5 ഡോർ വകഭേദവുമായി ഥാർ, ലക്ഷ്യം എസ്‍യുവി വിപണിയിലെ ആധിപത്യം
Mail This Article
ഥാറിന്റെ 5 ഡോർ പതിപ്പുമായി മഹീന്ദ്ര എത്തുന്നു. അടുത്ത നാലു വർഷത്തിനുള്ളിൽ പുതിയ വാഹനം വിപണിയിലെത്തിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. കൂടാതെ പുതിയ ബൊലേറോ, സ്കോർപ്പിയോ തുടങ്ങി 9 വാഹനങ്ങൾ സമീപഭാവിയിൽ പുറത്തിറക്കുമെന്നും മഹീന്ദ്ര പറയുന്നു. എസ്‍യുവി വിപണിയിലെ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും ഥാർ അടക്കം പുതിയ വാഹനങ്ങളുടെ വരവ്.
നേരത്തെ എൻജിൻ ശേഷിയും വിലയും കുറഞ്ഞ ഥാർ പുറത്തിക്കാൻ മഹീന്ദ്ര തയാറെടുക്കുന്നു എന്ന് വാർത്തകളുണ്ടായിരുന്നു. അഞ്ച് ഡോറുകളിൽ മൂന്നു നിര സീറ്റുകളുമായി എത്തുമ്പോൾ ഥാറിന് കാര്യമായ മാറ്റം അവകാശപ്പെടാനുണ്ടാകും.
കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തിൽ ആദ്യമായി അനാവരണം ചെയ്ത ഥാറിന്റെ ഔപചാരിക അരങ്ങേറ്റം ഗാന്ധി ജയന്തി നാളിലായിരുന്നു. ഓൾ വീൽ ഡ്രൈവ് ലേഔട്ടോടെ പെട്രോൾ, ഡീസൽ എൻജിനുകൾ സഹിതം പുതിയ ഥാർ ലഭ്യമാണ്. സോഫ്റ്റ് ടോപ്, ഹാർഡ് ടോപ് സാധ്യതകളോടെ എ എക്സ്, എൽ എക്സ് ശ്രേണികളിലാണു പുതിയ ഥാർ വിൽപ്പനയ്ക്കുള്ളത്.
ലാഡർ ഫ്രെയിം ഷാസിയോടെ എത്തുന്ന 2021 ഥാറിനു കരുത്തേകാൻ രണ്ട് എൻജിനുകളാണു രംഗത്ത്. 150 ബി എച്ച് പി വരെ കരുത്തും 320 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കുന്ന, രണ്ടു ലീറ്റർ എം സ്റ്റാലിയൻ ടർബോ പെട്രോൾ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സുകളാണ്. 130 ബി എച്ച് പി വരെ കരുത്തും 300 എൻ എം ടോർക്കും സൃഷ്ടിക്കാനാവുന്ന 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിനൊപ്പവും ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുകൾ ലഭ്യമാണ്. ഫോർ വീൽ ഡ്രൈവും മാനുവൽ ഷിഫ്റ്റ് ട്രാൻസ്ഫർ കേസും എല്ലാ വകഭേദത്തിലുമുണ്ട്.
English Summary: New 5 Door Variant for Mahindra Thar