റേഞ്ച് 403 കി.മീ വരെ; ടിയാഗോ ഇവിക്ക് വെല്ലുവിളി ഉയർത്താൻ ചൈനീസ് ചെറുകാർ

Mail This Article
ചൈനീസ് വൈദ്യുത വാഹന നിര്‍മാതാക്കളായ ലീപ്മോട്ടോര്‍ ഇന്ത്യയിലേക്ക്. സ്റ്റെല്ലാന്റിസുമായി ചേര്‍ന്നായിരിക്കും ലീപ് മോട്ടോര്‍ ഇന്ത്യയിലെത്തുകയെന്നാണ് സൂചന. ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന കാര്യം വൈകാതെ ലീപ്മോട്ടോര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. വൈദ്യുത കാറുകളില്‍ തന്നെ ജനപ്രിയ ചെറുകാര്‍ വിഭാഗത്തിലായിരിക്കും ലീപ്മോട്ടോര്‍ ആദ്യ കാര്‍ അവതരിപ്പിക്കുക.
ടാറ്റ മോട്ടോഴ്സിന്റെ ടിയാഗോ ഇവിയുടെ എതിരാളിയാവാന്‍ പോന്ന ചെറുകാറുമായിട്ടായിരിക്കും ഇന്ത്യന്‍ വിപണിയിലേക്കുള്ള ചൈനീസ് കമ്പനിയുടെ വരവ്. ടി 03 എന്നു പേരിട്ടിരിക്കുന്ന ഹാച്ച്ബാക്കാണ് ലീപ്മോട്ടോര്‍ ഇന്ത്യയില്‍ അരങ്ങേറ്റത്തിനായി കരുതി വച്ചിരിക്കുന്നത്. 36.5 കിലോവാട്ട് ബാറ്ററിയുള്ള ഈ വാഹനത്തിന് 403 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. കൂടുതല്‍ വലിയ 5 സീറ്റര്‍ വാഹനമായ സി 10ഉം ലീപ്പ്മോട്ടോര്‍ ഇന്ത്യയിലെത്തിക്കും. ബിവൈഡിയുടെ അട്ടോ3, എംജി മോട്ടോഴ്സിന്റെ സിഎസ് ഇവി, ക്രേറ്റ ഇവി, മാരുതി ഇവിഎക്സ് എന്നിവയായിരിക്കും സി 10ന്റെ പ്രധാന എതിരാളികള്‍.

ഈ വര്‍ഷം ലീപ്മോട്ടോര്‍ ഇന്ത്യന്‍ വിപണിയിലെ സാധ്യതകളെക്കുറിച്ച് ഒരു പഠനം നടത്തിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങളുടെ തുടര്‍ച്ചയായി ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും. ഈ വര്‍ഷം അവസാനം ലീപ്മോട്ടോര്‍ ഇന്ത്യയിലെത്തുമെന്നാണ് സൂചനകള്‍. യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ച സി 10, ടി 03 എന്നിവയുടെ ഇന്ത്യന്‍ വകഭേദങ്ങളാവും ഇവിടെയെത്തുക. ചെറുകാര്‍ വിഭാഗത്തില്‍ എ മുതല്‍ സി സെഗ്മെന്റ് വരെയും എംപിവി, എസ് യു വി, ഹാച്ച് ബാക്ക് എന്നിവയിലും ഭാവിയില്‍ ഇന്ത്യയില്‍ ലീപ് മോട്ടോര്‍ കാറുകള്‍ കൊണ്ടുവന്നേക്കാം.
2023 സെപ്തംബറില്‍ സ്റ്റെല്ലാന്റിസിന് 20 ശതമാനം ഓഹരി 1.5 ബില്യണ്‍ യൂറോക്ക് ലീപ്മോട്ടോര്‍ വിറ്റിരുന്നു. 51:49 ശതമാനം ഓഹരിപങ്കാളിത്തത്തില്‍ സ്റ്റെല്ലാന്റിസുമായി ചേര്‍ന്ന് രാജ്യാന്തര വിപണിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ലീപ്മോട്ടോറിന്റെ പദ്ധതി. സ്റ്റെല്ലാന്റിസിന്റെ ഇന്ത്യയിലെ ഡീലര്‍മാര്‍ വഴിയാവും ലീപ്മോട്ടോര്‍ വാഹനങ്ങള്‍ വിപണിയിലെത്തുക. ജീപ്, സിട്രോണ്‍ മോഡലുകല് വില്‍ക്കുന്ന സ്റ്റെല്ലാന്റിസ് ഷോറൂമിലേക്ക് പുതിയൊരു ബ്രാന്‍ഡ് കൂടി എത്തുന്നത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് സ്റ്റെല്ലാന്റിസും കണക്കുകൂട്ടുന്നു.

തുടക്കത്തിലെങ്കിലും പൂര്‍ണമായും നിര്‍മിച്ച ശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് പദ്ധതി. സ്റ്റെല്ലാന്റിസുമായുള്ള സഹകരണം അന്താരാഷ്ട്ര വിപണിയിലെ പല വിപണികളിലേക്കും എളുപ്പം കാറുകളെ എത്തിക്കാന്‍ സഹായിക്കുമെന്നാണ് ലീപ്മോട്ടോറിന്റെ പ്രതീക്ഷ. ഭാവിയില്‍ ലീപ്മോട്ടോര്‍ ഇന്ത്യയില്‍ നിര്‍മാണ ഫാക്ടറികള്‍ ആരംഭിക്കാനും ഡീലര്‍ നെറ്റ്വര്‍ക്ക് തുടങ്ങാനും സാധ്യതയുണ്ട്.
ഈ വര്‍ഷം മൂന്നുലക്ഷം കാറുകള്‍ ചൈനയില്‍ വിറ്റഴിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ലീപ്മോട്ടോര്‍ അന്താരാഷ്ട്ര വിപണിയില്‍ 2023ല്‍ 10,000 കാറുകളാണ് വിറ്റത്. ഇത് 2025ല്‍ ഒരു ലക്ഷമാക്കി ഉയര്‍ത്താനാണ് പദ്ധതി. ഇന്ത്യന്‍ വൈദ്യുത കാര്‍ വിപണിയിലെ വലിയ സാധ്യതകളാണ് ലീപ്മോട്ടോറിനെ ആകര്‍ഷിക്കുന്നത്. പുതിയ വൈദ്യുത വാഹന നയത്തിന്റെ ഭാഗമായി ചരക്കു സേവന നികുതി അഞ്ചു ശതമാനമാക്കി കുറച്ചതും കൂടുതല്‍ വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.