കള്ളിനനും ബെന്റെയ്ഗയ്ക്കും വെല്ലുവിളി; ആഡംബര എസ്‌യുവി യുദ്ധത്തിൽ ടൊയോട്ട സെഞ്ചുറിയും

Mail This Article
ആഡംബര എസ്‌യുവി സെഞ്ചുറി ഈവര്‍ഷം അവസാനം പുറത്തിറക്കുമെന്ന് ടൊയോട്ട. സെഞ്ചുറി സെഡാനൊപ്പമായിരിക്കും ടൊയോട്ട സെഞ്ചുറി എസ്‌യുവിയും വിപണിയിലെത്തിക്കുക. പുതിയ വെല്‍ഫയര്‍ എംപിവി പുറത്തിറക്കിയ ചടങ്ങിനിടെയായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്. ടൊയോട്ട ബോര്‍ഡ് അംഗം സൈമണ്‍ ഹംഫെയറാണ് സെഞ്ചുറി എസ്‌യുവി ഈ വര്‍ഷം പുറത്തിറങ്ങുമെന്ന സൂചന നല്‍കിയത്.
ഒറ്റ നോട്ടത്തില്‍ റോള്‍സ് റോയ്‌സ് കള്ളിനോടും ബെന്റ്‌ലി ബെന്റെയ്ഗയോടുമൊക്കെയാണ് ടൊയോട്ട സെഞ്ചുറി എസ്‌യുവിക്ക് സാമ്യം. എന്നാല്‍ സെഞ്ചുറിക്ക് വില കുറവുമായിരിക്കും. കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ആഡംബരവാഹമായിട്ടാണ് ടൊയോട്ട സെഞ്ചുറിയെ അവതരിപ്പിക്കുന്നത്. ജാപ്പനീസ് കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് സെഞ്ചുറി എസ്‌യുവി.
കാറുകളുടെ ഭാവിയെ പോലും മാറ്റി മറിക്കുന്ന ചുവടുവയ്പ്പെന്നാണ് സെഞ്ചുറിയുടെ വരവിനെ ടൊയോട്ട വിശേഷിപ്പിക്കുന്നത്. മിനി വാനുകള്‍ അവതരിപ്പിക്കുന്ന 14 മിനിറ്റിലേറെ നീണ്ട വിഡിയോ ടൊയോട്ടയുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്. വിഡിയോക്കിടെ ഒരുഘട്ടത്തില്‍ സെഞ്ചുറി എസ്‌യുവിയുടെ ഒരു ചിത്രവും പശ്ചാത്തലത്തില്‍ വന്നു പോകുന്നുണ്ട്.
1967 മുതല്‍ ജപ്പാന്‍ വിപണിയിലുള്ള വാഹനമാണ് ടൊയോട്ട സെഞ്ചുറി. എന്നാല്‍ പുതിയ സെഞ്ചുറി എസ്‌യുവി ജപ്പാനില്‍ മാത്രമല്ല വിദേശത്തും വില്‍ക്കാന്‍ ടൊയോട്ടക്ക് പദ്ധതിയുണ്ട്. ജാപ്പനീസ് റോൾസ് റോയ്‌സ് കള്ളിനന്‍ എന്ന വിളിപ്പേരും സെഞ്ചുറി എസ്‌യുവിക്കുണ്ട്. ഗ്രാന്‍ഡ് ഹൈലാന്‍ഡര്‍ എസ്‌യുവിയുടെ പ്ലാറ്റ്‌ഫോമിലായിരിക്കും ടൊയോട്ട സെഞ്ചുറി പുറത്തിറങ്ങുകയെന്നാണ് കരുതപ്പെടുന്നത്. ഏതാണ്ട് 5.2 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമുള്ള വലിയ കാറായിരിക്കും ടൊയോട്ട സെഞ്ചുറി.
വി12 എൻജിനായിരിക്കും സെഞ്ചുറി എസ്‌യുവിക്ക് ടൊയോട്ട നല്‍കുകയെന്നാണ് കരുതപ്പെടുന്നത്. കൂടുതല്‍ കാര്യക്ഷമതയുള്ള പെട്രോള്‍ ഹൈബ്രിഡ് വെര്‍ഷനും ഉണ്ടാവും. അഞ്ചു പേര്‍ക്ക് സഞ്ചരിക്കാവുന്ന വിശാലമായ സൗകര്യമുള്ള ഉള്‍ഭാഗമാണ് സെഞ്ചുറിക്കുള്ളത്. ടച്ച് സ്‌ക്രീന്‍ ഡിജിറ്റല്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനവും ലെവല്‍ 2 അഡാസ് സുരക്ഷയും സെഞ്ചുറിയില്‍ പ്രതീക്ഷിക്കാം.
English Summary: Toyota Century SUV Teased As a Budget Rolls-Royce Cullinan