വരുന്നു ടാറ്റയുടെ 2 എസ്യുവികൾ; ഗ്രാവിറ്റാസ് മാർച്ചിനകം, ഹോൺബിൽ പിന്നാലെ
Mail This Article
സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിഭാഗത്തിൽ ഏറ്റവും വിപുലമായ ഉൽപന്നശ്രേണി അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്സ് ഒരുങ്ങുന്നു. യാത്രാവാഹന വിഭാഗത്തിൽ ഉയർന്ന വിപണി വിഹിതം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണു ടാറ്റ മോട്ടോഴ്സിന്റെ ഈ നീക്കം. നിലവിൽ നെക്സനും ഹാരിയറുമാണു ടാറ്റ മോട്ടോഴ്സിന്റെ എസ് യു വികൾ. എസ് യു വി വിഭാഗത്തിലെ പുത്തൻ മോഡൽ അവതരണങ്ങൾക്കൊപ്പം വിൽപന, വിൽപ്പനാന്തര സേവന രംഗത്ത് അഴിച്ചുപണിക്കും ടാറ്റ മോട്ടോഴ്സ് തയാറെടുക്കുന്നുണ്ട്.
വാഹന വിപണി എസ് യു വികളിലേക്കു ചായുകയാണെന്നു വ്യക്തമാണെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര കരുതുന്നു. ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിൽതന്നെ എസ് യു വികൾക്കു സ്വീകാര്യതയേറുകയാണ്. 2015ൽ ഇന്ത്യൻ യാത്രാവാഹന വിൽപ്പനയിൽ എസ് യു വികളുടെ വിഹിതം 15% ആയിരുന്നത് ഇപ്പോൾ ഇരട്ടിയോളമായി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ എസ് യു വി വിഭാഗത്തിൽ കൂടുതൽ സ്വാധീനം ഉള്ള നിർമാതാക്കൾക്കു മെച്ചപ്പെട്ട വിൽപ്പനയും വിപണി വിഹിതവും സ്വന്തമാവുമെന്നും ശൈലേഷ് ചന്ദ്ര വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് എസ് യു വി ശ്രേണി വിപുലീകരിക്കാൻ ടാറ്റ മോട്ടോഴ്സ് തീരുമാനിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഓട്ടമാറ്റിക് പതിപ്പ് എത്തിയതോടെ ഹാരിയറിന്റെ വിൽപന കാര്യമായ ഉയർന്നിട്ടുണ്ട്. നെക്സൻ ആവട്ടെ റെക്കോഡ് വിൽപ്പനയാണ് കഴിഞ്ഞ മാസം കൈവരിച്ചതെന്നും ശൈലേഷ് ചന്ദ്ര അവകാശപ്പെട്ടു. ഈ പശ്ചാത്തലത്തിലാണു രണ്ട് എസ് യു വികൾ കൂടി അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്സ് തയാറെടുക്കുന്നത്: ഗ്രാവിറ്റാസ്, ഹോൺബിൽ എന്നീ കോഡ് നാമത്തിൽ വികസിപ്പിച്ച എസ് യു വികളാണു വൈകാതെ നിരത്തിലെത്തുക. ഏഴു സീറ്റുള്ള എസ് യു വിയാണു ഗ്രാവിറ്റാസ് എങ്കിൽ സബ് കോംപാക്ട് വിഭാഗത്തിലേക്കാണു ഹോൺബില്ലിന്റെ വരവ്. നാലു മോഡലുകളാവുന്നതോടെ എസ് യു വി വിഭാഗത്തിലെ ഏറ്റവും വിപുല ശ്രേണി ടാറ്റ മോട്ടോഴ്സിനു സ്വന്തമാവുമെന്നും ശൈലേഷ് ചന്ദ്ര അറിയിച്ചു. അടുത്ത മാർച്ചിനകം ഗ്രാവിറ്റാസ് നിരത്തിലെത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി; എന്നാൽ ‘ഹോൺബിൽ’ അവതരണം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
English Summary: Tata Motors Upcoming SUV Gravitas and Hornbill