‘മാമന്നന് ചിറകുകൾ നൽകിയ മാരി സെൽവരാജിന് നന്ദി’; മിനി കൺട്രിമാൻ നൽകി ഉദയനിധി സ്റ്റാലിൻ
Mail This Article
മാമന്നന്റെ വൻ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംവിധായകൻ മാരിസെൽവരാജിന് മിനി കണ്ട്രിമാൻ സമ്മാനമായി നൽകി നടനും നിർമാതാവുമായ ഉദയനിധി സ്റ്റാലിൻ. എക്സ്ഷോറൂം വില ഏകദേശം 48.10 ലക്ഷം രൂപ വരുന്ന കൺട്രിമാനാണ് സമ്മാനമായി നൽകിയത്. രണ്ടു ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 178 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട്. നൂറ് കിലോമീറ്റർ വേഗം കടക്കാൻ 7.5 സെക്കൻഡ് മാത്രം മതി കരുത്തന്.
സൂപ്പർ ഹിറ്റായി മുന്നേറുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിൻ, വടിവേലു, ഫഹദ് ഫാസിൽ ,കീർത്തി സുരേഷ്, തുടങ്ങിയവരാണ് അഭിനയിക്കുന്നത്. എ ആർ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. റെഡ് ജയന്റ് മൂവീസാണ് ചിത്രത്തിന്റെ നിർമ്മാണം. തേനി ഈശ്വർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രം ജൂൺ 29 ന് ബക്രീദ് ദിനത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്തു.
തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം ആദ്യ ദിനത്തിൽ 9 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് മാമന്നന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകന് ഉദയനിധി മിനി കൂപ്പർ കാർ സമ്മാനമായി നൽകിയിരിക്കുകയാണ്. ചിത്രം വൻ വാണിജ്യ വിജയം നേടിയതിന്റെ സന്തോഷത്തിൽ സംവിധായകൻ മാരിസെൽവരാജിന് മിനി കൂപ്പർ കാർ സമ്മാനിക്കാൻ സാധിച്ചതിൽ റെഡ് ജയന്റ് സന്തോഷം രേഖപ്പെടുത്തി. 'മാമന്നന്' ലോകം ചുറ്റാൻ ചിറകുകൾ നൽകിയ എന്റെ മാരി സെൽവരാജിന് നന്ദി എന്നാണ് ഉദയനിധി സ്റ്റാലിൻ പറഞ്ഞത്.
English Summary: Undhayanidhi Stalin Gifted Mini Countryman To Mamannan Director Mari Selvaraj