ഗൊറില 450, ഏറ്റവും പുതിയ എൻഫീൽഡ്; ജൂലൈ 17ന് ആദ്യ പ്രദർശനം
Mail This Article
ഏറ്റവും പുതിയ മോട്ടോര്‍ സൈക്കിളായ ഗൊറില 450 പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് റോയല്‍ എന്‍ഫീല്‍ഡ്. സ്പെയിനിലെ ബാഴ്സലോണയില്‍ ജൂലൈ 17നായിരിക്കും ഗൊറിലയെ ഔദ്യോഗികമായി പുറത്തിറക്കുക. മുന്‍ റേസിങ് താരവും ഐസില്‍ ഓഫ് മാന്‍ ടിടി സൂപ്പര്‍ സ്റ്റാറുമായ ഗേ മാര്ട്ടിന് ഗൊറില 450 ഓടിക്കുന്നതിന്റെ ഏതാനും സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി ഗൊറില 450യെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടില്ലെങ്കിലും നിര്‍ണായകമായ പല വിവരങ്ങളും ചോര്‍ന്നു വന്ന ഈ ദൃശ്യങ്ങള്‍ നല്‍കുന്നുണ്ട്.
ഗറില 450യുടെ പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായി സ്പെയിനില്‍ വച്ചു ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായതെന്നാണ് കരുതപ്പെടുന്നത്. ഗറില 450യുടെ രണ്ടു മോഡലുകള്‍ ഈ ദൃശ്യങ്ങളിലുണ്ട്. ഒരെണ്ണം ചുവപ്പ്, സ്വര്‍ണ നിറങ്ങളിലും രണ്ടാമത്തേത് മറ്റേ ഗ്രേ നിറത്തിലുമാണ്. ഡ്യുവല്‍ ടോണ്‍ ഗറില 450 ആയിരിക്കും ഉയര്‍ന്ന വകഭേദം. ഒറ്റ നിറത്തില്‍ വരുന്ന രണ്ടാമത്തെ മോഡല്‍ മിഡ് സ്പെകോ, അടിസ്ഥാന വകഭേദമോ ആയിരിക്കും.
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450യുടെ ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് ഗറില 450യിലും ഉപയോഗിച്ചിരിക്കുന്നത്. ഈ വകഭേദത്തില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റി, കാള്‍ ആന്റ് ടെക്സ്റ്റ് അലര്‍ട്ട്, മ്യൂസിക് പ്ലേ ബാക്ക്, ഇന്‍ ബില്‍റ്റ് നാവിഗേഷന്‍, റൈഡ് ബൈ വൈഡ്, മള്‍ട്ടിപ്പിള്‍ റൈഡ് മോഡുകള്‍, യുഎസ്ബി ചാര്‍ജിങ് പോട്ട് എന്നിങ്ങനെയുള്ള ഫീച്ചറുകളും പ്രതീക്ഷിക്കാം.
സിംഗിള്‍ ടോണ്‍ വകഭേദത്തില്‍ സര്‍ക്കുലാര്‍ സെമി ഡിജിറ്റ് ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് ഉള്ളത്. സൂപ്പര്‍ മെറ്റിയോര്‍ 650, മെറ്റിയോര്‍ 350, ഹണ്ടര്‍ 350 എന്നീ മോഡലുകളില്‍ ഉപയോഗിക്കുന്ന കണ്‍സോളാണിത്. ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ സൗകര്യമുള്ള ട്രിപ്പര്‍ നാവിഗേഷന്‍ പോഡ് ഈ വകഭേദത്തിലുണ്ടാവും. അതേസമയം ഇത് ഓപ്ഷണലായ ആഡ് ഓണ്‍ സൗകര്യമാണോ എന്ന് വ്യക്തമല്ല. യുഎസ്ബി ചാര്‍ജര്‍ ഒഴികെയുള്ള ഫീച്ചറുകള്‍ സാധാരണ കുറഞ്ഞ വകഭേദങ്ങളില്‍ കണ്ടു വരാറില്ല. അതേസമയം റൗണ്ട് എല്‍ഇഡി ഹെഡ്ലൈറ്റ്, എല്‍ഇഡി വിങ്കേഴ്സ് എന്നിവയെല്ലാം എല്ലാ വകഭേദങ്ങളിലും പൊതുവായി കണ്ടുവരാറുമുണ്ട്.
നേരത്തെ പുറത്തു വന്ന ചിത്രങ്ങളില്‍ നിന്നു തന്നെ ഗറില 450യുടെ രണ്ടു ചക്രങ്ങളും 17 ഇഞ്ചിന്റെയാണെന്ന് തെളിഞ്ഞിരുന്നു. ടീസര്‍ ഇമേജുകളില്‍ നിന്നും ഗറില്ലയില്‍ ടെലസ്കോപിക് ഫോര്‍ക്ക് സൗകര്യം മുന്നിലും പ്രീ ലോഡ് അഡ്ജസ്റ്റബിള് മോണോഷോക് പിന്നിലുമുണ്ടെന്ന് ഉറപ്പിക്കാം. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളുമുണ്ട്.
ഹിമാലയന്‍ 450യിലേതു പോലെ 452 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് ഷെര്‍പ സീരീസ് എന്‍ജിനാണ് ഗറില 450യിലും ഉപയോഗിച്ചിരിക്കുന്നത്. 8,000ആര്‍പിഎമ്മില്‍ 39ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 40എന്‍എം ടോര്‍ക്കും പുറത്തെടുക്കും ഈ എന്ജിന്. എന്നാല്‍ ഗറില 450യില്‍ ഇതേ എന്‍ജിനെങ്കിലും ട്യൂണിങിലുണ്ടാവുന്ന വ്യത്യാസം മൂലം ഔട്ട്പുട്ടിലും വ്യത്യാസം വന്നേക്കാം. 6 സ്പീഡ് ഗിയര്‍ ബോക്സില്‍ സ്ലിപ് ആന്റ് അസിസ്റ്റ് ക്ലച്ചാണ് നല്‍കിയിരിക്കുന്നത്.
ഏകദേശം 2.30 ലക്ഷം രൂപ മുതല്‍ രണ്ടര ലക്ഷംരൂപ വരെയാണ് ഗറില 450യുടെ പ്രതീക്ഷിക്കുന്ന വില. ട്രയംഫ് സ്പീഡ് 400, ഹാര്‍ലി ഡേവിഡ്സണ് എക്സ്440, ഹീറോ മാവ്റിക് 440, ബജാജ് പള്‍സര്‍ എന്‍എസ് 400Z എന്നിവയോടാണ് പ്രധാന മത്സരം.