വില 2.55 കോടി, 490 കി.മീ റേഞ്ച്; ലോട്ടസ് ഇക്‌ട്രെ വിപണിയിൽ

Mail This Article
വേഗം കൊണ്ടും സൗകര്യങ്ങള്‍ കൊണ്ടും അമ്പരപ്പിക്കുന്ന ലോട്ടസ് ഇന്ത്യന്‍ വാഹന വിപണിയിലേക്ക് ഔദ്യോഗികമായി എത്തി. മൂന്നു വകഭേദങ്ങളിലായി ഇറങ്ങിയ ലോട്ടസ് ഇക്‌ട്രെയുടെ വില 2.55 കോടി രൂപയിലാണ് ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗമുള്ള ഡ്യുവല്‍ മോട്ടോര്‍ വൈദ്യുത കാറായ ലോട്ടസ് ഇക്‌ട്രെ മണിക്കൂറില്‍ 265 കിലോമീറ്റര്‍ വേഗത്തിൽ വരെ പറപറക്കും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ വെറും 2.95 സെക്കന്‍ഡ് മതി.
ലോട്ടസ് ഇക്‌ട്രെ ആര്‍ എന്ന ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ 905 എച്ച്പി കരുത്തുള്ള ഡ്യുവല്‍ ഇലക്ട്രിക് മോട്ടോര്‍ നല്‍കിയിരിക്കുന്നു. പരമാവധി ടോര്‍ക്ക് 985 എൻഎം. 112kWh ബാറ്ററി പാക്ക് ഒറ്റ ചാര്‍ജില്‍ 490 കിലോമീറ്റര്‍ റേഞ്ച് നല്‍കും. ഇന്ത്യയിലെ വില 2.99 കോടി രൂപ. തൊട്ടു താഴെയുള്ള ലോട്ടസ് ഇക്‌ട്രെ എസിന് 2.75 കോടി രൂപയാണ് വില. 112kWh ബാറ്ററി തന്നെയാണ് ഈ കാറിലുമുള്ളത്. എന്നാല്‍ 603 ബിഎച്ച്പി കരുത്തും പരമാവധി 710 എൻഎം ടോര്‍ക്കും പുറത്തെടുക്കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് ഇതിലുള്ളത്. റേഞ്ച് 600 കിലോമീറ്റര്‍.
കൂട്ടത്തിലെ അടിസ്ഥാന വകഭേദമായ ലോട്ടസ് ഇക്‌ട്രെ എസില്‍ സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ്. ഇതിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ 4.5 സെക്കന്‍ഡു വേണം. എല്ലാ വകഭേദങ്ങളും റാപിഡ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 20 മിനിറ്റുകൊണ്ട് 10% മുതല്‍ 80%വരെ ചാര്‍ജ് ചെയ്യാനാവും.
ലോട്ടസ് ഹൈപ്പര്‍ ഒഎസ് എന്ന സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമാണ് ലോട്ടസ് തങ്ങളുടെ വാഹനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗെയിമിങ് രംഗത്തു നിന്നുള്ള അണ്‍റിയല്‍ എന്‍ജിന്‍ സാങ്കേതികവിദ്യയും ലോട്ടസ് ഉപയോഗിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ ഇഷ്ടപ്രകാരം പൂര്‍ണമായും കസ്റ്റമൈസ് ചെയ്യാവുന്ന ഡിസ്‌പ്ലേയാണ് ലോട്ടസ് കാറുകളിലുള്ളത്. വണ്‍ ബില്യണ്‍ കളര്‍ ഒഎല്‍ഇഡി ടച്ച്‌സ്‌ക്രീന്‍ അതിമനോഹരമായ ഗ്രാഫിക്‌സ് ഉറപ്പു നല്‍കുന്നു. ഡോള്‍ബി അറ്റ്‌മോസ് സാങ്കേതികവിദ്യയും കെഇഎഫ് സ്പീക്കറുകളുമുള്ള ലോകത്തെ ആദ്യത്തെ കാറുകളെന്നാണ് ലോട്ടസ് സ്വയം വിശേഷിപ്പിക്കുന്നത്.
അഞ്ച് ഡ്രൈവിങ് മോഡുകള്‍, ആക്ടീവ് എയര്‍ സസ്‌പെന്‍ഷന്‍, ടോര്‍ക് വെക്ടറിങ്, മെട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റ്, 22 ഇഞ്ച് ചക്രങ്ങള്‍, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിങ്, 12 രീതിയില്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ മുന്‍സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ നീളുന്ന ഈ ആഡംബര കാറുകളിലെ സൗകര്യങ്ങള്‍. 5 സീറ്റാണ് സ്റ്റാന്‍ഡേഡെങ്കിലും 4 സീറ്റ് വകഭേദവും ലഭ്യമാണ്. അതുപോലെ 22 ഇഞ്ച് ചക്രങ്ങളാണ് സ്റ്റാന്‍ഡേഡായി നല്‍കുന്നതെങ്കിലും 20 ഇഞ്ച്, 23 ഇഞ്ച് ഓപ്ഷനുകളും ലഭ്യമാണ്. ചുവപ്പ്, പച്ച, കറുപ്പ്, കെയ്മു ഗ്രേ, ബ്ലോസം ഗ്രേ, മഞ്ഞ എന്നിങ്ങനെ ആറു നിറങ്ങളിലൊന്ന് തിരഞ്ഞെടുക്കാം.
ആക്ടീവ് റിയര്‍ സ്‌പോയിലര്‍, നിയന്ത്രിക്കാവുന്ന ആംബിയന്റ് ലൈറ്റിങ്, ഇല്യൂമിനേറ്റഡ് സൈഡ് സില്‍സ്, സോഫ്റ്റ് ക്ലോസ് ഡോര്‍, ഓട്ടോ ഡിമ്മിങ് സൈഡ് മിറര്‍, എയര്‍ ക്വാളിറ്റി സിസ്റ്റം, 2,160 വാട്ട് 23 സ്പീക്കര്‍ KEF ഓഡിയോ യൂനിറ്റ് എന്നിങ്ങനെ ഉയര്‍ന്ന വകഭേദത്തില്‍ കൂടുതല്‍ സൗകര്യങ്ങളുണ്ട്. ലോട്ടസ് ഡൈനാമിക് ഹാന്‍ഡ്‌ലിങ് പാക്, സെറാമിക് ബ്രേക്ക് പാക്ക്, എക്‌സിക്യൂട്ടീവ് സീറ്റ് പാക്ക്, കംഫര്‍ട്ട് സീറ്റ് പാക്ക്, കാര്‍ബണ്‍ ഫൈബര്‍ പാക്ക്, എക്‌സ്റ്റെന്‍ഡഡ് കാര്‍ബണ്‍ ഫൈബര്‍ പാക്ക്, ഇന്‍രീരിയര്‍ കാര്‍ബണ്‍ ഫൈബര്‍ പാക്ക് എന്നിങ്ങനെ പേഴ്‌സണലൈസ് ഓപ്ഷന്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ നിരവധി കസ്റ്റമൈസേഷനുള്ള സൗകര്യങ്ങളുമുണ്ട്.