ADVERTISEMENT

ഉത്സവകാലത്തിനു മുന്നോടിയായി പോളൊയ്ക്കും വെന്റൊയ്ക്കും പ്രത്യേക പതിപ്പുമായി ജർമൻ നിർമാതാക്കളായ ഫോക്സ്‍വാഗൻ പാസഞ്ചർ കാഴ്സ് ഇന്ത്യ. പരിമിതകാല പതിപ്പായ മാറ്റ് എഡീഷന് 9.99 ലക്ഷം രൂപ മുതലാണു ഷോറൂം വില. ഇരു മോഡലുകളുടെയും മാറ്റ് എഡീഷൻ പ്രത്യേക പതിപ്പ് രാജ്യവ്യാപകമായി തന്നെ വിൽപ്പനയ്ക്കുണ്ട്. ഹാച്ച്ബാക്കായ പോളൊയുടെ ജി ടി’വകഭേദത്തിന്റെ  മാറ്റ് എഡീഷൻ പതിപ്പാണ്  9.99 ലക്ഷം രൂപയ്ക്കു ലഭിക്കുക. സെഡാനായ വെന്റൊ ഹൈ ലൈൻ എ ടിയുടെ മാറ്റ് എഡീഷന് 11.94 ലക്ഷം രൂപയും വെന്റൊ ഹൈലൈൻ പ്ലസ് എടിയുടെ പരിമിതകാല പതിപ്പിന് 13.34 ലക്ഷം രൂപയുമാണു ഷോറൂം വില. 

ഫോക്‌സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോയും ഇടത്തരം സെഡാനായ റാപിഡിന്റെ പരിമിതകാല പതിപ്പായി മാറ്റ് എഡീഷൻ പുറത്തിറക്കിയിട്ടുണ്ട്. 11.99 ലക്ഷം രൂപ മുതലാണ് റാപിഡ് പ്രത്യേക പതിപ്പുകളുടെ ഷോറൂം വില. വാഹന സർവീസിങ്ങും പരിപാലനവുമായി ബന്ധപ്പെട്ട തലവേദന ഒഴിവാക്കാനായി നാലു വർഷ വാറന്റിയും നാലു വർഷ റോഡ് സൈഡ് അസിസ്റ്റൻസും മൂന്നു സൗജന്യ സർവീസും ഉറപ്പു നൽകുന്ന ഫോക്‌സ്‌വാഗൻ ഫോറെവർ കെയർ പാക്കേജുമായാണു പോളൊയുടെയും വെന്റൊയുടെയും മാറ്റ് എഡീഷൻ എത്തുന്നത്. 

skoda-rapid

പോളൊയുടെയും വെന്റൊയുടെയും പുറംഭാഗത്ത് റൂഫ്, ഇന്ധന ഫ്ലാപ്, മുൻ — പിൻ ബംപറുകൾ തുടങ്ങിയവയ്ക്കുള്ള കാർബൺ സ്റ്റീൽ ഗ്രേ മാറ്റ് ഫിനിഷാണ് ഈ പരിമിതകാല പതിപ്പിന്റെ പ്രധാന സവിശേഷത. കാറിലെ ഔട്ടർ റിയർവ്യൂ മിററിനും ഡോർ ഹാൻഡിലിനും ബ്ലാക്ക് ഗ്ലോസി ഫിനിഷും നൽകിയിട്ടുണ്ട്. കാറുകളിലെ ടി എസ് ഐ സാങ്കേതികവിദ്യയുള്ള പെട്രോൾ എൻജിനൊപ്പം ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ. 5,000 – 5,500 ആർ പി എമ്മിൽ 109 ബി എച്ച് പിയോളം കരുത്തും 1,750 – 4,000 ആർ പി എം നിലവാരത്തിൽ 175 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 

അതേസമയം കാർബൺ സ്റ്റീൽ മാറ്റ് നിറത്തിലെത്തുന്ന റാപിഡ് മാറ്റ് എഡീഷന് കരുത്തേകുന്നത് ഒരു ലീറ്റർ പെട്രോൾ എൻജിനാണ്. മാനുവൽ ഗീയർബോക്സിനൊപ്പം ഓട്ടമാറ്റിക് ടാൻസ്മിഷൻ സഹിതവും ഈ പരിമിതകാല പതിപ്പ് വിൽപ്പനയ്ക്കുണ്ട്. മാനുവൽ ട്രാൻസ്മിഷൻ വകഭേദത്തിന് 11.99 ലക്ഷം രൂപയും ഓട്ടമാറ്റിക് ട്രാൻസ്മിഷൻ പതിപ്പിന് 13.49 ലക്ഷം രൂപയുമാണു ഷോറൂം വില.

റേഡിയേറ്റർ ഗ്രില്ലിനും സ്പോയ്ലറിനും ഡോർ ഹാൻഡിലിനുമെല്ലാം ഗ്ലോസി ബ്ലാക്ക് നിറം നൽകിയതിനൊപ്പം കറുപ്പ് നിറമുള്ള ബോഡി സൈഡ് മോൾഡിങ്ങും ട്രങ്ക് ലിപ് ഗാർണിഷും കാറിൽ ഇടംപിടിക്കുന്നുണ്ട്. ബ്ലാക്ക് അലോയ് വീൽ സഹിതമെത്തുന്ന റാപിഡ് മാറ്റ് ഫിനിഷിൽ ഇരട്ട എയർബാഗ്, ആന്റി ലോക്ക് ബ്രേക്ക് സംവിധാനം തുടങ്ങിയവയും സ്കോഡ വാഗ്ദാനം ചെയ്യുന്നു. പിന്നിൽ പാർക്കിങ് സെൻസർ, ആന്റി ഗ്ലെയർ ഇന്റീരിയർ റിയർവ്യൂ മിറർ, ടൈമർ സഹിതം റിയർ വിൻഡ് സ്ക്രീൻ ഡീ ഫോഗർ, മുൻ സീറ്റിൽ ഉയരം ക്രമീകരിക്കാവുന്ന ത്രീ പോയിന്റ് സീറ്റ് ബെൽറ്റ് തുടങ്ങിയവയും കാറിലുണ്ട്. 

ദശാബ്ദക്കാലം മുമ്പ് ഇന്ത്യയിലെത്തിയ ‘റാപിഡി’ന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായി സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ സാക് ഹൊളിസ് അറിയിച്ചു. 

English Summary: Volkswagen Polo, Vento and Skoda Rapid Matt Edition Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com