സിനിമ സൂപ്പർഹിറ്റ്, സംഗീത സംവിധായകന് 1.42 കോടിയുടെ ആഡംബര എസ്യുവി സമ്മാനിച്ച് സൂപ്പർതാരം

Mail This Article
ഡാകു മഹാരാജ് എന്ന ചിത്രത്തിന്റെ വിജയാഹ്ളാദം പങ്കിടാനായി നായകൻ നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യ സംഗീത സംവിധായകൻ തമനു പോർഷെ കെയ്ൻ സമ്മാനമായി നൽകി. പുതുവാഹനം തമനു സമ്മാനിക്കുന്നതിന്റെ ചിത്രങ്ങൾ ബാലകൃഷ്ണ തന്നെയാണ് സോഷ്യൽ ലോകത്തോട് പങ്കുവെച്ചത്.
വാഹനത്തിന്റെ താക്കോൽ സ്വീകരിച്ച് ബാലയ്യയിൽ നിന്നും അനുഗ്രഹം വാങ്ങുന്ന സംഗീത സംവിധായകന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ക്വാർട്സ് ഗ്രേ മെറ്റാലിക് നിറത്തിലുള്ള പോർഷെ കെയ്ൻ ആണ് തമനു ലഭിച്ചിരിക്കുന്നത്. 1.42 കോടി രൂപ മുതലാണ് ഈ വാഹനത്തിനു എക്സ് ഷോറൂം വില ആരംഭിക്കുന്നത്. 2023 ലാണ് പോർഷെ ഇന്ത്യ കെയ്‌ന്റെ ഫേസ് ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചത്.
3.0 ലീറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി 6 പെട്രോൾ എൻജിനാണ് വാഹനത്തിനു കരുത്തേകുന്നത്. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയർ ബോക്‌സാണ്. 353 എച്ച് പി പവറും 500 എൻ എം ടോർക്കും ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്. വെറും 6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കടക്കുന്ന കെയ്നിന്റെ ഉയർന്ന വേഗം 243 കിലോമീറ്ററാണ്.