ഇരുപതിന്റെ ചുറുചുറുക്കിൽ യൂണികോൺ, പുത്തൻ ഫീച്ചറുകളുമായി 2025 മോഡൽ

Mail This Article
2004ലാണ് ഹോണ്ട യൂണികോണ്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇന്ത്യയിലെ ജനപ്രിയ ബൈക്കുകളുടെ കൂട്ടത്തിലുണ്ട് യൂണികോണ്‍. പുത്തന്‍ ഫീച്ചറുകളുമായി 2025 യൂണികോണ്‍ പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട. വരാനിരിക്കുന്ന ഒബിഡി2ബി (ഓൺബോർഡ് ഡയഗണോസിസ് സിസ്റ്റം) മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് പുതിയ യൂണികോണിന്റെ വരവ്. വിലയിലും മാറ്റമുണ്ട്.
മുന്നില്‍ പുതിയ എല്‍ഇഡി ഹെഡ്ലാംപും ക്രോം അലങ്കാരങ്ങളും സഹിതമാണ് ഹോണ്ട യൂണികോണിന്റെ വരവ്. മുന്നിലെ ഈ മാറ്റമൊഴികെ ബൈക്കിന്റെ സ്റ്റൈലിങില്‍ മാറ്റങ്ങളില്ല. പേള്‍ ഇഗ്നിയസ് ബ്ലാക്ക്, മാറ്റെ ആക്സിസ് ഗ്രേ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക് എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് പുതിയ യൂണികോണ്‍ എത്തുന്നത്. പഴയ യൂണികോണ്‍ പേള്‍ സൈറന്‍ ബ്ലൂ നിറം ഒഴിവാക്കി.
ഫീച്ചറുകളുടെ കാര്യത്തിലും യൂണികോണില്‍ പരിഷ്കാരങ്ങളുണ്ട്. ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് യൂണികോണിന് നല്‍കിയിരിക്കുന്നത്. ഗിയര്‍ പൊസിഷന്‍ ഇന്‍ഡികേറ്റര്‍, ഇകോ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍ എന്നിവ അടക്കമുള്ള വിവരങ്ങള്‍ പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലുണ്ട്. യുഎസ്ബി ടൈപ് സി ചാര്‍ജിങ് പോട്ടും പുത്തന്‍ യൂണികോണിലുണ്ട്.
സിംഗിള്‍ സിലിണ്ടര്‍, അപ്ഡേറ്റഡ് 162.71 സിസി എന്‍ജിനാണ് 2025 ഹോണ്ട യൂണികോണിലുള്ളത്. പുതിയ ഒബിഡി2ബി മലിനീകരണ നിയന്ത്രണങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലേക്ക് ഇതോടെ യൂണികോണ്‍ മാറും. കരുത്തിലും പെര്‍ഫോമെന്‍സും കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. 13 ബിഎച്ച്പി കരുത്തും 14.58എന്‍എം ടോര്‍കുമാണ് യൂണികോണിന്റെ പുതിയ എന്ജിന് പുറത്തെടുക്കുക. 5 സ്പീഡ് ഗിയര്‍ബോക്സ് തന്നെയാണ് പുതിയ യൂണികോണിലുമുള്ളത്.
പഴയ യൂണികോണിനേക്കാള്‍ പുതിയതില്‍ 8,180 രൂപയുടെ വര്‍ധനവും ഹോണ്ട വരുത്തിയിട്ടുണ്ട്. പുതിയ യൂണികോണിന്റെ വില 1,11,301 രൂപ. ബജാജ് പള്‍സര്‍ 150, ടിവിഎസ് അപാചെ ആര്ടിആര് 160, ഹീറോ എക്സ്ട്രീം 160ആര് എന്നിവയുമായാണ് ഹോണ്ട യൂണികോണിന്റെ പ്രധാന മത്സരം.