ബി എസ് 6 എൻജിനോടെ സ്കൂട്ടി; വില 51,754 രൂപ
Mail This Article
മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരത്തോടെ ടി വി എസ് മോട്ടോർ കമ്പനിയുടെ ഗീയർരഹിത സ്കൂട്ടറായ ‘സ്കൂട്ടി പെപ് പ്ലസ്’ വിപണിയിലെത്തി. ഡൽഹി ഷോറൂമിൽ 51,754 രൂപയാണു പുത്തൻ ‘സ്കൂട്ടി പെപ് പ്ലസി’നു വില; ബേബലേഷ്യസ്, മാറ്റ് പതിപ്പുകളുടെ വിലയാവട്ടെ 52,954 രൂപയാണ്. ബി എസ് നാല് നിലവാരമുള്ള മോഡലിനെ അപേക്ഷിച്ച് 6,400 — 6,700 രൂപ അധികമാണു പുതിയ എൻജിനുള്ള ‘സ്കൂട്ടി പെപ് പ്ലസി’ന്റെ വില.
പുതിയ ‘സ്കൂട്ടി’യുടെ സാങ്കേതിക വിവരണം ടി വി എസ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. എങ്കിലും കാർബുറേറ്ററിനു പകരം ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനത്തോടെ നിലവിലുള്ള 87.8 സി സി, സിംഗിൾ സിലിണ്ടർ എൻജിൻ തന്നെയാവും ‘സ്കൂട്ടി പെപ് പ്ലസി’നു കരുത്തേകുകയെന്നാണു സൂചന. ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനം വരുന്നതോടെ എൻജിൻ സൃഷ്ടിക്കുന്ന കരുത്തിലും ടോർക്കിലും നേരിയ ഇടിവിനും സാധ്യതയുണ്ട്. ബി എസ് നാല് നിലവാരത്തിൽ 6,500 ആർ പി എമ്മിൽ അഞ്ചു ബി എച്ച് പിയോളം കരുത്തും 4,000 ആർ പി എമ്മിൽ 5.8 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിച്ചിരുന്നത്.
ഇന്ത്യൻ വിപണിയിൽ 90 സി സി ശേഷിയുള്ള എൻജിനോടെ വിൽപ്പനയ്ക്കുള്ള ഏക സ്കൂട്ടറാണ് ‘സ്കൂട്ടി പെപ്’. ഗീയർരഹിത സ്കൂട്ടർ വിഭാഗത്തിലെ എതിരാളികളെല്ലാം 110 — 125 സി സി എൻജിനോടെയാണ് എത്തുന്നത് എന്നത് ‘സ്കൂട്ടി പെപ് പ്ലസി’ന്റെ പ്രകടനക്ഷമതയ്ക്കു കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാൽ നിലവിലുള്ള എൻജിനെ ബി എസ് ആറ് നിലവാരത്തിലേക്കു ഉയർത്തിയതോടെ സമീപ ഭാവിയിലൊന്നും ‘സ്കൂട്ടി പെപ് പ്ലസി’ന്റെ എൻജിൻ ശേഷി ഉയർത്താൻ പദ്ധതിയില്ലെന്ന സൂചനയാണു ടി വി എസ് നൽകുന്നത്. മികച്ച ഇന്ധനക്ഷമതയുടെ പിൻബലത്തിൽ പ്രകടനത്തിലെ പോരായ്മ മറികടക്കാനാവുമെന്നാവും ടി വി എസിന്റെ കണക്കുകൂട്ടൽ.
എൻജിൻ ശേഷി അടിസ്ഥാനമാക്കിയാൽ ടി വി എസ് ‘സ്കൂട്ടി പെപ് പ്ലസി’നു നേരിട്ട് എതിരാളികളില്ല. വില അടിസ്ഥാനമാക്കിയാൽ 54,800 രൂപയ്ക്കു ലഭിക്കുന്ന ഹീറോ ‘പ്ലഷർ പ്ലസ് ബി എസ് ആറ്’ ആവും ടി വി എസിൽ നിന്നുള്ള ഈ ഗീയർരഹിത സ്കൂട്ടറിന്റെ പ്രധാന എതിരാളി.