ADVERTISEMENT

മിനി എസ്‌യുവിയായ എസ് പ്രെസോയുടെ ആദ്യ വർഷത്തെ വിൽപന 75,000 യൂണിറ്റ് പിന്നിട്ടതായി നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എംഎസ്ഐഎൽ). നിരത്തിലെത്തി ആദ്യ വർഷം തന്നെ തിളക്കമാർന്ന പ്രകടനമാണ് എസ് പ്രെസോ കാഴ്ചവച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. ഈ വിഭാഗത്തിൽ ഇതാദ്യമായി സ്മാർട് ഫോൺ ഇൻഫൊടെയ്ൻമെന്റ് സംവിധാനം സഹിതമുള്ള ഡൈനമിക് സെന്റർ കൺസോൾ, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ – വോളിയം കൺട്രോൾ തുടങ്ങിയവയെല്ലമായാണ് എസ് പ്രെസോയുടെ വരവെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

പോരെങ്കിൽ എസ് പ്രെസോ ഉടമകളിൽ 24 ശതമാനത്തോളം കാറിൽ കൂടുതൽ അക്സസറികൾ ഘടിപ്പിക്കാൻ താൽപര്യം കാട്ടിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ അരങ്ങേറിയ എസ് പ്രെസോ ആദ്യ മാസം തന്നെ രാജ്യത്ത് ഏറ്റവുമധികം വിൽപന കൈവരിക്കുന്ന ആദ്യ 10 കാറുകളുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു. നിലവിൽ ഇന്ത്യൻ കാർ വിപണിയിലെ എ ടു വിഭാഗത്തിൽ ഒൻപതു ശതമാനത്തോളം വിഹിതമാണ് എസ് പ്രെസോ അവകാശപ്പെടുന്നത്. 

പെട്രോളിനു പുറമെ സമ്മർദിത പ്രകൃതി വാതകം(സി എൻ ജി) ഇന്ധമാക്കുന്ന എസ് പ്രെസോയും കഴിഞ്ഞ ജൂണിൽ  മാരുതി സുസുക്കി വിൽപ്പനയ്ക്കെത്തിച്ചിരുന്നു. എൽ എക്സ് ഐ, എൽ എക്സ് ഐ (ഒ), വി എക്സ് ഐ, വി എക്സ് ഐ (ഒ) വകഭേദങ്ങളിൽ സി എൻ ജിയിൽ ഓടുന്ന എസ് പ്രെസോ ലഭ്യമാണ്. നിർമാണശാലയിൽ നിന്നു ഘടിപ്പിച്ച എസ് സി എൻ ജി കിറ്റ് സഹിതമെത്തുന്ന എസ് പ്രെസോയ്ക്കു കരുത്തേകുന്നത് ഒരു ലീറ്റർ, മൂന്നു സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ്. പെട്രോളിൽ ഓടുമ്പോൾ 67 ബി എച്ച് പി വരെ കരുത്തും 90 എൻ എം ടോർക്കും സൃഷ്ടിക്കുന്ന എൻജിനു പക്ഷേ ഇന്ധനം സി എൻ ജിയാവുന്നതോടെ കരുത്ത്  58 ബി എച്ച് പിയായും ടോർക്ക്  78 എൻ എമ്മുമായി കുറയും. സി എൻ ജി പതിപ്പിൽ അഞ്ചു സ്പീഡ് മാനുവൽ ഗീയർ ബോക്സാണു ട്രാൻസ്മിഷൻ. 

ഓരോ കിലോഗ്രാം സി എൻ ജിയിലും 31.2 കിലോമീറ്റർ ഓടാൻ എസ് പ്രെസോ സിഎൻജിക്കാവുമെന്നാണു മാരുതി സുസുക്കിയുടെ വാഗ്ദാനം. 55 ലീറ്ററാണ് ഇന്ധന ടാങ്കിന്റെ സംഭരണ ശേഷി. ഡ്യുവൽ ഇൻഡിപെൻഡന്റ് ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റ്(ഇസിയു), ഇന്റലിജന്റ് ഇഞ്ചക്ഷൻ സിസ്റ്റം എന്നിവയും കാറിലുണ്ട്. 

English Summary: Maruti Suzuki India's S-Presso crosses 75,000 unit sales in first year of launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com