കുറഞ്ഞ വില, കൂടിയ റേഞ്ച്; ഓലയെ തോൽപിക്കുമോ ഈ സ്കൂട്ടർ
Mail This Article
ബെംഗളൂരു ആസ്ഥാനമായുള്ള സിംപിള്‍ എനര്‍ജിയുടെ പുതിയ സ്കൂട്ടറിന്റെ പ്രാരംഭവില എക്സ്ഷോറൂം വില 99,999 രൂപ. ബെംഗളൂരുവിൽ നിന്ന് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ഈ വിലയ്ക്ക് വാഹനം ലഭിക്കുക. ബാക്കിയുള്ള സ്ഥലങ്ങളിലേക്കുള്ള വില ജനുവരി ആദ്യം പ്രഖ്യാപിക്കും. ഒറ്റ ചാർജിൽ 151 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന ഡോട്ട് വൺ വിഭാഗത്തിലെ ഏറ്റവും റേഞ്ചുള്ള സ്കൂട്ടറുകളിലൊന്നാണ്. ഒല എസ്1 എക്‌സാണ് വിപണിയിലെ ഡോട്ട് വണ്ണിന് എതിരെയുള്ളത്.
3.7kWh കപ്പാസിറ്റിയുള്ള ബാറ്ററിയാണ് ഡോട്ട് വണ്ണിൽ. സ്‌കൂട്ടറിന് പരമാവധി റേഞ്ച് നല്‍കാന്‍ സഹായിക്കും വിധമാണ് ടയറുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 8.5 kW കരുത്തുള്ള മോട്ടറാണ് സ്കൂട്ടറിൽ. 72 എൻഎം ടോർക്കുമുണ്ട്. ഉയർന്ന വേഗം 105 കിലോമീറ്റർ. നോർമൽ ഹോം ചാർജിങ്ങിൽ എൺപത് ശതമാനം വരെ ചാർജ് ചെയ്യാൻ 3.47 മണിക്കൂർ മാത്രം മതി ഡോട്ട് വണ്ണിന്. ഫാസ്റ്റ് ചാർജ് ഉപയോഗിച്ചാൽ ഒരു മിനിറ്റില്‍ 1.5 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജു ചെയ്യാം.
ഇക്കോ, റൈഡ്, ഡാഷ്, സോണിക് മോഡുകളുണ്ട് സ്കൂട്ടറിന്. ഐപി67 പ്രൊട്ടക്ഷൻ നിലവാരമുള്ള ബാറ്ററിയും കൺട്രോളുമാണ്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ടിഎഫ്ടിക്കൊപ്പം 4ജി, ബ്ലൂടൂത്ത് കണക്ടിവിറ്റിയുമുണ്ട്. 35 ലീറ്ററാണ് സ്‌റ്റോറേജ്, പാർക്ക് അസിസ്റ്റ്, ഓവർ ദ എയർ അപ്ഡേഷൻ, ഓൺബോർഡ് മാപ്പ് ആൻഡ് നാവിഗേഷൻ, കണക്റ്റഡ് മൊബൈൽ ആപ്പ് തുടങ്ങിയ സാങ്കേതിക വിദ്യകളുമുണ്ട്. വാഹനത്തിനും മോട്ടറിനും ബാറ്ററിക്കും 3 വർഷം അല്ലെങ്കിൽ 30000 കിലോമീറ്റർ വാറന്റി, ചാർജറിന് ഒരു വർഷം അല്ലെങ്കിൽ 10000 കിലോമീറ്റർ വാറന്റിയും സിംപിള്‍ നൽകുന്നുണ്ട്.