ന ആംബുലൻസുകളാണ് ‘ടൈപ് ഡി’ അഥവാ അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് വിഭാഗത്തിൽപെടുന്നത്. ഡീഫിബ്രില്ലേറ്റർ, ട്രാൻസ്പോർട്ട് വെന്റിലേറ്റർ, ബ്ലഡ് പ്രഷർ അപ്പാരട്ടസ്, സ്കൂപ് സ്ടെച്ചർ, സ്പൈൻ ബോർഡ് തുടങ്ങി സർവസന്നാഹവുമായാണ് ‘ഐ സി യു ആംബുലൻസ്’ എന്നു വിളിപ്പേരുള്ള ‘ഗ്രൂപ് ഡി’ ആംബുലൻസിന്റെ വരവ്.

English Summary: Tata Motors delivers 51 Winger Ambulances to Zilla Parishad of Pune for Covid-19 Relief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com