ADVERTISEMENT

പശ്ചിമ ബംഗാള്‍ സര്‍ക്കാറിന് 218 വിങ്ങര്‍ വെറ്ററിനറി വാനുകള്‍ കൈമാറി ടാറ്റ മോട്ടോഴ്‌സ്. പശ്ചിമ ബംഗാള്‍ മൃഗ സംരക്ഷണ വകുപ്പിന് വേണ്ടി പ്രത്യേകം തയാറാക്കിയ വെറ്ററിനറി വാനുകളാണ് ടാറ്റ മോട്ടോഴ്‌സ് നിര്‍മിച്ചു നല്‍കിയത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും മൃഗ സംരക്ഷണ മന്ത്രി സ്വപന്‍ ദേബ്‌നാഥും ചേര്‍ന്നാണ് വെറ്ററിനറി വാനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്.

മൃഗ സംരക്ഷണ വകുപ്പിന്റെ കന്നുകാലി പരിപാലനത്തിനും കൂടുതല്‍ മെച്ചപ്പെട്ട കന്നുകാലികളെ ഉത്പാദിപ്പിക്കുന്നതിനും ആവശ്യമായ നടപടികള്‍ക്കുവേണ്ടിയാണ് ടാറ്റ വിങ്ങര്‍ വാനുകള്‍ ഉപയോഗിക്കുക. പശ്ചിമ ബംഗാള്‍ മൃഗ സംരക്ഷണ വകുപ്പ് തങ്ങളുടെ ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് വാഹന നിര്‍മ്മാതാക്കളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചിരുന്നു. സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഏറ്റവും കുറഞ്ഞ നിരക്കില്‍ വാഹനം നിര്‍മിച്ചു നല്‍കിയാണ് ടാറ്റ മോട്ടോഴ്‌സ് കരാര്‍ സ്വന്തമാക്കിയത്.

വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന പ്ലാറ്റ്‌ഫോമാണ് വിങ്ങറിന്റേത്. നേരത്തെ കോവിഡിന്റെ സമയത്ത് വ്യാപകമായി വിങ്ങര്‍ വാനുകള്‍ ജീവന്‍ രക്ഷാ ആംബുലന്‍സുകളായി ഉപയോഗിച്ചിരുന്നു. മൂന്ന് വ്യത്യസ്ത വീല്‍ ബേസുകളിലും രണ്ട് ഉയരങ്ങളിലും നാല് വ്യത്യസ്ത കെയ്‌സുകളിലും ടാറ്റ വിങ്ങര്‍ ലഭ്യമാണ്. എയര്‍ കണ്ടീഷനര്‍ ഉള്ളതും ഇല്ലാത്തതുമായ മോഡലുകളുണ്ട്. ഒമ്പത് പേര്‍ മുതല്‍ 20 പേരെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളവയാണ് വിങ്ങര്‍ വാനുകള്‍.

2.2 ലീറ്റര്‍ ഡീസല്‍ എൻജിനാണ് വിങ്ങറിലുള്ളത്. ഇന്ധന ക്ഷമത വര്‍ധിപ്പിക്കുന്നതിന് ECO സ്വിച്ചും ഗിയര്‍ സ്വിഫ്റ്റ് അഡ്‌വൈസറും സഹായിക്കും. ഇന്‍ഡിപെന്‍ഡന്റ് ഫ്രണ്ട് സസ്‌പെന്‍ഷന്‍, ആന്റി റോള്‍ ബാര്‍സ്, ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബേഴ്‌സ്, സെമി ഹൈഡ്രോളിക് ആക്‌ച്വേറ്റഡ് ഡ്രൈ ക്ലച്ച് എന്നിവയും ഫ്രണ്ട് വീല്‍ ഡ്രൈവായ ഈ വാനിലുണ്ട്. 5 സ്പീഡ് ട്രാന്‍സ്മിഷനാണ് വാഹനത്തിലുള്ളത്. 2007 മുതല്‍ വിങ്ങര്‍ വാനുകള്‍ ടാറ്റ മോട്ടോഴ്‌സ് വിപണിയിലെത്തിക്കുന്നുണ്ട്.

പശ്ചിമ ബംഗാള്‍ സര്‍ക്കാരിനായി 218 വിങ്ങര്‍ വെറ്ററിനറി വാനുകള്‍ വിതരണം ചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സ് എസ്.സി.വി പി.യു ആന്‍ഡ് വാന്‍സ് പ്രൊഡക്ട് ലൈന്‍ വൈസ് പ്രസിഡന്റ് വിനയ് പഥക് പറഞ്ഞു. പശ്ചിമ ബംഗാളിലെ മൃഗ ക്ഷേമവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും സേവനം എല്ലായിടത്തും എത്തിക്കുന്നതിനും വിങ്ങര്‍ വാനുകള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary: Tata Motors delivers 218 Winger veterinary vans to the Government of West Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com