ഇലക്ട്രിക് വിപ്ലവത്തിന് എൽഎംഎൽ, ജർമനിയിലെ ഇ–റോക്കിറ്റുമായി സഹകരണം
Mail This Article
1980കളിൽ ഇന്ത്യൻ നിരത്തിൽ ഇറ്റാലിയൻ സ്കൂട്ടർ വെസ്പയുമായി ചരിത്രം രചിച്ച ലോഹിയ മെഷിൻസ് ലിമിറ്റഡ് (എൽഎംഎൽ) 3 ഇലക്ട്രിക് സ്കൂട്ടറുകളുമായി വിപണിയിലേക്ക് തിരിച്ചുവരുന്നു. യുപി ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന കമ്പനി ഔദ്യോഗികമായി അവരുടെ രണ്ടാം വരവ് കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. ജർമനിയിലെ ഇ–റോക്കിറ്റ് (eROCKIT) എന്ന ഇലക്ട്രിക് വാഹന നിർമാതാക്കളുമായി സഹകരിച്ചാണ് എൽഎംഎല്ലിന്റെ പുതിയ മൂന്ന് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ വിപണിയിലേക്ക് എത്തുന്നത്.
ഒരു ഇലക്ട്രിക് ഹൈപ്പർ ബൈക്ക്, ഒരു ഇ–ബൈക്ക്, ഇ–സ്കൂട്ടർ എന്നിവയാണ് ഇന്ത്യൻ വിപണി പ്രവേശത്തിന് എൽഎംഎൽ കരുതി വച്ചിരിക്കുന്നത്. കമ്പനിയുടെ പുതിയ ലോഗോയും മൂന്നു വാഹനങ്ങളും ഈ വർഷം സെപ്റ്റംബറിൽ പുറത്തിറക്കും. തൊട്ടുപിന്നാലെ തന്നെ നിർമാണം ആരംഭിക്കും. ഇവയുടെ വിൽപന 2023 ഫെബ്രവരിയോടെ ആരംംഭിക്കും.
നിലവിൽ വിപണിയിലുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങളെക്കാൾ ഫീച്ചറുകൾ ചേർത്താണ് വാഹനം വിപണിയിലെത്തിക്കുന്നത്. ഇതിനായി പേറ്റന്റിങ് നടപടികളും കമ്പനി ആരംഭിച്ചിട്ടുണ്ട്. സാങ്കേതികത ഇ–റോക്കിറ്റ് കമ്പനിക്കും. വാഹനത്തിന്റെ ഡിസൈൻ ഇറ്റാലിയൻ പങ്കാളികളായ എസ്പിഎം എൻജിനീയറിങ്ങിനുമാണ് നൽകിയിരിക്കുന്നത്. 1972ൽ യുപിയിലെ കാൻപുരിനു സമീപം ആരംഭിച്ച എൽഎംഎൽ 1984 മുതലാണ് ഇറ്റാലിയൻ സ്കൂട്ടർ നിർമാതാക്കളായ പിയാജിയോയുമായി സഹകരിച്ച് വെസ്പ ഉൾപ്പെടെയുള്ള സ്കൂട്ടറുകൾ നിരത്തിലിറക്കി. 1999ൽ ഈ കരാർ അവസാനിച്ചു.
പിന്നീട് സൗത്ത് കൊറിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ഡെയ്‌ലിം മോട്ടർ കമ്പനിയുമായി സഹകരിച്ച് മോട്ടർസൈക്കിളുകൾ വിപണിയിലെത്തിച്ചെങ്കിലും പൂർണ വിജയമായില്ല. 2017ൽ കമ്പനി സ്വയം പാപ്പരായി പ്രഖ്യാപിച്ച് പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു.
English Summary: LML Electric inks LOI with Germany's eROCKIT to form JV