ഥാർ റോക്സിന്റെ ബുക്കിങ് മൂല്യം 31,730 കോടി രൂപ; ഒരു മണിക്കൂറിൽ 1.76 ലക്ഷം ബുക്കിങ്
Mail This Article
ബുക്കിങ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ 1.76 ലക്ഷം ബുക്കിങുകള്‍ സ്വന്തമാക്കി മഹീന്ദ്രയുടെ പുതിയ ഥാര്‍ റോക്സ്. ഒക്ടോബര്‍ മൂന്നിന് രാവിലെ 11ന് ആരംഭിച്ച ഥാര്‍ റോക്സിന്റെ ബുക്കിങ് വിശദാംശങ്ങള്‍ മഹീന്ദ്ര ആന്റ് മഹീന്ദ്ര തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഒക്ടോബര്‍ 12 മുതല്‍ ഥാര്‍ റോക്സിന്റെ ഡെലിവറി ആരംഭിക്കും. JATOയുടെ കണക്കുകള്‍ പ്രകാരം ആദ്യ മണിക്കൂറില്‍ മഹീന്ദ്ര സ്വന്തമാക്കിയ റോക്സിന്റെ ബുക്കിങ് മൂല്യം 31,730 കോടി രൂപ വരും!
ഥാര്‍ റോക്സിന് വാഹന പ്രേമികള്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതക്ക് തെളിവായി മാറിയിരിക്കുകയാണ് ആദ്യ മണിക്കൂറിലെ ബുക്കിങിന്റെ കണക്കുകള്‍. റഫ് ലുക്കും ഓഫ്റോഡിങ് മികവും ഒത്തു ചേര്‍ന്ന കരുത്തുറ്റ വാഹനമെന്ന പേരുള്ളപ്പോഴും കുടുംബവുമൊത്തുള്ള യാത്രകള്‍ക്കും ദൈനംദിന ഉപയോഗത്തിനും യോജിച്ചതല്ലെന്ന പേരുദോഷവുമുണ്ടായിരുന്നു. ഈ കുറവ് പരിഹരിച്ചുകൊണ്ടാണ് മഹീന്ദ്ര പുതിയ ഥാര്‍ റോക്സിനെ പുറത്തിറക്കിയത്. കുടുംബ യാത്രികര്‍ കൂടി കയ്യും നീട്ടി സ്വീകരിച്ചതോടെ ബുക്കിങ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ ഥാര്‍ തകര്‍ക്കുകയും ചെയ്തു.
12.99 ലക്ഷം മുതല്‍ 22.49 ലക്ഷം രൂപ വരെ വിലയുള്ള ഥാര്‍ റോക്സില്‍ എക്സ്ക്ലുസീവ് ഡീസല്‍ എന്‍ജിനും മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. മൂന്നു ഡോര്‍ ഥാറിനെ അപേക്ഷിച്ച് അധിക വലിപ്പവും ഫീച്ചറുകളും ഥാര്‍ റോക്സിനെ സൂപ്പര്‍ഹിറ്റാവാന്‍ സഹായിച്ചു. കഴിഞ്ഞ മാസം ആദ്യത്തെ ഥാര്‍ റോക്സ്(VIN 0001) മഹീന്ദ്ര ലേലത്തില്‍ വെച്ചിരുന്നു. 1.31 കോടി രൂപക്കാണ് ഈ ഥാര്‍ റോക്സ് ലേലത്തില്‍ പോയത്. ഈ എക്സ്ക്ലുസിവ് മോഡലില്‍ 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ എംസ്റ്റാലിയണ്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണുള്ളത്. 177 പിഎസ് കരുത്തും പരമാവധി 380എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന വാഹനമാണിത്.
ഥാര്‍ റോക്സില്‍ ഡീസല്‍ എന്‍ജിനും മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. 2.2ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ എംഹോക്ക് ഡീസല്‍ എന്ജിന് 175 പിഎസ് കരുത്തും 370എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് സ്റ്റാന്‍ഡേഡായി എത്തുന്നത്. ഒപ്പം 6 സ്പീഡ് ഓട്ടമാറ്റിക്ക് ഓപ്ഷനുമുണ്ട്.
പനോരമിക് സണ്‍റൂഫ്, സിക്സ് വേ പവേഡ് ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് സീറ്റുകള്‍, ആറ് എയര്‍ബാഗ് എന്നിങ്ങനെ സുരക്ഷക്കും സുഖയാത്രക്കുമായി നിരവധി ഫീച്ചറുകള്‍ മഹീന്ദ്ര അവരുടെ ഥാര്‍ റോക്സില്‍ ഒരുക്കിയിട്ടുണ്ട്. ഹര്മന് കാര്‍ഡൊണ്‍ ഓഡിയോ സിസ്റ്റം ഒപ്പം 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും. സുരക്ഷക്കായി ആറ് എയര്‍ബാഗുകള്‍. ഒപ്പം മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകള്‍, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക് വിത്ത് ഓട്ടോഹോള്‍ഡ് എന്നിങ്ങനെയുള്ള ലെവല്‍ 2 അഡാസ് ഫീച്ചറുകളും ഥാര്‍ റോക്സിലുണ്ട്.
5 ഡോര്‍ ഗൂര്‍ഖയും മാരുതി സുസുക്കി ജിമ്നിയും ഒപ്പം എസ് യു വി വിപണിയില്‍ മികച്ച പ്രകടനം നടത്തുന്ന ഹ്യുണ്ടേയ് ക്രേറ്റയും അടക്കമുള്ള മോഡലുകളുമായാണ് ഥാര്‍ റോക്സിന്റെ മത്സരം. മോച്ച ബ്രൗണ്‍ എന്ന പുതിയ ഇന്റീരിയര്‍ തീം 4WD വകഭേദത്തിനായി ഥാര്‍ റോക്സില്‍ അവതരിപ്പിച്ചിട്ടുണ്ട്. 4WD ഥാര്‍ റോക്സ് അടുത്ത വര്‍ഷം ജനുവരിയിലാണ് ബുക്ക് ചെയ്തവരുടെ കൈകളിലെത്തുക.
പ്രതിമാസം 6,500 ഥാര്‍ റോക്സുകള് നിര്‍മിക്കാനാണ് മഹീന്ദ്ര പദ്ധതിയിട്ടിരുന്നത്. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം ഥാര്‍ റോക്സ് വില്പനയായിരുന്നു ലക്ഷ്യം. ബുക്കിങ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ 1.76 ലക്ഷം ബുക്കിങുകള്‍ ലഭിച്ചതോടെ ഥാര്‍ റോക്സിന്റെ ഉത്പാദനത്തില്‍ മഹീന്ദ്ര വര്‍ധനവ് വരുത്താനും സാധ്യതയുണ്ട്. ഥാര്‍ 3 ഡോര്‍ പ്രതിമാസം 9,500 എണ്ണമാണ് മഹീന്ദ്ര നിര്‍മിക്കുന്നത്. മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ വഴിയും മഹീന്ദ്ര വെബ് സൈറ്റു വഴിയും ഥാര്‍ റോക്സിനായുള്ള ബുക്കിങ് തുടരാനാവുമെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്.